ചീക്കോട് കുടിവെള്ള പദ്ധതി പാതിവഴിയില്‍

Posted on: December 18, 2014 11:47 am | Last updated: December 18, 2014 at 11:47 am

മഞ്ചേരി: കോഴിക്കോട്, മലപ്പുറം ജില്ലകളിലെ 5.75 ലക്ഷം ജനങ്ങള്‍ക്ക് പ്രയോജനം കിട്ടുന്ന ചീക്കോട് ശുദ്ധജല പദ്ധതി ഇപ്പോഴും പാതി വഴിയില്‍.
ഈ വര്‍ഷം പദ്ധതി പൂര്‍ത്തിയാകുമെന്ന് നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ ആര്‍ അമലോര്‍ പവനാഥന്‍ പറഞ്ഞിരുന്നു. 1996 ല്‍ നിര്‍മാണം തുടങ്ങിയ പദ്ധതി ഇടക്കിടെ മുടങ്ങിയും പുനരാരംഭിച്ചും ഇഴഞ്ഞു നീങ്ങുകയാണ്. 84.57 കോടി രൂപയാണ് നിര്‍മാണ ചെലവ്. നബാര്‍ഡ് 70.57 കോടിയും എല്‍ ഐ സി 14 കോടിയും അനുവദിച്ചു.
കൊണ്ടോട്ടി നിയോജകമണ്ഡലത്തിലെ പുളിക്കല്‍, ചെറുകാവ്, ചീക്കോട്, മുതുവല്ലൂര്‍, വാഴയൂര്‍, വാഴക്കാട് പഞ്ചായത്തുകളും ഏറനാട് മണ്ഡലത്തിലെ കുഴിമണ്ണ, ബേപ്പൂരിലെ ഫറോക്ക്, കരവുന്‍തിരുത്തി വില്ലേജുകളും വള്ളിക്കുന്ന് മണ്ഡലത്തിലെ പള്ളിക്കല്‍, ചേലേമ്പ്ര പഞ്ചായത്തുകളുമാണ് പദ്ധതിയുടെ പരിധിയില്‍ വരുന്നത്. 60 ശതമാനം പ്രവൃത്തികളുടെ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്.
മുഹമ്മദുണ്ണിഹാജി എം എല്‍ എയുടെ സ്വപ്ന പദ്ധതിയാണിത്. 125 കോടി രൂപയുടെ പ്രവൃത്തികള്‍ ജില്ലയില്‍ നബാര്‍ഡ് സഹായത്തോടെ നടക്കുന്നുണ്ടെങ്കിലും പുതുതായി നബാര്‍ഡ് ഒരു പദ്ധതിക്കും ധനസഹായവും നല്‍കുന്നില്ല. ചീക്കോട് പദ്ധതി യാഥാര്‍ഥ്യമാകാന്‍ ഒരു വര്‍ഷം കൂടി കാത്തിരിക്കേണ്ടി വരും