കനാല്‍ നിര്‍മാണം; ദുബൈ ഭാഗത്തേക്കുള്ള വഴിതിരിച്ചുവിടല്‍ ഉടന്‍

Posted on: December 18, 2014 7:00 pm | Last updated: December 18, 2014 at 7:20 pm

ദുബൈ: കനാല്‍ നിര്‍മാണത്തിന്റെ ഭാഗമായി ശൈഖ് സായിദ് റോഡിലെ ഗതാഗതം തിരിച്ചുവിടലിന്റെ രണ്ടാം ഭാഗം ഉടന്‍ തുറക്കും. 800 മീറ്ററിലെ പാതയാണ് ഇന്നോ നാളെയോ തുറക്കുക. വഴിതിരിച്ചുവിടാനുള്ള പാത ഒരുങ്ങിയിട്ടുണ്ട്.
ഒക്‌ടോ 25നാണ് ആദ്യ വഴിതിരിച്ചുവിടല്‍ നടന്നത്. അബുദാബി ഭാഗത്തേക്കുള്ള ആറുവരി പാതയാണിത്. ബിസിനസ് ബേ മുതല്‍ സഫ പാര്‍ക്കു വരെ വഴിതിരിച്ചുവിട്ടു. ഇനിയുള്ളത് ദുബൈ ഭാഗത്തേക്കാണ്. ആറു വരി പാതയാണ് ഈ ഭാഗത്തുമുള്ളത്. ഇവക്കു മുകളിലായി പാലം വരും. നിര്‍മാണം ത്വരിതഗതിയില്‍ പരോഗമിക്കുന്നു.
ദുബൈ ഭാഗത്തേക്ക് ബിസിനസ് ബേയില്‍ നിന്ന് വേള്‍ഡ് ട്രേഡ് സെന്റര്‍ റൗണ്ട് എബൗട്ട് വരെ ഗതാഗത തടസമില്ലാതിരിക്കാന്‍ അധികൃതര്‍ പരമാവധി ശ്രമിക്കുന്നുണ്ട്. അബുദാബി ഭാഗത്തുനിന്നുള്ള വാഹനങ്ങള്‍ക്കു മൈതാന്‍ വഴിയും ദുബൈയിലെത്താന്‍ സൗകര്യമുണ്ട്. ശൈഖ് സായിദ് റോഡില്‍ ജെ ഡബ്ല്യു മാരിയോട്ട് മാര്‍ക്വിസ് ഹോട്ടലിനു സമീപം ഗതാഗത തടസമില്ലാതിരിക്കാനും ശ്രദ്ധിക്കുന്നുണ്ട്.