റഷ്യക്കെതിരെ ഉപരോധം: ബില്ലില്‍ ഒബാമ ഒപ്പുവെച്ചു

Posted on: December 20, 2014 12:06 am | Last updated: December 20, 2014 at 12:06 am

വാഷിംഗ്ടണ്‍: റഷ്യക്കെതിരെ ശക്തമായ ഉപരോധം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച ബില്ലില്‍ യു എസ് പ്രസിഡന്റ് ബരാക് ഒബാമ ഒപ്പുവെച്ചു. ഉക്രൈന്‍ ഫ്രീഡം സപ്പോര്‍ട്ട് ആക്ടിലാണ് ഒബാമ ഒപ്പുവെച്ചിരിക്കുന്നത്.
എന്നാല്‍ ബില്ലുപയോഗിച്ച് ഉടന്‍ തന്നെ റഷ്യക്കെതിരെ നടപടികളിലേക്ക് നീങ്ങില്ലെന്ന് ഒബാമ വ്യക്തമാക്കി. ബില്ല് ഭരണകൂടത്തിന്റെ ഉപരോധ നയത്തിലുള്ള മാറ്റമല്ല. തങ്ങളുടെ സഖ്യകക്ഷികളുടെ നിലപാടിനനുസൃതമായിട്ടായിരിക്കും തുടര്‍നടപടികളെന്ന് യു എസ് പ്രസിഡന്റ് പറഞ്ഞതായി സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു.
കോണ്‍ഗ്രസിന്റെ ഇരുസഭകളും കഴിഞ്ഞ ദിവസം ബില്ല് പാസാക്കിയിരുന്നു. ഉക്രെയിനില്‍ സംഘര്‍ഷം സൃഷ്ടിക്കുന്നതിനെ പിന്തുണക്കുന്ന റഷ്യന്‍ നിലപാടിനെതിരെ ഉപരോധം ഏര്‍പ്പെടുത്തുന്നത് വ്യവസ്ഥ ചെയ്യുന്നതാണ് ബില്ല്.
ഉക്രൈന് 350 മില്യന്‍ ഡോളര്‍ സൈനിക സഹായവും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. ഉക്രൈന്‍ വിമതരെ പിന്തുണക്കുന്നത് റഷ്യ നിര്‍ത്തണമെന്ന് യു എസ് പല തവണ ആവശ്യപ്പെട്ടിരുന്നു.