Connect with us

Wayanad

കൊയ്തിട്ട നെല്ല് മുഴുവന്‍ മുളച്ചു പൊങ്ങി; നെല്‍ക്കറ്റകളുമായി കര്‍ഷകര്‍ കൃഷി ഓഫീസില്‍

Published

|

Last Updated

കല്‍പ്പറ്റ:പാടശേഖരത്തിലെ കൊയ്ത്തുത്സവം ചേകാടിക്കാര്‍ക്ക് സമ്മാനിച്ചത് കണ്ണീര്‍ച്ചാലുകള്‍ മാത്രം.നാല് മാസത്തോളം കണ്ണില്‍ എണ്ണയൊഴിച്ച് കാട്ടാനശല്യത്തിന് കാവല്‍ കിടന്ന് മാനുകളെയും പന്നികളെയും കുരുവികളെയും അകറ്റി കാത്തുസൂക്ഷിച്ച് 250 ഏക്കറിലധികം വരുന്ന പാടശേഖരത്തില്‍ 150 ഏക്കറോളമാണ് ഇക്കുറി നെല്‍കൃഷി ഇറക്കിയത്. എച്ച്4, ഗന്ധകശാല, ജീരകശാല, തുടങ്ങി പരമ്പരാഗത വിത്തിനങ്ങളുപയോഗിച്ച് കൃഷി ഇറക്കിയ പാടശേഖരമാണ് ഒരാഴ്ച്ച പെയ്ത കനത്തമഴയില്‍ വെള്ളത്തില്‍ കുതിര്‍ന്നത്. കൊയ്തിട്ട 20 ഏക്കറോളം വരുന്ന നെല്‍പ്പാടത്തെ നെല്‍ക്കതിരുകള്‍ പൂര്‍ണ്ണമായും മുളച്ചുപൊങ്ങി. 52 വയസ്സായ കാളനും 48 വയസ്സായ ബോളിയും നാല് മാസക്കാലമാണ് വീടുപേക്ഷിച്ച് ഏറുമാടത്തില്‍ കാവല്‍ കിടന്നത്. 82 കാരനായ നാരായണന്‍ ചെട്ടിയുടെ സ്ഥിതിയും വിഭിന്നമല്ല. കവിക്കല്‍ ഷാജേഷ്, സുകുമാരന്‍, കാളന്‍, സിദ്ധന്‍, രഘു, വിനോദ്കുമാര്‍ തുടങ്ങിയ കൃഷിക്കാരെല്ലാം രണ്ടേക്കറിലധികം കൃഷി ചെയ്തവരാണ്. കൃഷി തുടങ്ങിയ അവസരത്തില്‍തന്നെ ഇവര്‍ പുല്‍പ്പള്ളി കൃഷിഭവനില്‍ വിള ഇന്‍ഷൂറന്‍സും നല്‍കിയിരുന്നു. എന്നാല്‍ മുളച്ചുപൊങ്ങിയ നെല്ലിന് നഷ്ടപരിഹാരം നല്‍കാനാവില്ലെന്നായിരുന്നു പുല്‍പ്പള്ളി കൃഷിഓഫീസിലെ ഉദ്യോഗസ്ഥരുടെ നിലപാട്. ഇതോടെ തന്നാണ്ട് സമ്പാദ്യം നഷ്ടപ്പെട്ട് ആത്മഹത്യാവക്കിലെത്തിയ കര്‍ഷകരൊന്നാകെ ചേകാടിയിലെ സാമൂഹ്യപ്രവര്‍ത്തകനായ വിശ്വമന്ദിരം അജയകുമാറിന്റെ നേതൃത്വത്തില്‍ മുളച്ചകതിര്‍കറ്റകളുമായി കല്‍പ്പറ്റയിലെ ജില്ലാ കൃഷി ഓഫീസിലെത്തുകയായിരുന്നു. ജില്ലാ കൃഷി ഓഫീസര്‍ ഇന്‍ചാര്‍ജ്ജ് എം.ലക്ഷ്മീദേവി ഇവരുടെ സങ്കടം കേള്‍ക്കുകയും ഇന്ന് കൃഷിയിടം സന്ദര്‍ശിച്ച് പരമാവധി നഷ്ടപരിഹാരത്തിന് ശുപാര്‍ശ ചെയ്യാമെന്ന് ഇവര്‍ക്ക് ഉറപ്പും നല്‍കി. നിലവിലെ സാഹചര്യത്തില്‍ ഇന്‍ഷൂര്‍ ചെയ്ത നെല്ലിന് ഹെക്ടറിന് 12500 രൂപയും പ്രകൃതിക്ഷോഭം മൂലമുള്ള ഇന്‍ഷൂര്‍ ചെയ്യാത്ത നെല്ലിന് 10000 രൂപയും ലഭിക്കാന്‍ വ്യവസ്ഥയുണ്ട്. ഇത് കാറ്റില്‍ പറത്തിയാണ് പുല്‍പ്പള്ളി കൃഷിഭവന്‍ പാവപ്പെട്ട കര്‍ഷകരോട് അനീതി കാണിച്ചത്. തുടര്‍ന്ന് സംഘം ജില്ലാകലക്‌ട്രേറ്റിലെത്തി കലക്ടറുമായി സംസാരിച്ചു. കാട്ടാന ശല്യത്താല്‍ 80 ഏക്കര്‍ നെല്‍വയല്‍ കൃഷി ഇറക്കാനാകാതെ ഉപേക്ഷിച്ചകാര്യം ഇവര്‍ കലക്ടറുടെ ശ്രദ്ധയില്‍പെടുത്തി. ജില്ലാകലക്ടര്‍ ഇന്ന് സ്ഥലം സന്ദര്‍ശിക്കാമെന്ന് ഇവര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്.

Latest