Connect with us

National

ഗുഡ്ക നിരോധം ഏറെ ഫലം ചെയ്തു: ലോകാരോഗ്യ സംഘടന

Published

|

Last Updated

മുംബൈ: ഗുഡ്കയുടെ നിരോധം സംസ്ഥാന സര്‍ക്കാര്‍ ശക്തമായി നടപ്പാക്കിയത് ഏറെ ഫലം ചെയ്തുവെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യു എച്ച് ഒ). ഗുഡ്കയുടെ ലഭ്യത കുറഞ്ഞത് ഏറെ പ്രയോജനം ചെയ്തിട്ടുണ്ട്.
ലോകാരോഗ്യ സംഘടന അസം, ബീഹാര്‍, ഗുജറാത്ത്, കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, ഡല്‍ഹി എന്നിവടങ്ങളില്‍ നടത്തിയ പഠനത്തില്‍ ഗുഡ്കയുടെ വില്‍പ്പന നിരോധം 92 ശതമാനം പേരും അനുകൂലിച്ചു. യുവ ജനങ്ങളുടെ ആരോഗ്യത്തിന് നിരോധം ഏറെ ഗുണം ചെയ്തുവെന്ന് 99 ശതമാനം പേരും അഭിപ്രായപ്പെട്ടു. നിയന്ത്രണ സംവിധാനം ഏറെ കാര്യക്ഷമമാണെന്നും ഉപഭോഗ നിരക്ക് കുറക്കാന്‍ പര്യാപ്തമാണെന്നുമുള്ള ശക്തമായ സന്ദേശമാണ് നിരോധം നല്‍കുന്നത്. നിരോധം ഉപയോഗത്തെ ബാധിച്ചിട്ടുണ്ട്. ഗുഡ്ക ഉപയോഗിക്കുന്നവരില്‍ 49 ശതമാനം അഭിപ്രായപ്പെട്ടത് നിരോധത്തെ തുടര്‍ന്ന് ഉപയോഗം കുറച്ചുവെന്നാണ്. പുകവലി ഇനത്തില്‍ പെടാത്ത എല്ലാ ടൊബാക്കോ ഉത്പന്നങ്ങളുടെയും ഉത്പാദനവും വില്‍പ്പനയും വിതരണവും സര്‍ക്കാര്‍ നിരോധിക്കണമെന്ന ഏകാഭിപ്രായമാണ് 90 ശതമാനം പേര്‍ക്കും.
അതേസമയം, പുകയില ഉത്പന്നങ്ങള്‍ പാന്‍മസാലയുമായി ചേര്‍ത്ത് ഉപയോഗിക്കുന്നത് ഏറെ ഗുരുതരമായി കാണണമെന്ന് ജോണ്‍സ് ഹോപ്കിന്‍സ് ബ്ലൂംബെര്‍ഗ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിന്റെ ഡയറക്ടര്‍ ഡോ. പ്രദീപ് കൃഷ്ണമൂര്‍ത്തി പറയുന്നു. ഈ ദുശ്ശീലം മാറ്റാന്‍ ആഗ്രഹിക്കുന്നവരാണ് വലിയൊരു വിഭാഗം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പാന്‍ ഉപയോഗം ഉപേക്ഷിച്ചവര്‍ നിരവധിയാണ്. നിരോധം ഈ ദുശ്ശീലം മാറ്റാന്‍ ഇടയാക്കുമെന്ന് 80 ശതമാനം പേര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മുതല്‍ പാന്‍ ഉപയോഗം മാറ്റിയവരുടെ എണ്ണം 41-88 ശതമാനമാണ്. ഇപ്പോഴും ഗുഡ്ക ഉപയോഗിക്കുന്ന 1001 പേരിലും ഉപേക്ഷിച്ചവരിലും 458 ചെറുകിട വ്യാപാരികളിലുമാണ് പഠനം നടത്തിയത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികള്‍, സിവില്‍ സൊസൈറ്റി ഗ്രൂപ്പില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുമായി ചേര്‍ന്ന് ഗഹനമായ 54 അഭിമുഖങ്ങളും നടത്തി. ഗുഡ്ക, പാന്‍ ഉത്പന്നങ്ങളുടെ ഉപയോഗം വായിക അര്‍ബുദത്തിന്റെ പ്രധാന കാരമാണ്. ഇന്ത്യയില്‍ 26 ശതമാനം പ്രായപൂര്‍ത്തിയാകാത്തവരും ഇവ ഉപയോഗിക്കുന്നുണ്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ എല്ലാ സംസ്ഥാനങ്ങളിലും ഗുഡ്കയുടെ ഉത്പാദനം, വില്‍പ്പന, വിതരണം തുടങ്ങിയവ നിരോധിച്ചിട്ടുണ്ട്.

Latest