അമേരിക്കയും ക്യൂബയും തമ്മിലുള്ള ബന്ധം പുനസ്ഥാപിച്ചു

Posted on: December 18, 2014 2:23 pm | Last updated: December 19, 2014 at 12:17 am

obama raulവാഷിങ്ടണ്‍: അരനൂറ്റാണ്ട് കാലത്തെ ശത്രുതയ്ക്ക് ശേഷം അമേരിക്കയും ക്യൂബയും ബന്ധം പുനസ്ഥാപിക്കുന്നു. ക്യൂബന്‍ തലസ്ഥാനമായ ഹവാനയില്‍ അമേരിക്കന്‍ എംബസി തുറക്കാന്‍ തീരുമാനിച്ചു. ഇരു രാജ്യങ്ങളും തുടരുന്ന കാലഹരണപ്പെട്ട നയങ്ങള്‍ക്ക് അന്ത്യം കുറിക്കുന്നായി അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ അറിയിച്ചു. ആശയങ്ങള്‍ ത്യജിക്കാതെ ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള വൈരത്തിന് അന്ത്യം കുറിക്കുന്നതായി ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോയും പറഞ്ഞു.
കാനഡയുടെ മധ്യസ്ഥയില്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായുള്ള ശ്രമങ്ങള്‍ തുടരുകയായിരുന്നു. ഫ്രാന്‍സിസ് മാര്‍പ്പാപ്പയായിരുന്നു ഇതിന് മേല്‍നോട്ടം വഹിച്ചത്. ബരാക് ഒബാമയും റൗള്‍ കാസ്‌ട്രോയും തമ്മില്‍ ഫോണിലൂടെ ദീര്‍ഘ സംഭാഷണം നടത്തി. അര നൂറ്റാണ്ടിന് ശേഷമാണ് ഇരു രാജ്യങ്ങളിലേയും തലവന്‍മാര്‍ ദീര്‍ഘ സംഭാഷണം നടത്തുന്നത്. നെല്‍സണ്‍ മണ്ഡേലയുടെ സംസ്‌കാര ചടങ്ങിനിടെ ഒബാമയും റൗളും കണ്ടുമുട്ടിയിരുന്നു.
അഞ്ച് വര്‍ഷമായി ക്യൂബയില്‍ തടവിലായിരുന്ന അലന്‍ ഗ്രോസ് എന്ന അമേരിക്കന്‍ പൗരനെ മോചിപ്പിച്ചതാണ് ഇരു രാജ്യങ്ങളും തമ്മിലുളള ബന്ധം വീണ്ടും തുടങ്ങുന്നതിന് കാരണമായത്. ഇതിന് പകരം മൂന്ന് ക്യൂബന്‍ പൗരന്‍മാരെ തടവില്‍ നിന്ന് അമേരിക്കയും വിട്ടയച്ചു. ക്യൂബയിലേക്കുള്ള യാത്രക്കും ബാങ്കിടപാടുകള്‍ക്കുമുള്ള നിയന്ത്രണം അമേരിക്ക നീക്കി. തടവിലുള്ള അമേരിക്കന്‍ പൗരന്‍മാരെ വിട്ടയക്കാന്‍ ക്യൂബയും തീരുമാനിച്ചിട്ടുണ്ട്.
അമേരിക്കയുടെ പിന്തുണയോടെ ക്യൂബയെ അടക്കി ഭരിച്ച ബാറ്റിസ്റ്റയുടെ സര്‍ക്കാരിനെതിരെ പോരാടിയാണ് ഫിഡല്‍ കാസ്‌ട്രോയും കൂട്ടരും 1959-ല്‍ ക്യൂബന്‍ ഭരണം പിടിച്ചെടുത്തത്. അതിന് ശേഷം കാസ്‌ട്രോ അമേരിക്കയ്‌ക്കെതിരെ എല്ലാക്കാലവും ശത്രുതയിലായിരുന്നു. അമേരിക്കയും ക്യൂബയിലെ കമ്യൂണിസ്റ്റ് സര്‍ക്കാരിന്‌ ഒളിഞ്ഞും തെളിഞ്ഞും വെല്ലുവിളി സൃഷ്ടിച്ചുകൊണ്ടിരുന്നു. അര നൂറ്റാണ്ടുകള്‍ക്കിപ്പുറം ഇരു രാജ്യങ്ങളും ബന്ധം പുനസ്ഥാപിക്കുമ്പോള്‍ അത് ചരിത്രത്തിലെ പുതിയ അധ്യായമാകുകയാണ്.

ALSO READ  "എന്റെ മകൻ പോയി"; യു എസിൽ പാർട്ടിക്കിടെ വെടിവെപ്പ് ,ഒരു മരണം; 20 പേർക്ക് പരുക്ക്