ഇന്ത്യ-യു എ ഇ ബന്ധം ഉന്നത നിലയില്‍: ടി പി സീതാറാം

Posted on: December 18, 2014 7:25 pm | Last updated: December 18, 2014 at 7:25 pm

Satellite (1)അബുദാബി: ഇന്ത്യ-യു എ ഇ ബന്ധം ചരിത്രത്തിലെതന്നെ ഏറ്റവും ഉയര്‍ന്ന അവസ്ഥയിലാണെന്ന് യു എ ഇ ഇന്ത്യന്‍ സ്ഥാനപതി ടി പി സീതാറാം പറഞ്ഞു. യു എ ഇ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വാമിനോട് സംസാരിക്കുകയയിരുന്നു അദ്ദേഹം. നിക്ഷേപം, വാണിജ്യം, കയറ്റുമതി തുടങ്ങിയ മേഖലകളില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ശ്രദ്ധേയമായ നേട്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്.
ഇന്ത്യയുടെ സാംസ്‌കാരിക മണ്ഡലത്തില്‍ യു എ ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്. കാരന്തൂര്‍ ജാമിഅ മര്‍കസില്‍ 37-ാമത് വാര്‍ഷിക സമ്മേളത്തോടനുബന്ധിച്ച് ശൈഖ് സായിദിന്റെ പേരില്‍ ലോക സമാധാന സമ്മേളനം നടക്കുകയാണ്. ലോകത്ത് സഹകരണവും സ്‌നേഹവും സമാധാനവും വര്‍ധിപ്പിക്കാന്‍ യു എ ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് നടത്തിയ ശ്രമങ്ങള്‍ സ്മരിക്കപ്പെടുകയാണ്. ശൈഖ് സായിദിന്റെ ഭരണപാടവവും ദീര്‍ഘദൃഷ്ടിയും ഈ മേഖലക്കാകെ ഗുണം ചെയ്തിട്ടുണ്ട്.
യു എ ഇയെ ഒരു വികസിത രാജ്യമാക്കാന്‍ അടിത്തറ പാകിയത് ശൈഖ് സായിദാണ്. ശൈഖ് സായിദിന്റെ നയങ്ങള്‍ രാജ്യത്തിന്റെ സ്ഥിരതക്ക് വലിയ സംഭാവനകളര്‍പ്പിച്ചു. 200 ഓളം ദേശങ്ങളില്‍ നിന്നുള്ള ആളുകള്‍ സഹവര്‍ത്തിത്തത്തോടെയും പരസ്പര ബഹുമാനത്തോടെയും യു എ ഇയില്‍ കഴിയുന്നുണ്ട്.
യു എ ഇ സ്വദേശികള്‍ക്ക് ഇന്ത്യയില്‍ നിക്ഷേപം നടത്താനുള്ള അനുകൂല സാഹചര്യം ഉരുത്തിരിഞ്ഞ് വന്നിട്ടുണ്ട്. അവരുടെ നിക്ഷേപത്തിന് സുരക്ഷിതത്വം നല്‍കുന്ന എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്. ഇന്ത്യ സന്ദര്‍ശിക്കാന്‍ ഇ-വിസ ഏതാനും ദിവസം മുമ്പ് നടപ്പാക്കിയിട്ടുണ്ട്. ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിന് നാല് ദിവസം മുമ്പ് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ഇ-മെയില്‍ വഴി വിസ ലഭ്യമായിരിക്കുമെന്നും ടി പി സീതാറാം പറഞ്ഞു.