Connect with us

Kozhikode

മര്‍കസ് എക്‌സ്‌പോ ശ്രദ്ധേയമാകുന്നു

Published

|

Last Updated

കുന്ദമംഗലം: മര്‍കസ്സുഖാഫത്തിസ്സുന്നിയ്യയുടെ നാല് ദിവസം നീണ്ടുനില്‍ക്കുന്ന 37 ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി മര്‍കസ് ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ക്യാമ്പസില്‍ ആരംഭിച്ച മര്‍കസ് എക്‌സ്‌പോ ശ്രദ്ധപിടിച്ചു പറ്റുന്നു. 60,000 സ്വകയര്‍ ഫീറ്റ് സ്ഥലത്ത് ഒരുക്കിയ പവലിയനില്‍ കാര്‍ഷികം, ടെക്‌നോഫെസ്റ്റ്, ജനറല്‍ എക്‌സിബിഷന്‍ എന്നീ വിഭാഗങ്ങളിലായി 70ലധികം സ്റ്റാളുകളുണ്ട്. ദേശീയ പാതയോരത്ത് മനോഹരമായി തയ്യാറാക്കിയ പവലിയനിലെ സ്റ്റാളുകള്‍ സന്ദര്‍ശിക്കാന്‍ രണ്ടാം ദിവസമായ ഇന്നലെ സമീപ പ്രദേശത്തെ വിദ്യാലയങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളടക്കം ആയിരക്കണക്കിന് പേര്‍ എത്തിയിരുന്നു.
പരപ്പനങ്ങാടി പാലത്തിങ്ങല്‍ ഗോട്ട് ഫാമിന്റെ നേതൃത്വത്തിലുള്ള കേരളത്തില്‍ അപൂര്‍വമായി കാണുന്ന വിവിധ തരം ആടുകള്‍, ഇസ്‌ലാമിക് സയന്‍സിന്റെ പ്രൊജക്റ്റുകള്‍, വിശാലമായ ബുക്ക് ഫെയര്‍, നരിക്കുനി എ എം എല്‍ പി സ്‌കൂള്‍ അധ്യാപകനും കാലിക്കറ്റ് ഫിലാറ്റലിക് ക്ലബ്ബ് അംഗവുമായ ജമാലുദ്ദീന്‍ പൂലൂരിന്റെ നേതൃത്വത്തിലുള്ള പുരാവസ്തു പ്രദര്‍ശനം, മര്‍കസിന്റെ വിവിധ സ്ഥാപനങ്ങളുടെ സ്റ്റാളുകള്‍, മാതൃക കര്‍ഷക അവാര്‍ഡ് നേടിയ ചേളന്നൂര്‍ ബ്ലോക്കിലെ ബി സി പരീതിന്റെ മാതൃകാ ജൈവകൃഷി പരിശീലനം, മര്‍കസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എന്‍ജിനിയറിംഗ് ആന്‍ഡ് ടെക്‌നോളജിയുടെ നേതൃത്വത്തില്‍ വാഹന പ്രേമികള്‍ക്ക് ഹരം പകരുന്ന പ്രമുഖ കമ്പനികളുടെ സ്റ്റാളുകള്‍, മര്‍കസ് ലോകോളജ് വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച നിയമവും ജീവിതവും പവലിയന്‍, മുട്‌കോര്‍ട്ട്, ഇന്ത്യന്‍ ഭരണഘടനയെയും പൊതുനിയമങ്ങളെയും പരിചയപ്പെടുത്തുന്ന വിവിധ പ്രദര്‍ശനങ്ങള്‍ എന്നിവ എക്‌സ്‌പോയെ വിത്യസ്തമാക്കുന്നു.
പൊതുജനങ്ങള്‍ക്ക് നിയമബോധവത്കരണവും നിയമസഹായവും നല്‍കുന്നതിനാവശ്യമായ ലീഗല്‍ എയ്ഡ് ക്ലിനിക്കും ഇവിടെ ഒരുക്കിയിട്ടുണ്ട്. പഴയകാല ഉത്പന്നങ്ങള്‍, അളവ്തൂക്കങ്ങള്‍, കൃഷിക്ക് വേണ്ടി പഴമക്കാര്‍ ഉപയോഗിച്ച വസ്തുക്കള്‍ എന്നിവയുടെ സ്റ്റാളുകളും മര്‍കസിന്റെ പുതിയ സംരംഭമായ നോളജ്‌സിറ്റിയുടെ രൂപവും തുടങ്ങി പുതുമയാര്‍ന്നതും കൗതുകകരവുമായ നിരവധി സ്റ്റാളുകളാണ് ഇത്തവണത്തെ പ്രത്യേകത. പൂനൂര്‍ ഹെല്‍ത്ത് കെയര്‍ സ്‌പെഷല്‍ സ്‌കൂളിലെ മാനസിക വെല്ലിവിളികള്‍ നേരിടുന്ന വിദ്യാര്‍ഥികളുടെ കരകൗശല വസ്തുക്കള്‍ ഏറെപേരെ ആകര്‍ഷിക്കുന്നു. മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍, ജില്ലാ കലക്ടര്‍ സി എ ലത തുടങ്ങി പ്രമുഖര്‍ ഇന്നലെ സ്റ്റാള്‍ സന്ദര്‍ശിച്ചു.
മര്‍കസ് സമ്മേളനത്തിന്റെ പ്രധാന പരിപാടികള്‍ ഇന്നാരംഭിക്കുന്നതോടെ എക്‌സ്‌പോയില്‍ വീണ്ടും തിരക്കേറിത്തുടങ്ങും.

---- facebook comment plugin here -----

Latest