ഐഎസ്എല്‍: ഇഷ്ടതാരങ്ങള്‍ക്കായി ഓണ്‍ലൈന്‍ വോട്ടിങ്ങ് ശനിയാഴ്ച അവസാനിക്കും

Posted on: December 18, 2014 7:56 pm | Last updated: December 19, 2014 at 12:29 am

ISL M13 - Atletico de Kolkata vs Kerala Blastersകൊച്ചി; ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആരാധകരുടെ ഇഷ്ടതാരങ്ങള്‍ക്കായുള്ള വോട്ടിംഗ് പുരോഗമിക്കുന്നു. മികച്ച മധ്യനിര താരത്തിനൊഴികെ മറ്റെല്ലാ മേഖലയിലും കേരള താരങ്ങളാണ് വോട്ടിംഗില്‍ മുന്നിട്ട് നില്‍ക്കുന്നത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് വോട്ടിംഗ് നടക്കുന്നത്.
മികച്ച താരം, ഗോളുകള്‍ തുടങ്ങി എട്ട് മേഖലയിലാണ് ആരാധകരുടെ ഇഷ്ടതാരത്തിനെ തിരഞ്ഞെടുക്കാന്‍ വഴിയൊരുങ്ങുന്നത്. ഓരോ മേഖലയിലും അഞ്ച് താരങ്ങളെ ഉള്‍പ്പെടുത്തിയാണ് വോട്ടെടുപ്പ്. ടൂര്‍ണമെന്റിലെ മികച്ച താരത്തിനുള്ള പുരസ്‌കാരത്തിന് ബ്ലാസ്‌റ്റേഴ്‌സിന്റെ മികകച്ച താരം ഇയാന്‍ ഹ്യൂമാണ് മുന്നില്‍. എട്ട് ഗോളടിച്ചിട്ടും രണ്ടാം സ്ഥാനത്തുള്ള എലാനോ ബ്ലൂമറേക്കാള്‍ ഏറെ മുന്നിലാണ് ഹ്യൂം. ലൂയിസ് ഗാര്‍ഷ്യ,കത്‌സോറിനിസ്,ആന്ദ്രേ സാന്റോസ് എന്നിവരാണ് യഥാക്രമം പിന്നില്‍.
മികച്ച ഇന്ത്യന്‍ താരത്തിനുള്ള വോട്ടിംഗില്‍ കേരളത്തിന്റെ പ്രതിരോധ ഭടന്‍ സന്ദേശ് ജിംഗാന്‍ ബഹുദൂരം മുന്നിലാണ്. നോര്‍ത്ത്ഈസ്റ്റ് യുണൈറ്റഡിന്റെ മലയാളി താരം ടിപി രഹ്‌നേഷ് രണ്ടാമതുണ്ട്. മികച്ച ഗോളിനുള്ള പട്ടികയില്‍ ഏറ്റവുമധികം പ്രേക്ഷക പിന്തുണ സുശാന്ത് മാത്യുവിന്റെ ലോംഗ് റേഞ്ചറിനാണ്. മികച്ച സേവിന് ഒന്നാം സ്ഥാനത്ത് ഡേവിഡ് ജയിംസും രണ്ടാം സ്ഥാനത്ത് സന്ദീപ് നന്ദിയും തുടരുന്നു. മികച്ച ഗോള്‍കീപ്പര്‍ക്കുള്ള പട്ടികയില്‍ ജയിംസ് ബഹുദൂരം മുന്നിലാണ്. പ്രതിരോധതാരത്തിനുള്ള മത്സരത്തിന് സന്ദേശ് ജിംഗന് അടുത്തെങ്ങും ആരുമില്ല. മുന്നേറ്റ നിരയില്‍ ഫിക്രു ടഫേരയെ ബഹുദൂരം പിന്നിലാക്കിയാണ് ഒന്നാം സ്ഥാനത്തുള്ള ഇയാന്‍ ഹ്യൂം കുതിക്കുന്നത്.
ശനിയാഴ്ച്ച ഉച്ചക്ക് ഒരു മണിവരെയാണ് വോട്ടടുപ്പിനുള്ള അവസാന സമയം.