Connect with us

Editorial

നെല്‍വയല്‍ നിയമം ഭേദഗതി ചെയ്യുമ്പോള്‍

Published

|

Last Updated

നെല്‍വയല്‍ സംരക്ഷണ നിയമ (2008)ത്തില്‍ ഭേദഗതി വേണമെന്ന് പി പി തങ്കച്ചന്റെ നേതൃത്വത്തിലുള്ളയു ഡി എഫ് ഉപസമിതി ശിപാര്‍ശ ചെയ്തിരിക്കുകയാണ്. നിലവില്‍ നെല്‍കൃഷി ചെയ്യാത്ത ആറ് ലക്ഷം ഹെക്ടര്‍ വയല്‍ എന്തുചെയ്യണമെന്ന് ഇപ്പോഴത്തെ നിയമത്തില്‍ പറയുന്നില്ല. അത് വ്യക്തമാക്കുന്നതിന് ആവശ്യമായ ഭേദഗതി വരുത്തണമെന്നുമാണ് ശിപാര്‍ശ. നേരത്തെ നെല്‍കൃഷി ചെയ്തിരുന്നതും കാലങ്ങളായി പുരയിടമായി രൂപാന്തരപ്പെട്ടതുമൂലം നെല്‍ കൃഷി ചെയ്യാന്‍ കഴിയാത്തതുമായ ഒട്ടേറെ സ്ഥലങ്ങളുണ്ട്. അവിടങ്ങളില്‍ വീടുകള്‍ നിര്‍മിക്കുന്നതിനോ, വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കോ, വ്യവസായ ആവശ്യങ്ങള്‍ക്കോ വേണ്ടി കെട്ടിടങ്ങള്‍ പണിയാനോ രേഖകളില്‍ നിലമായി കിടക്കുന്നതുമൂലം കഴിയുന്നില്ല. ഈ തടസ്സം ഒഴിവാക്കണമെന്നും ഉപസമിതി നിര്‍ദേശിക്കുന്നു. ഇത്തരം ഭൂമികളില്‍ കൃഷി ചെയ്യാനും കെട്ടിടം പണിയാനും ഉടമസ്ഥര്‍ക്ക് അവകാശമുണ്ടെന്ന് അടുത്തിടെയുണ്ടായ ഹൈക്കോടതി ഉത്തരവ് ഇതിന് ഉപോത്ബലകമായി ചൂണ്ടിക്കാട്ടുന്നുമുണ്ട്. നിലത്തിന്റെ വിപണിവില ഈടാക്കി സ്വകാര്യ സംരംഭങ്ങള്‍ക്കായി നെല്‍വയലുകള്‍ നികത്താമെന്ന നിര്‍ദേശവും പൊതു ആവശ്യത്തിനായി വയലും തണ്ണീര്‍ത്തടവും നികത്താന്‍ സര്‍ക്കാരിന് വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് അധികാരം നല്‍കണമെന്ന ശിപാര്‍ശയും നേരത്തെ സര്‍ക്കാറിന്റെ പരിഗണനയിലുണ്ട്. നിലവിലെ നിയമമനുസരിച്ച് മറ്റുസ്ഥലം ലഭ്യമല്ലാതെ വരുമ്പോഴും സമീപത്തെ വയലുകളിലെ കൃഷിയെ ബാധിക്കില്ലെന്ന് ഉറപ്പുവരുത്തിയും മാത്രമേ പൊതു ആവശ്യത്തിന് നെല്‍വയല്‍ നികത്താനാകൂ. ഇതിന് തദ്ദേശതലത്തിലും സംസ്ഥാനതലത്തിലുമുള്ള സമിതികളുടെ ശുപാര്‍ശയും വേണം.
നെല്‍വയലുകളുടെ അളവ് ഗണ്യമായി കുറഞ്ഞു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് 2008ല്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം കൊണ്ടു വന്നത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി വയല്‍ നികത്തിയതും ഭൂമിയുടെ വില വന്‍തോതില്‍ ഉയര്‍ന്നതും നെല്ലിന് പകരം മറ്റ് വിളകളിലേക്ക് കര്‍ഷകര്‍ മാറിയതുമൊക്കെയാണ് നെല്‍വയല്‍ കുറയാന്‍ കാരണം. ഈ നിലയില്‍ മുന്നോട്ട് പോയാല്‍ കേരളത്തില്‍ വയല്‍ നാമാവശേഷമാവുകയും സംസ്ഥാനത്ത് ഭക്ഷ്യപ്രശ്‌നം രൂക്ഷമാവുകയും ചെയ്യുമെന്ന തിരിച്ചറിവിനെ തുടര്‍ന്ന് നെല്‍വയലും തണ്ണീര്‍ത്തടവും നികത്തുന്നതിന് നിയമത്തില്‍ കര്‍ശന വ്യവസ്ഥ കള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
നിയമം നിലവില്‍ വന്നതോടെ നെല്‍വയല്‍ നികത്തുന്ന പ്രവണതക്ക് കുറവ് വന്നെങ്കിലും ഇത് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്നുവെന്നാണ് യു ഡി എഫ് സര്‍ക്കാരിന്റെ നിലപാട്. പാഴായിക്കിടക്കുന്ന പാടങ്ങളും തണ്ണീര്‍ത്തടങ്ങളും പലവിധ പദ്ധതികള്‍ക്കായി വിവിധ വകുപ്പുകള്‍ ഏറ്റെടുത്തിട്ടുണ്ട്. നീര്‍ത്തട സംരക്ഷണ നിയമംമൂലം പ്രസ്തുത ഭൂമിയില്‍ നിര്‍മാണം നടത്താനാകുന്നില്ലെന്നും സര്‍ക്കാര്‍ പരാതിപ്പെടുന്നു. എന്നാല്‍, സര്‍ക്കാര്‍ പദ്ധതികളെക്കാളേറെ സ്വകാര്യ സംരംഭങ്ങള്‍ക്കാണ് നിയമം കൂടുതല്‍ തിരിച്ചടിയായത്. വ്യവസായങ്ങള്‍ക്കും ആറന്മുള വിമാനത്താവള പദ്ധതി പോലെയുയുള്ള സംരംഭങ്ങള്‍ക്കുമായി വ്യക്തികളും സ്വകാര്യ ട്രസ്റ്റുകളും വന്‍ തോതില്‍ വയല്‍ കൈവശപ്പെടുത്തിയിരുന്നു. അവരുടെ നിരന്തര സമ്മര്‍ദമാണ് വയല്‍ നികത്തല്‍ സംരക്ഷണ നിയമ ഭേദഗതിക്ക് പിന്നിലെന്നാണ് പ്രതിപക്ഷവും കെ പി സി സി പ്രസിഡന്റ് വി എം സുധീരനുള്‍പ്പെടെ ചില ഭരണകക്ഷി നേതാക്കളും ആരോപിക്കുന്നത്. നെല്‍വയലുകള്‍ നികത്തി ആറന്മുള വിമാനത്താവള പദ്ധതി നടപ്പാക്കാനുളള സര്‍ക്കാരിന്റെ തന്ത്രമാണ് ഭേദഗതി നീക്കമെന്ന് ഇക്കഴിഞ്ഞ മാര്‍ച്ച് 22ന് തിരുവനന്തപുരത്ത് വി എം സുധീരന്‍ കുറ്റപ്പെടുത്തിയിരുന്നു. ഡാറ്റാ ബേങ്കിലെ അപാകതമൂലം ദുര്‍ബലമായ നെല്‍വയല്‍ നീര്‍ത്തടസംരക്ഷണ നിയമം സര്‍ക്കാറിന്റെ പുതിയ നീക്കത്തോടെ തീരെ ഇല്ലാതാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുകയുണ്ടായി.
നിലവിലുള്ള നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം തന്നെ വ്യാപകമായി ലംഘിക്കപ്പെടുകയും ദുരുപയോഗപ്പെടുത്തുകയും ചെയ്യുന്നുണ്ട്. സദുദ്ദേശ്യത്തോടെ രൂപംനല്‍കിയ ഈ നിയമമാണ് ഇന്ന് ഏറ്റവും കൂടുതല്‍ ദുരുപയോഗം ചെയ്യുന്നതെന്ന് നിയമസഭാ പരിസ്ഥിതി കമ്മിറ്റി ചൂണ്ടിക്കാട്ടിയതാണ്. ഏക്കര്‍ കണക്കിന് നെല്‍വയലുകള്‍ രാഷ്ട്രീയ നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും ഒത്താശയോടെ റിസോര്‍ട്ട് മാഫിയയും സ്വകാര്യ സംരംഭകരും അനധികൃതമായി നികത്തുന്നുണ്ട്. ഇതിനെതിരെ നടപടികളുണ്ടാകുന്നില്ല. നിയമത്തില്‍ ഇളവ് വരുത്തുക കൂടി ചെയ്താല്‍ ദുരുപയോഗം വര്‍ധിക്കും. മുഖ്യഭക്ഷണമായ അരിക്ക് അയല്‍ സംസ്ഥാനങ്ങളിലേക്ക് കണ്ണു നട്ടിരിക്കുന്ന കേരളീയന്റെ സ്ഥിതി അതോടെ കൂടുതല്‍ പരുങ്ങലിലാകും.