സോളാര്‍ കേസ്: സാക്ഷിപ്പട്ടികയില്‍ മുഖ്യമന്ത്രിയും

Posted on: December 17, 2014 12:18 pm | Last updated: December 18, 2014 at 10:28 am

Oommen Chandy

തിരുവനന്തപുരം/കൊച്ചി: സോളാര്‍ അഴിമതി കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, അന്നത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവരുള്‍പ്പെടെയുള്ളവരെ വിസ്തരിക്കാന്‍ ജസ്റ്റിസ് ജി ശിവരാജന്‍ കമ്മീഷന്‍ തീരുമാനിച്ചു. സോളാര്‍ തട്ടിപ്പിന് ഇരയായവരില്‍ നിന്നായിരിക്കും ആദ്യം തെളിവുകള്‍ ശേഖരിക്കുക. സരിത എസ് നായരുടെ മൊഴി രേഖപ്പെടുത്താതിരുന്ന എറണാകുളം എസി ജെ എം. എന്‍ വി രാജുവിനെയും കമ്മിഷന്‍ വിസ്തരിക്കും. 127 പേരുടെ സാക്ഷി പട്ടികയാണ് കമ്മീഷന്‍ തയ്യാറാക്കിയിരിക്കുന്നത്.
അന്വേഷണം പ്രധാന ഘട്ടത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായാണ് സോളാര്‍ കമ്മീഷന്‍ മൊഴിയെടുക്കലിന്റെ രൂപം ക്രമീകരിച്ചത്. മൊഴിയെടുക്കല്‍ ക്രമത്തില്‍ അവസാനത്തിലാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെയും മൊഴി രേഖപ്പെടുത്തുക. ആദ്യഘട്ടത്തില്‍ ശ്രീധരന്‍ നായര്‍ ഉള്‍പ്പടെ തട്ടിപ്പിനിരയായ എട്ടു പേരില്‍ നിന്നായിരിക്കും തെളിവുകള്‍ ശേഖരിക്കുക. തുടര്‍ന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ചീഫ്‌വിപ്പ് പി സി ജോര്‍ജ് എന്നിവരടക്കം നിയമസഭക്കുള്ളില്‍ ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഉന്നയിച്ച എം എല്‍ എമാരെ വിസ്തരിക്കും.
ആരോപണങ്ങള്‍ ഉന്നയിച്ച വിവിധ കക്ഷി നേതാക്കള്‍, അവ പ്രസിദ്ധീകരിച്ച മാധ്യമങ്ങളുടെ എഡിറ്റര്‍മാര്‍ എന്നിവരില്‍ നിന്നും തെളിവുകള്‍ ശേഖരിക്കാനും തീരുമാനിച്ചിട്ടുണ്ട്. സരിത എസ് നായരടക്കം സോളാര്‍ കേസിലെ പ്രതികളുമായി ഫോണില്‍ ബന്ധപ്പെട്ട അഞ്ചു എം എല്‍ എമാരില്‍ നിന്നും മുന്‍കേന്ദ്രമന്ത്രി കെ സി വേണുഗോപാലടക്കം മൂന്ന് എം പിമാരില്‍ നിന്നും പിന്നീട് തെളിവെടുക്കും. നിയമസഭയില്‍ നടന്ന ചര്‍ച്ചകളില്‍ പങ്കാളികളായ ഒമ്പതു മന്ത്രിമാരില്‍ നിന്നും മന്ത്രിമാരുടെ പേഴ്‌സനല്‍ സ്റ്റാഫില്‍ നിന്നും അന്വേഷണ സംഘം തെളിവെടുക്കും.
സരിത എസ് നായര്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയതായ പരാതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫിസില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് വനിതാ കോണ്‍സ്റ്റബിള്‍മാരുടെ മൊഴിയും കമ്മീഷന്‍ രേഖപ്പെടുത്തും. സരിതയുടെ മൊഴി രേഖപ്പെടുത്താതിരുന്ന എറണാകുളം അഡീഷണല്‍ സി ജെ എം എന്‍ വി രാജുവിനെയും കോടതിയിലെ നാലു ജീവനക്കാരേയും വിസ്തരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
പ്രതികളെ പാര്‍പ്പിച്ചിരുന്ന പത്തനംതിട്ട, തിരുവനന്തപുരം ജയിലുകളിലെ സൂപ്രണ്ടുമാര്‍, കേസന്വേഷിച്ച പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍, പ്രതികള്‍, ടീംസോളാര്‍ കമ്പനി ഉദ്യോഗസ്ഥര്‍, ടെന്നി ജോപ്പന്‍, ജിക്കുമോന്‍ ജേക്കബ്, സലീംരാജ് ഉള്‍പ്പടെ തട്ടിപ്പുകാലത്ത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ജോലി ചെയ്തിരുന്നവരും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടും. ആറ് പരാതിക്കാരും കമ്മീഷന്‍ അഭിഭാഷകനും നല്‍കിയ പട്ടികയില്‍ നിന്നാണ് 127 സാക്ഷികളുടെ പട്ടിക ഇന്നലെ കമ്മീഷന്‍ തയ്യാറാക്കിയത്. 20ന് കമ്മീഷന്റെ അടുത്ത സിറ്റിംഗില്‍ ഈ ലിസ്റ്റില്‍ നിന്ന് പ്രസക്തമല്ലാത്ത ചിലരുടെ പേരുകള്‍ ഒഴിവാക്കിയാകും അന്തിമ പട്ടിക തയ്യാറാക്കുക. വിസ്താരത്തിന്റെ സമയക്രമമടക്കമുള്ള കാര്യങ്ങളും കമ്മീഷന്‍ ശനിയാഴ്ച തീരുമാനിക്കും. മുഖ്യമന്ത്രിയുടെ വിചാരണ ഏറ്റവും അവസാനമാണ് നടക്കാനിടയുള്ളത്. വിസ്താരം കൊച്ചിയില്‍ നടത്തണോ, തിരുവനന്തപുരത്ത് നടത്തണോ, രഹസ്യ വിസ്താരം വേണോ തുടങ്ങിയ കാര്യങ്ങളില്‍ കമ്മീഷന്‍ പിന്നീട് മാത്രമേ തീരുമാനമെടുക്കൂ.