Connect with us

Malappuram

നെല്‍ വിതക്കാനും ഇനി യന്ത്രം

Published

|

Last Updated

തിരൂരങ്ങാടി: നെല്‍കര്‍ഷകര്‍ക്ക് ആശ്വാസമായി ചെറുമുക്ക് വെഞ്ചാലിയില്‍ വിതക്കുന്ന യന്ത്രം എത്തി. ഒരുമണിക്കൂര്‍ സമയം കൊണ്ട് ഒരു ഏക്കര്‍ വിതക്കാന്‍ ഈ യന്ത്രം വഴി സാധിക്കും. തമിഴ്‌നാട് സര്‍വകലാശാല തയ്യാര്‍ ചെയ്ത ലഘുയന്ത്രമാണിത്. വിത്തിന്റെ അമിത ഉപയോഗവും ഇതുവഴി വന്നുചേരുന്ന കളപറിക്കല്‍ രോഗകീടനിയന്ത്രണം തുടങ്ങിയവക്കുള്ള അധികചിലവുകളും നിയന്ത്രിക്കാന്‍ ഈ യന്ത്രം ഉപകരിക്കും.
ഒരുഷാഫ്റ്റില്‍ ഘടിപ്പിച്ച നാലുവിത്ത് അറകളാണ് പ്രധാനഭാഗം. അറകളില്‍ വിത്ത് വിതക്കാന്‍ ഒരു അടപ്പും വിത്ത് പുറത്തേക്ക് വീഴാന്‍ അറയുടെ രണ്ട് വശവും ദ്വാരങ്ങളുമുണ്ട്. വയലിലൂടെ വലിച്ച് കൊണ്ട് നടക്കാന്‍ പിടിയും ചെളിയിലൂടെ ഉരുളുന്നതിന് ഭാരം കുറഞ്ഞ പ്ലാസ്റ്റിക് ചക്രങ്ങളും ഇതിനുണ്ട്. യന്ത്രം മുന്നോട്ടുവലിക്കുമ്പോള്‍ ഷാഫ്റ്റ് കറങ്ങുകയും അതുവഴി ഡ്രംകറങ്ങി വിത്തുകള്‍ ചെറുദ്വാരങ്ങളിലുടെ കൃത്യമായ അകലത്തില്‍ വീഴുകയും ചെയ്യുന്നു.
രണ്ടുവരികള്‍ തമ്മില്‍ 20 സെമിയും വരികള്‍ക്കിടയില്‍ 10 സെമിയും അകലം വരുന്ന വിധത്തിലാണ് വിത്തറകള്‍ ക്രമീകരിച്ചിട്ടുള്ളത്. ലളിതമായ ഈ ഉപകരണം പ്രവൃത്തിപ്പിക്കാന്‍ പ്രത്യേക വൈദഗ്ധ്യമൊന്നും വേണ്ട.
ഒരുഏക്കറിനാവശ്യമായ 10-15 കിലോവിത്ത് 12 മണിക്കൂര്‍ സമയം കുതിര്‍ത്തശേഷം വെള്ളം വാര്‍ത്ത് കളഞ്ഞ് 12 മണിക്കൂര്‍ മുള പൊട്ടാന്‍ വെക്കണം. മുളപൊട്ടിയ ഉടന്‍ വേരുകള്‍ നീളം വരുന്നതിന് മുമ്പ് വിത്ത് നന്നായി തോര്‍ത്തി വിതയന്ത്രത്തിന്റെ അറകളില്‍ ഭാഗികമായി നിറച്ച് ഉപയോഗിക്കാം. ഒരു മണിക്കൂര്‍ സമയം കൊണ്ട് ഒരു ഏക്കര്‍ സ്ഥലത്ത് വിതക്കാവുന്നതാണ്. സഹകരണ സ്ഥാപനമായ റൈസ്‌കോ ഐശ്വര്യാഡ്രം സീഡര്‍ ആണ് ഈ യന്ത്രം വിപണിയിലിറക്കിയിട്ടുള്ളത്.
ജില്ലയിലെ പ്രധാന നെല്ലറകളില്‍ ഒന്നായ ചെറുമുക്ക് വെഞ്ചാലിയിലാണ് ജില്ലയില്‍ ആദ്യമായി ഇറങ്ങിയിട്ടുള്ളത്. ചെറുമുക്ക് പാടശേഖര സമിതി അംഗം കെ മരക്കാര്‍കുട്ടിയാണ് ഇത് വാങ്ങിയത്. സഹായത്തിനായി തമിഴ്‌നാട് സ്വദേശി ഗുരുമൂര്‍ത്തി കൂടെയുണ്ട്. യന്ത്രം വയലിലേക്ക് ഇറക്കുന്ന ചടങ്ങില്‍ നന്നമ്പ്ര കൃഷി ഓഫീസല്‍ കെ വിദ്യ അസി. കൃഷി ഓഫീസര്‍ പി ആര്‍ രാജ്കുമാര്‍ സംബന്ധിച്ചു.

Latest