Connect with us

Kerala

ഭീകരര്‍ മതത്തെ തെറ്റിദ്ധരിപ്പിക്കുന്നു: സമ്മേളനം

Published

|

Last Updated

മര്‍കസ് നഗര്‍: ഇസ്‌ലാമിന്റെ പേരും ചിഹ്നങ്ങളും ഉപയോഗിച്ച് മാനവരാശിക്കെതിരെ യുദ്ധപ്രഖ്യാപനം നടത്തുന്ന വ്യക്തികളും പ്രസ്ഥാനങ്ങളും മതത്തെ പൊതുസമൂഹത്തില്‍ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് മര്‍കസ് സമ്മേളനം അംഗീകരിച്ച പ്രമേയം.
സ്വാര്‍ഥ താത്പര്യങ്ങള്‍ക്ക് വേണ്ടി ഇസ്‌ലാമിന്റെ പേര് ഉപയോഗിക്കുന്നവര്‍ മതത്തെയാണ് യഥാര്‍ത്ഥത്തില്‍ വേട്ടയാടുന്നത്. ഭീകരതയെ നേരിടാനുള്ള മികച്ച ആയുധം മതം തന്നെയാണെന്നും മറ്റൊരാളുടെ ജീവനും സമ്പത്തിനും അവകാശങ്ങള്‍ക്കും മേലെ കൈയേറ്റം നടത്താന്‍ ഒരു മതവിശ്വാസിക്കും കഴിയില്ലെന്നും സമ്മേളനം അംഗീകരിച്ച പ്രമേയം ചൂണ്ടിക്കാട്ടി. ഭീകരതയുടെ യാതൊരു വിധത്തിലുള്ള സഹായവും ഇസ്‌ലാമിനോ മുസ്‌ലിംകള്‍ക്കോ ആവശ്യമില്ല. മുസ്‌ലിംകളുടെ ജീവിതത്തെ കൂടുതല്‍ ദുരിതപൂര്‍ണമാക്കരുതെന്നാണ് ഇത്തരം പ്രസ്ഥാനങ്ങളോടും വ്യക്തികളോടുമുള്ള ലോക മുസ്‌ലിംകളുടെ അപേക്ഷ.
ഭീകരതക്കെതിരെയുള്ള പോരാട്ടത്തില്‍ ഭരണകൂടങ്ങളെ സഹായിക്കാന്‍ എല്ലാ മതനേതാക്കളും രംഗത്തിറങ്ങണം. വിശ്വാസികളെയും തീവ്രവാദികളെയും വേര്‍തിരിച്ചു കണ്ടുകൊണ്ടുള്ള നയനിലപാടുകളാകണം സര്‍ക്കാറുകള്‍ സ്വീകരിക്കേണ്ടത്. അല്ലാത്തപക്ഷം ഭീകരതയെ നേരിടാന്‍ ഭരണകൂടങ്ങള്‍ സ്വീകരിച്ചുപോരുന്ന നടപടികള്‍ വിപരീതഫലമായിരിക്കും സമൂഹത്തില്‍ ഉണ്ടാക്കുക. ഭീകരതയെ നേരിടാന്‍ ഭരണകൂടങ്ങള്‍ വൈര്യം മറന്നു യോജിക്കണം. ദക്ഷിണ ഏഷ്യയിലെ വിവിധ രാജ്യങ്ങള്‍ക്കിടയിലെ വിശ്വാസമില്ലായ്മയും സഹകരണമില്ലായ്മയുമാണ് ഈ പ്രദേശത്തെ ഭീകരരുടെ ഇഷ്ടതാവളമായി മാറ്റിയത്.
ഈ വൈരം അവസാനിപ്പിക്കാത്തപക്ഷം ദക്ഷിണ ഏഷ്യയിലെ രാജ്യങ്ങള്‍ കൂടുതല്‍ രൂക്ഷമായ പ്രതിസന്ധികളായിരിക്കും നേരിടേണ്ടിവരിക. ജനങ്ങളുടെ സുരക്ഷക്ക് പ്രാഥമിക മുന്‍ഗണന നല്‍കിക്കൊണ്ടുള്ള വിദേശ നയം രൂപപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

---- facebook comment plugin here -----

Latest