ഭൂരിഭാഗം വിദ്യാര്‍ഥികളും കൊല്ലപ്പെട്ടത് തലക്ക് വെടിയേറ്റ്‌

Posted on: December 18, 2014 12:24 am | Last updated: December 17, 2014 at 11:24 pm

ഇസ്‌ലാമാബാദ്: പെഷാവറിലെ സ്‌കൂളില്‍ പാക് താലിബാന്‍ നടത്തിയ ആക്രമണത്തില്‍ ഭൂരിഭാഗം കുട്ടികളും കൊല്ലപ്പെട്ടത് തലക്ക് വെടിയേറ്റെന്ന് റിപ്പോര്‍ട്ട്. ക്ലാസ് മുറികളിലേക്കും ഓഡിറ്റോറിയത്തിലേക്കും ഓടിക്കൊണ്ടിരിക്കുന്നതിനിടെ യാതൊരു വിവേചനവുമില്ലാതെയാണ് ഭീകരര്‍ കുട്ടികള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. വെടിയേറ്റ് മരിച്ച കുട്ടികളില്‍ ഭൂരിഭാഗത്തിന്റെയും ശിരസ്സുകളില്‍ ബുള്ളറ്റുകള്‍ ഉണ്ടായിരുന്നതായി ഖൈബര്‍- പഷ്തൂണ്‍ വാര്‍ത്താവിനിമയ മന്ത്രി മുഷ്താഖ് അഹ്മദ് ഖനി ചൂണ്ടിക്കാട്ടുന്നു.
നിരവധി സ്‌കൂള്‍ കുട്ടികള്‍ മരണത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്കാണ്. വെടിയൊച്ചകള്‍ കേട്ടു തുടങ്ങിയപ്പോഴേ നേരത്തെ ലഭിച്ച നിര്‍ദേശങ്ങള്‍ അനുസരിച്ച് പല കുട്ടികളും നിലത്ത് കിടന്നു. ഭീകരര്‍ അടുത്തെത്തിയപ്പോള്‍ മരിച്ച പോലെ കിടന്നാണ് മറ്റു ചില കുട്ടികള്‍ മരണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. വളരെ അടുത്തെത്തിയാണ് ഭീകരര്‍ കുട്ടികളുടെ തലക്ക് നേരെ വെടിയുതിര്‍ത്തിരുന്നതെന്ന് രക്ഷപ്പെട്ട വിദ്യാര്‍ഥികള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.