കോറോം, കുഞ്ഞോം പ്രദേശങ്ങളില്‍ വീണ്ടും മാവോയിസ്റ്റുകളെത്തിയെന്ന് അഭ്യൂഹം

Posted on: December 19, 2014 12:49 am | Last updated: December 19, 2014 at 9:51 am

maoiകല്‍പ്പറ്റ: മാവോയിസ്റ്റുകള്‍ക്കായി തിരച്ചില്‍ ശക്തമായി നടക്കുന്നതിനിടെ വെള്ളമുണ്ട പോലീസ് സ്റ്റേഷന്‍ പരിധിയിലെ കോറോത്ത് വീണ്ടും അഞ്ചംഗ മാവോയിസ്റ്റുകള്‍ എത്തിയതായി സംശയം. ഡിസംബര്‍ ഏഴിന് മാവോയിസ്റ്റുകളും പോലീസും ഏറ്റുമുട്ടലുണ്ടായ കുഞ്ഞോം ചപ്പയില്‍ കോളനിക്കടുത്ത പ്രദേശങ്ങളിലാണ് തുടര്‍ച്ചയായി വീണ്ടും മാവോയിസ്റ്റുകള്‍ എത്തുന്നത്.
തുടര്‍ന്ന് വനത്തിലും പുറത്തും കാവലും തിരച്ചിലും ഊര്‍ജിതമാക്കിയെന്നാണ് ആഭ്യന്തരമന്ത്രി അറിയിച്ചിരുന്നത്. ഇതിനിടെയാണ് കോറോം വില്ലേജ് ഓഫീസിന് സമീപത്ത് താമസിക്കുന്ന കോട്ടക്കകത്ത് മുസ്തഫയുടെ വീട്ടില്‍ കഴിഞ്ഞ ബുധനാഴ്ച രാത്രി എട്ടരയോടെ വീണ്ടും മാവോയിസ്റ്റുകളെന്ന് കരുതുന്ന സംഘം എത്തിയത്. ഈ സമയം വീട്ടുടമസ്ഥന്‍ ജോലി ചെയ്യുന്ന കടയിലായിരുന്നു. വിദ്യാര്‍ഥിനിയായ മകള്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മറ്റംഗങ്ങള്‍ തൊട്ടടുത്ത വീട്ടിലുമായിരുന്നു. വന്ന അഞ്ചംഗ സംഘത്തില്‍ രണ്ട് പേര്‍ വീടിനുള്ളില്‍ കയറി. മറ്റുള്ളവര്‍ പുറത്ത് കാവല്‍ നിന്നു. ഒരാള്‍ മുഖം മറച്ചിരുന്നതായി പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. സംഘത്തിലുണ്ടായിരുന്ന ഒരാള്‍ അടുക്കളയില്‍ കയറി ഭക്ഷണം കഴിച്ചു. പിതാവും മാതാവും എവിടെയെന്ന് തിരക്കി. കൂടെയുള്ള ആള്‍ പുറത്ത് കാവല്‍ നിന്ന ആളുകളോട് മറ്റൊരു ഭാഷയില്‍ എന്തോ ചോദിച്ചു. തുടര്‍ന്ന് ഇവര്‍ വസ്ത്രം ആവശ്യപ്പെട്ടു. ഭയന്ന് വിറച്ച പെണ്‍കുട്ടി വസ്ത്രം സൂക്ഷിക്കുന്ന മുറി കാണിച്ച് കൊടുത്തു. ഇവര്‍ മുറിയില്‍ കയറിയതോടെ പെണ്‍കുട്ടി ബഹളമുണ്ടാക്കി പുറത്തേക്കോടുകയായിരുന്നു. തുടര്‍ന്ന് സംഘം അവിടെ നിന്ന് അപ്രത്യക്ഷരായി. മാനന്തവാടി- കുറ്റിയാടി റോഡില്‍ നിന്ന് 50 മീറ്റര്‍ അകലെ ചാലില്‍ മീന്‍മുട്ടി റോഡിലാണ് മുസ്തഫയുടെ വീട്. വെള്ളമുണ്ട എ എസ് ഐ ജോസും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി. പോലീസ് കാണിച്ച മാവോയിസ്റ്റ് ചിത്രങ്ങളില്‍ ഒരാളെ കുട്ടി തിരിച്ചറിഞ്ഞതായി അഭ്യൂഹമുണ്ടെങ്കിലും പോലീസ് നിഷേധിച്ചു. മുസ്തഫയുടെ വീട്ടിലെത്തിയത് മാവോയിസ്റ്റുകളാകാന്‍ സാധ്യതയില്ലെന്ന് വെള്ളമുണ്ട എസ് ഐ സന്തോഷ് പറഞ്ഞു. മാവോയിസ്റ്റുകള്‍ മുഖം മൂടി ധരിച്ചെത്താറില്ലെന്നും അവര്‍ സ്വയം പരിചയപ്പെടുത്താറുണ്ടെന്നുമാണ് പോലീസ് പറയുന്നത്. അതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. അതേസമയം, തിങ്കളാഴ്ചയും ചൊവ്വാഴ്ചയും പ്രദേശത്തെ ചില വീടുകളില്‍ എത്തിയത് മാവോയിസ്റ്റുകള്‍ തന്നെയെന്ന് പോലീസ് സ്ഥിരീകരിച്ചു. തിങ്കളാഴ്ച രാത്രി ഏഴരയോടെ കുഞ്ഞോം അങ്കണവാടിക്ക് സമീപത്തെ പാറച്ചാല്‍ കുഞ്ഞിരാമന്റെ വീട്ടിലാണ് ഒരു സ്ത്രീയും പുരുഷനുമെത്തിയത്. സംഭവസമയം കുഞ്ഞിരാമന്റെ ഭാര്യ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്തു. 20 മിനിറ്റോളം ഇവിടെ ചെലവഴിച്ച ശേഷം പഞ്ചസാരയും ചായപ്പൊടിയും വാങ്ങിയാണ് ഇവര്‍ പോയത്. വെടിവെപ്പുണ്ടായ ചപ്പയില്‍ കോളനിയുടെ അഞ്ച് കിലോ മീറ്ററോളം മാറിയാണ് കുഞ്ഞിരാമന്റെ വീട്. ചൊവ്വാഴ്ച രാത്രി കുഞ്ഞോം ട്രൈബല്‍ ഹോസ്റ്റലിനടുത്ത പണിയകോളനിയിലെത്തിയത് മാവോയിസ്റ്റ് തന്നെയെന്നാണ് പോലീസ് നിഗമനം. രാത്രി പതിനൊന്ന് മണിയോടെ ചുരിദാര്‍ ധരിച്ച ഒരു സ്ത്രീയാണ് കോളനിയിലെത്തിയത്. വെള്ളച്ചി എന്ന സ്ത്രീയുടെ വീട്ടിലെത്തി അരിയും പച്ചക്കറിയും വാങ്ങി മടങ്ങുകയായിരുന്നു.