Connect with us

Kozhikode

മര്‍കസിന്റെ മുറ്റത്ത് നിന്ന് ഒന്നാമനായി പച്ചപ്പ് തേടി..

Published

|

Last Updated

മര്‍കസ് നഗര്‍: പശ്ചിമഘട്ടത്തിന്റെ താഴ് വാരത്തെ പുതുപ്പാടി കൈതപ്പൊയിലില്‍ കാരന്തൂര്‍ മര്‍കസിനു കീഴില്‍ ലോകത്തെതന്നെ ഒന്നാമത്തെ വിജ്ഞാന കേന്ദ്രം ഉയരുമ്പോള്‍ പുതുപ്പാടി സ്വദേശി കുഞ്ഞിമുഹമ്മദിന്റെ പ്രതീക്ഷകളും ഒന്നാമതെത്തുകയാണ്. തുര്‍ക്കിയ്യ യതീംഖാനയില്‍ ഒന്നാം നമ്പറായി പ്രവേശനം നേടിയ അടിവാരം പൊട്ടിക്കൈ പാലക്കത്തൊടി കുഞ്ഞുമുഹമ്മദ് മര്‍കസിന്റെ തണലില്‍ ജീവിതം പച്ചപിടിപ്പിച്ചവരില്‍ ഒന്നാമനാണ്. 1978 ഏപ്രില്‍ 18 ന് ആരംഭിച്ച തുര്‍ക്കിയ്യ യത്തീംഖാനയില്‍ നിന്നും പഠിച്ചിറങ്ങിയ ആയിരക്കണക്കിനു യതീമുകള്‍ ജീവിതത്തിന്റെ നാനാ തുറകളില്‍ കര്‍മ നിരതരാണെങ്കിലും കുഞ്ഞുമുഹമ്മദിനെ വിസ്മരിക്കാനാവില്ല. നിര്‍ധന കുടുംബത്തില്‍ പിറന്ന കുഞ്ഞുമുഹമ്മദ് നാലാം വയസ്സിലാണ് മര്‍കസിന്റെ ഭാഗമാവുന്നത്. പിതാവ് ഉണ്ണീന്‍കുട്ടിയുടെ ആകസ്മിക വിയോഗത്തില്‍ അന്താളിച്ചുനിന്ന കുടുംബം. അനാഥ-അഗതി മന്ദിരങ്ങളോ സന്നദ്ധ സംഘടനകളോ അധികമില്ലാത്ത കാലം. പ്രാസ്ഥനിക രംഗത്ത് യുവസമൂഹത്തിന് ആവേശമായിരുന്ന കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ കേരവൃക്ഷങ്ങള്‍ തിങ്ങിനിറഞ്ഞ കാരന്തൂരില്‍ മര്‍കസെന്ന സംരംഭം ആരംഭിക്കുന്നതായ വിവരം അവരറിഞ്ഞിരുന്നു. കൈതപ്പൊയില്‍ സ്വദേശിയായ സൈതലവി മുസ്‌ലിയാര്‍ അവര്‍ക്ക് സഹായത്തിനെത്തി. മര്‍ക്കസിന്റെ ഭാവിയെ കുറിച്ച് കൂടുതല്‍ പ്രതീക്ഷകള്‍ ഉണ്ടായിരുന്നില്ലെങ്കിലും നാലുവയസ്സുകാരനായ കുഞ്ഞുമുഹമ്മദിനെയുമായി അവര്‍ കാരന്തൂരിലെത്തി.
പൊന്തക്കാടുകള്‍ നിറഞ്ഞ തെങ്ങിന്‍തോപ്പ്, ഉപയോഗ ശൂന്യമായി കിടക്കുന്ന പൊട്ടക്കിണറുകള്‍. അതിനിടിക്ക് പണിപൂര്‍ത്തീകരിക്കാത്ത ചെറിയ കെട്ടിടം. അമ്മാവന്‍ പുളിക്കല്‍ കുഞ്ഞിമുഹമ്മദിനും സൈതലവി മുസ്‌ലിയാര്‍ക്കും ഒപ്പമാണ് മര്‍ക്കസിന്റെ മണ്ണിലെത്തിയത്. ഇല്ലായ്മയില്‍ നിന്നുള്ള മര്‍ക്കസിന്റെ കുതിച്ചു ചാട്ടത്തിന്റെ ചൂരും ചുണയും കുഞ്ഞിമുഹമ്മദിനോളം അനുഭവിച്ച വിദ്യാര്‍ഥി വേറെ ഉണ്ടാവില്ല. ആദ്യദിനങ്ങളില്‍ മര്‍ക്കസിലെ ജീവിതം കുഞ്ഞിമുഹമ്മദ് ഓര്‍ക്കുന്നു. ” പണിതീരാത്ത കെട്ടിടത്തിന്റെ തറയില്‍ താര്‍പോളിന്‍ വിരിച്ചാണ് ഉറക്കം. വിശപ്പടക്കാനുള്ള ഭക്ഷണം ലഭിക്കുമെന്ന് മാത്രം. ഇന്നത്തെ പോലോത്ത വിഭവങ്ങളൊന്നുമില്ല. ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് മര്‍ക്കസ് പടര്‍ന്നു പന്തലിച്ചിരുന്നു. 10 പേരാണ് തുടക്കത്തില്‍ ഉണ്ടായിരുന്നതെങ്കിലും പിന്നീട് 25 ല്‍ എത്തി. കാന്തപുരം ഉസ്താദ് എല്ലാ ദിവസവും രാവിലെ മര്‍ക്കസിലെത്തി ഞങ്ങളുടെ സുഖ വിവരങ്ങള്‍ അന്വേഷിക്കും. പിതാക്കളില്ലാത്ത ഞങ്ങള്‍ പിതൃ വാത്സല്യം അനുഭവിച്ചറിഞ്ഞത് ഉസ്താദില്‍ നിന്നാണ്. സയ്യിദ് അബ്ദുല്‍ ഖാദിര്‍ അഹ്ദല്‍ അവേലം, ഫസല്‍ പൂക്കോയ തങ്ങള്‍, പാറന്നൂര്‍ പി പി മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍, സി ഹൈദര്‍ ഹാജി, ടി കെ കുഞ്ഞഹമ്മദ് ഹാജി തുടങ്ങിയ നേതാക്കളും ഉസ്താദിന്റെ കരങ്ങള്‍ക്ക് കരുത്തേകാന്‍ ദിനേന മര്‍ക്കസില്‍ എത്താറുണ്ടായിരുന്നു”.
കുഞ്ഞുമുഹമ്മദിന്റെ സഹോദരന്‍ റഫീഖും മൂന്നാം വര്‍ഷം തുര്‍ക്കിയ്യ യത്തീംഖാനയിലെത്തി. ഒന്നാം ക്ലാസ് മുതല്‍ മര്‍ക്കസിന്റെ തണലില്‍ വളര്‍ന്ന കുഞ്ഞിമുഹമ്മദ് പഠനശേഷം മര്‍ക്കസില്‍തന്നെ ജോലിയില്‍ പ്രവേശിച്ചു. 18 വര്‍ഷം മുമ്പാണ് മര്‍ക്കസിന്റെ മേല്‍നോട്ടത്തിലുള്ള വിസയില്‍ അല്‍ ഐനില്‍ എത്തിയ കുഞ്ഞുമുഹമ്മദ് കുടുംബ സമേതം അല്‍ ഐനിലാണെങ്കിലും മനസ്സ് മര്‍ക്കസ് സമ്മേളന നഗരിയിലാണ്. മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി മുപ്പത്തിഏഴാം വര്‍ഷത്തില്‍ കൈതപ്പൊയിലിലെ വിജ്ഞാന നഗരത്തിന്റെ കവാടങ്ങളും തുറക്കപ്പെടുമ്പോള്‍ ഈ പുതുപ്പാടിക്കാരന്‍ അഭിമാനം കൊള്ളുകയാണ്.

---- facebook comment plugin here -----

Latest