Connect with us

National

എല്‍ എന്‍ മിശ്ര വധം: പ്രതികള്‍ക്ക് ജീവപര്യന്തം

Published

|

Last Updated

ന്യൂഡല്‍ഹി: നാല് പതിറ്റാണ്ട് പഴക്കമുള്ള, സമസ്തിപൂര്‍ ബോംബ് സ്‌ഫോടനത്തില്‍ മുന്‍ കേന്ദ്ര റെയില്‍വേ മന്ത്രി എല്‍ എന്‍ മിശ്രയും മറ്റ് രണ്ട് പേരും കൊല്ലപ്പെട്ട കേസില്‍ നാല് പ്രതികള്‍ക്കും ഡല്‍ഹി കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു.
ഡല്‍ഹി ജില്ലാ ജഡ്ജി വിനോദ് ഗോയലാണ് ശിക്ഷ പ്രഖ്യാപിച്ചത്. രഞ്ജന്‍ ദ്വിവേദി, സന്തോഷാനന്ദ്, സുദേവാനന്ദ്, ഗോപാല്‍ജി എന്നിവരെയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. കൊലപാതകം (ഐ പി സി 302), അപകടകരമായ ആയുധങ്ങള്‍കൊണ്ട് മനഃപൂര്‍വം പരുക്കേല്‍പ്പിക്കല്‍ (ഐ പി സി 326), സ്വമേധയാ പരുക്കേല്‍പ്പിക്കല്‍ (ഐ പി സി 324), ക്രിമിനല്‍ ഗൂഢാലോചന (ഐ പി സി 120ബി) എന്നീ കുറ്റങ്ങള്‍ക്കാണ് പ്രതികളെ ശിക്ഷിച്ചത്. പ്രതികളെ സ്‌ഫോടക വസ്തു നിയമമനുസരിച്ചും കുറ്റക്കാരെന്ന് കണ്ടെത്തിയിട്ടുണ്ട്. വിധി പ്രഖ്യാപിക്കുമ്പോള്‍ കോടതി മുറി ജനനിബിഡമായിരുന്നു. ജയില്‍ വാസത്തിന് പുറമെ സന്തോഷാനന്ദി(75)നെയും സുദേവാനന്ദിനേയും 25,000 രൂപ വീതം പിഴയടക്കാനും ശിക്ഷിച്ചിട്ടുണ്ട്. മറ്റ് രണ്ട് പ്രതികളായ ദ്വിവേദി (66), ഗോപാല്‍ജി (73) എന്നിവരെ 20,000 രൂപ വീതം പിഴയടക്കാനും ശിക്ഷിച്ചു.
ബോംബ് സ്‌ഫോടനത്തില്‍ മരിച്ച എല്‍ എന്‍ മിശ്രയുടെ അന്തരാവകാശികള്‍ക്കും, സ്‌ഫോടനത്തില്‍ മരിച്ച മറ്റ് രണ്ട് പേരുടെ അനന്തരാവകാശികള്‍ക്കും ബീഹാര്‍ സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നും കോടതി വിധിച്ചു. സ്‌ഫോടനത്തില്‍ സാരമായി പരുക്കേറ്റ ഏഴ് പേരുടെ കുടുംബാംഗങ്ങള്‍ക്ക് ഒന്നര ലക്ഷം രൂപ വീതവും നിസ്സാര പരുക്കേറ്റ 20 പേരുടെ ബന്ധുക്കള്‍ക്ക് 50,000 രൂപ വീതവും ബീഹാര്‍ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി വിധിച്ചു. സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റി വഴിയായിരിക്കും സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരം വിതരണം ചെയ്യുക.
1975 ജനുവരി രണ്ടിനാണ് സമസ്തിപൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പരിപാടിക്കെത്തിയ മന്ത്രി എല്‍ എന്‍ മിശ്രയും മറ്റ് രണ്ട് പേരും കൊല്ലപ്പെട്ടത്. സ്‌ഫോടനം സംഘടിപ്പിച്ച പ്രതികളില്‍ മൂന്ന് പേര്‍ ആനന്തമാര്‍ഗികളാണ്.