Connect with us

International

പെഷാവര്‍ കൂട്ടക്കുരുതി: അപലപിച്ച് ലോകനേതാക്കള്‍

Published

|

Last Updated

ന്യൂഡല്‍ഹി: പാകിസ്ഥാനിലെ പെഷാവറില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ലോകത്തിന്റെ ആദരാഞ്ജലി. ഇന്ത്യന്‍ സ്‌കൂളുകളില്‍ രണ്ട് മിനിറ്റ് മൗനാചരണം നടന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശ പ്രാകാരമായിരുന്നു മൗനാചരണം. ഇന്നലെ നടന്ന ഭീകരാക്രമണത്തില്‍ 132 കുട്ടികളടക്കം 145 പേരാണ് കൊല്ലപ്പെട്ടത്. നൂറിലധികം പേര്‍ പരിക്കേറ്റ് ആശുപത്രികളിലാണ്. മരണപ്പെട്ടവരുടെ സംസ്‌കാരചടങ്ങുകള്‍ പുരോഗമിക്കുകയാണ്. പാകിസ്ഥാനില്‍ മൂന്ന് ദിവസത്തെ ദേശീയ ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്നലെ രാത്രി മോദി  ശരീഫിനെ ഫോണില്‍ വിളിച്ച് അനുശോചനം അറിയിച്ചിരുന്നു. തീവ്രവാദത്തിനെതിരെ ഇരു രാജ്യങ്ങളും ഒന്നിക്കേണ്ടത് അനിവാര്യതയിലേക്കാണ് സംഭവം വിരല്‍ ചൂണ്ടുന്നതെന്ന് മോദി ശരീഫിനോട് പറഞ്ഞു. സംഭവത്തില്‍ അഗാധ ദു:ഖം രേഖപ്പെടുത്തുന്നതായി പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
പെഷാവറിലെ കൂട്ടക്കുരുതിയിലൂടെ ഭീകരര്‍ അവരുടെ ക്രൂരമുഖം ഒരിക്കല്‍ കൂടി വെളിപ്പെടുത്തിയെന്ന് യുഎസ് പ്രസിഡന്റ് ബരാക് ഒബാമ പറഞ്ഞു. പാക്ക് ജനതയ്ക്കും സര്‍ക്കാരിനും എല്ലാവിധ പിന്തുണയും നല്‍കുമെന്നും ഒബാമ പറഞ്ഞു. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണും സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി. ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോ ഹോളണ്ടും ആക്രമണത്തെ അപലപിച്ചു. സംഭവം ഹൃദയഭേദകമാണെന്ന് നൊബേല്‍ സമ്മാന ജേതാവ് മലാല യൂസഫ് സായി പറഞ്ഞു. മലാലയും നേരത്തെ പാക് താലിബാന്റെ ആക്രമണത്തിന് ഇരയായിരുന്നു.
ഇന്നലെ പ്രാദേശിക സമയം 10.30ഓടെയായിരുന്നു സൈനിക വേഷത്തിലെത്തിയ ഭീകരര്‍ സ്‌കൂളിലേക്ക് അതിക്രമിച്ച് കടന്ന് ആക്രമണം നടത്തിയത്. എട്ട് മണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് സൈനികര്‍ ഏഴ് ഭീകരരേയും കൊലപ്പെടുത്തിയത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം തെഹ്‌രീകെ താലിബാന്‍ ഏറ്റടുത്തിരുന്നു.

Latest