Connect with us

Ongoing News

സ്വപ്‌ന സാഫല്യവുമായി പ്രവാസികള്‍ മര്‍കസ് നോളജ് സിറ്റിയില്‍ ഒത്തുചേര്‍ന്നു

Published

|

Last Updated

താമരശ്ശേരി: ലോക ചരിത്രത്തില്‍ തുല്യതയില്ലാത്ത പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച മര്‍കസിന്റെ പിന്നിട്ട വഴികളില്‍ താങ്ങും തണലുമായിവര്‍ത്തിച്ച പ്രവാസികള്‍ മലമേടുകള്‍ക്കിടയിലെ വൈജ്ഞാനിക നഗരത്തില്‍ ഒത്തുകൂടി. പുതുപ്പാടി, കോടഞ്ചേരി പഞ്ചായത്തുകളിലായി 125 ഏക്കറില്‍ സ്ഥാപിക്കുന്ന മര്‍കസ് നോളജ് സിറ്റി യാഥാര്‍ഥ്യമാകുന്ന അസുലഭ മുഹൂര്‍ത്തത്തിന് സാക്ഷികളാകാന്‍ മണലാരണ്യത്തില്‍നിന്നും എത്തിയവരാണ് പലരും. മര്‍കസുസ്സഖാഫതി സുന്നിയ്യയുടെ വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി മര്‍കസ് നഗരിയില്‍ എല്ലാ വര്‍ഷവും പ്രവാസി മീറ്റ് നടക്കാറുണ്ടെങ്കിലും വിജ്ഞാന നഗരത്തിന്റെ കവാടം തുറക്കാന്‍ ക്ഷണിക്കപ്പെട്ടത് പ്രവാസികള്‍ക്കുള്ള ആദരമായി. ഇന്നലെ ഉച്ചക്കുമുമ്പ് തന്നെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പ്രവാിസകള്‍ കൈതപ്പൊയിലിലേക്ക് ഒഴുകിയതോടെ. സംഗമം ആരംഭിക്കും മുമ്പേ സദസ്സ് നിറഞ്ഞുകവിഞ്ഞു.
വിദേശ രാജ്യങ്ങളില്‍ സംഘടനാ പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിക്കുന്ന നൂറോളം നേതാക്കളാണ് പ്രവാസികളെ പ്രതിനിധീകരിച്ച് വിശിഷ്ടാതിഥികളായി പങ്കെടുത്തത്. മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാരുടെ പ്രാര്‍ഥനയോടെയായിരുന്നു പ്രവാസി സംഗമത്തിന് തുടക്കമായത്. സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങളുടെ അധ്യക്ഷതയില്‍ മന്ത്രി മഞ്ഞളാംകുഴി അലി ഉദ്ഘാടനം ചെയ്തു. ഡോ. പി എം എ സലാം, വര്‍ക്കല കഹാര്‍ എം എല്‍ എ, എ കെ അബൂബക്കര്‍ മൗലവി കട്ടിപ്പാറ(ദുബൈ), സി എം കബീര്‍ മാസ്റ്റര്‍(ഷാര്‍ജ), നിസാര്‍ സഖാഫി ഒമാന്‍, അഷ്‌റഫ് സഖാഫി(ഖത്തര്‍), അഷ്‌റഫ് മന്ന റുവൈസ്, എം സി അബ്ദുല്‍ കരീം(ബഹറൈന്‍), നിസാര്‍ സഖാഫി(ഒമാന്‍), നാസര്‍ മുസ്‌ലിയാര്‍(സലാല) തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.
ഉസ്മാന്‍ സഖാഫി തിരുവത്ര സ്വാഗതവും ബഷീര്‍ പാലാഴി നന്ദിയും പറഞ്ഞു. നോളജ് സിറ്റിയിലെ വിവിധ പദ്ധതികള്‍ക്ക് ആവശ്യമായ സഹായം വാഗ്ദാനം ചെയതാണ് പ്രവാസികള്‍ പിരിഞ്ഞത.്

Latest