Connect with us

National

ഏഴംഗ കുടുംബം കടലില്‍ ചാടി; മാതാവടക്കം മൂന്ന് പേര്‍ മരിച്ചു

Published

|

Last Updated

പുതുച്ചേരി: അരബിന്ദോ ആശ്രമത്തില്‍ നിന്ന് ഒഴിപ്പിച്ച ബീഹാര്‍ സ്വദേശികളായ സഹോദരിമാരും മാതാവും കടലില്‍ ചാടി മരിച്ച നിലയില്‍. സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ബീഹാര്‍ സ്വദേശികളായ അഞ്ച് സഹോദരിമാരെയും പിതാവിനെയും പോലീസ് ഒഴിപ്പിച്ചത്. കുടുംബം ഒന്നടങ്കം കടലില്‍ ചാടിയെങ്കിലും മൂന്ന് സഹോദരിമാരെയും പിതാവിനെയും രക്ഷിക്കാനായി.
പുതുച്ചേരി- മര്‍കാണം റൂട്ടില്‍ കലാപേട്ടില്‍ വെച്ചാണ് സംഭവം. മത്സ്യത്തൊഴിലാളികളാണ് ഇവരെ രക്ഷിച്ചത്. ശാന്തിദേവി (70), അരുണാശ്രീ (50), രാജശ്രീ (45) എന്നിവരാണ് മരിച്ചത്. ചിന്ന മുതലൈര്‍ചാവടിയിലെ തണ്ട്രായന്‍പേട്ടിലെ തീരത്ത് നിന്നാണ് മൃതദേഹങ്ങള്‍ ലഭിച്ചത്. നഗര പരിധിയിലാണ് മാതാപിതാക്കള്‍ താമസിക്കുന്നത്. ഗദ്ദാര്‍ പ്രസാദ് (80), ജയശ്രീ (54), നിവേദിത(42), ഹേമലത (40) എന്നിവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
അരബിന്ദോ ആശ്രമത്തിലെ റസിഡന്‍ഷ്യല്‍ ക്വാര്‍ട്ടേഴ്‌സില്‍ വര്‍ഷങ്ങളായി സഹോദരിമാര്‍ താമസിക്കുകയായിരുന്നു. 2002ലാണ് ആശ്രമം ട്രസ്റ്റ് അധികാരികളുമായി സഹോദരിമാര്‍ തര്‍ക്കമുണ്ടായത്. മദ്രാസ് ഹൈക്കോടതി നിയമിച്ച കമ്മീഷന്‍ തെറ്റുകാരിയാണെന്ന് കണ്ടെത്തിയതോടെ ഹേമലത പ്രസാദിനെതിരെ ട്രസ്റ്റ് അച്ചടക്ക നടപടി സ്വീകരിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. കഴിഞ്ഞ ഒമ്പതാം തീയതിക്കകം ആശ്രമം ഒഴിയാന്‍ സുപ്രീം കോടതി ഇവര്‍ക്ക് നിര്‍ദേശം നല്‍കി. ഒഴിഞ്ഞില്ലെങ്കില്‍ പോലീസ് ഒഴിപ്പിക്കണമെന്നും ഉത്തരവിട്ടു. ഒഴിപ്പിക്കാന്‍ പോലീസ് എത്തിയപ്പോള്‍ ഇവരിലൊരാള്‍ കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. തുടര്‍ന്ന് പോലീസ് അനുനയിപ്പിക്കുകയായിരുന്നു.

Latest