Connect with us

National

വദ്ര ഭൂമിയിടപാട്: രേഖകളില്‍ രണ്ട് പ്രധാന പേജുകള്‍ കാണാതായി

Published

|

Last Updated

ചാണ്ഡിഗഢ്: ഡി എല്‍ എഫ്- റോബര്‍ട്ട് വദ്ര ഭൂ ഇടപാടുകള്‍ സംബന്ധിച്ച സര്‍ക്കാര്‍ രേഖകളില്‍ നിന്ന് രണ്ട് സുപ്രധാന പേജുകള്‍ കാണാതായി. അഴിമതിക്കെതിരെ പൊരുതുന്ന ഐ എ എസ് ഓഫീസറായ അശോക് ഖേംകക്ക് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമായത്. സംഭവം സംബന്ധിച്ച് നടത്തിയ വകുപ്പ്തല അന്വേഷണത്തില്‍ ഇക്കാര്യം വ്യക്തമായതായി ഹരിയാന ചീഫ് സെക്രട്ടറി പി കെ ഗുപ്തയും സമ്മതിച്ചു. കാണാതെ പോയ രണ്ട് പേജുകള്‍ പുനര്‍നിര്‍മിക്കാന്‍ ശ്രമിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ മകള്‍ പ്രിയങ്കയുടെ ഭര്‍ത്താവാണ് റോബര്‍ട്ട് വദ്ര എന്നിരിക്കെ ഈ സംഭവം വലിയ വിവാദമായിട്ടുണ്ട്. വാദ്രയുടെ കമ്പനിയും ഡി എല്‍ എഫും ചേര്‍ന്ന് നടത്തിയ അവിഹിത ഭൂമി ഇടപാട്, നിയമത്തിന് എതിരാണെന്ന് കണ്ട് ഐ എ എസ് ഉദ്യോഗസ്ഥനായ ഖേംക രണ്ട് വര്‍ഷം മുമ്പ് റദ്ദാക്കിയിരുന്നു. ഭൂമി തുണ്ടം തുണ്ടമായി വെട്ടിമുറിക്കരുതെന്ന നിയമം മറികടന്നായിരുന്നു ഇടപാട്. ഇത് മറികടക്കാന്‍ അന്നത്തെ ഹൂഡ സര്‍ക്കാര്‍ മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചു. ഇടപാട് സാധൂകരിക്കുകയെന്ന ഒരൊറ്റ ലക്ഷ്യത്തോടെ തട്ടിക്കൂട്ടിയ കമ്മിറ്റി വദ്രയുടെ കമ്പനിക്ക് “ക്ലീന്‍ ചിറ്റ്” നല്‍കി. വാദ്രയുടെ സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി എന്ന കമ്പനിയും ഡി എല്‍ എഫും തമ്മിലുള്ള ഭൂമി ഇടപാടിനെ ന്യായീകരിക്കാനായിരുന്നു അന്വേഷണം നടത്തിയത്. അതോടൊപ്പം ഭൂമി തുണ്ടം തുണ്ടമായി വെട്ടിമുറിക്കരുതെന്ന നിയമത്തെ തുരങ്കംവെക്കാന്‍ കൂടിയായിരുന്നു ഇത്. രണ്ട് പേജുകള്‍ കാണാതായത് സംബന്ധിച്ച് കേസെടുക്കണമെന്ന് ഖേംക ആവശ്യപ്പെട്ടു. സര്‍ക്കാര്‍ രേഖകളുടെ ഭാഗമായിരുന്ന കടലാസുകള്‍ എങ്ങനെ പെട്ടെന്ന് അപ്രത്യക്ഷമാകുമെന്ന് ഖേംക ചോദിക്കുന്നു. പ്രധാന ഫയലില്‍ നിന്ന് കാണാതായ രണ്ട് പേജുകള്‍ തിരിച്ചെടുക്കാനാകില്ലെന്ന് സംസ്ഥാന ഇന്‍ഫര്‍മേഷന്‍ കമ്മീഷന് മുമ്പാകെ സംസ്ഥാന പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഡി ആര്‍ വാധ്വ സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. ഐ എ എസ് ഓഫീസര്‍മാരായ കൃഷ്ണ മോഹന്‍, കെ കെ ജലാന്‍, രാജന്‍ ഗുപ്ത എന്നിവരടങ്ങിയ മൂന്നംഗ സമിതിയാണ് ഭൂ ഇടപാട് സംബന്ധിച്ച് അന്വേഷിച്ചത്. ഇതില്‍ കൃഷ്ണ മോഹന്‍ വിരമിച്ചു. ഇടപാടിനെ പൂര്‍ണമായും ശരിവെച്ച സമിതി, ഖേംക ഭരണപരമായ പെരുമാറ്റ ദൂഷ്യം കാണിച്ചതായും കണ്ടെത്തി. വാദ്രയുടെ കമ്പനിയും ഡി എല്‍ എഫും തമ്മിലുണ്ടാക്കിയ 58 കോടി രൂപയുടെ ഭൂമി ഇടപാട് റദ്ദാക്കുക വഴി ഖേംക തനിക്ക് ഇല്ലാത്ത അധികാരപരിധിയില്‍ കയറി പ്രവര്‍ത്തിക്കുകയായിരുന്നുവെന്നും സമിതി അഭിപ്രായപ്പെട്ടു. 2012 ഒക്‌ടോബര്‍ 15നാണ് ഖേംക ഈ ഇടപാട് റദ്ദാക്കിയത്. ഇതിന്റെ പേരില്‍ 2013 മെയില്‍ അദ്ദേഹത്തിന് സംസ്ഥാന സര്‍ക്കാര്‍ കുറ്റപത്രം നല്‍കിയിട്ടുണ്ട്.

---- facebook comment plugin here -----

Latest