Connect with us

Kozhikode

വിദൂരവിദ്യാഭ്യാസം വിദ്യാര്‍ഥികള്‍ക്ക് റഗുലറുകാരുടെ ആനുകൂല്യങ്ങള്‍ ഉറപ്പാക്കും: വൈസ് ചാന്‍സിലര്‍

Published

|

Last Updated

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ രണ്ട് ലക്ഷത്തോളം വരുന്ന വിദൂരവിദ്യാഭ്യാസ വിഭാഗം വിദ്യാര്‍ഥികള്‍ക്ക് റഗുലര്‍ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ഉറപ്പുവരുത്തുമെന്ന് വൈസ് ചാന്‍സിലര്‍ ഡോ. എം അബ്ദുസ്സലാം. കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസ വിദ്യാര്‍ഥികളുടെ ഇന്റര്‍സോണ്‍ കലോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തില്‍ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, തൃശൂര്‍, പാലക്കാട് എന്നിങ്ങനെ ആറ് സോണുകളായി തിരിച്ചാണ് മത്സരങ്ങള്‍.
ആദ്യദിനം 35 ഇനങ്ങളുടെ ഫലം പ്രഖ്യാപിച്ചപ്പോള്‍ 95 പോയിന്റോടെ മലപ്പുറം സോണ്‍ മുന്നിട്ടുനില്‍ക്കുകയാണ്. 91 പോയിന്റ് നേടിയ കോഴിക്കോടാണ് തൊട്ടുപിന്നില്‍. പ്രോ. വൈസ് ചാന്‍സലര്‍ കെ രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. കവിയും ഗാന രചയിതാവുമായ റഫീഖ് അഹമ്മദ് മുഖ്യാതിഥിയായിരുന്നു. സിന്‍ഡിക്കേറ്റംഗം സയ്യിദ് ആബിദ് ഹുസൈന്‍, വിദൂരവിദ്യാഭ്യാസ വിഭാഗം ഡയറക്ടര്‍ ഡോ. മുഹമ്മദുണ്ണി, ഏലിയാസ് മുസ്തഫ, ഡെപ്യൂട്ടി രജിസ്ട്രാര്‍ യു വി രാജഗോപാല്‍, ജനറല്‍ കണ്‍വീനര്‍ സി ജെ ഡേവിഡ്, കെ പി പ്രശാന്ത്, പി രാജേഷ്‌മേനോന്‍ പ്രസംഗിച്ചു. ഉദ്ഘാടനത്തിന് മുന്നോടിയായി നടന്ന സാംസ്‌കാരിക ഘോഷയാത്രക്ക് പി ടി ജോയ്, മൊയ്തീന്‍കുട്ടി, പി കെ ജാസിം സമദ്, റഫീഖ് പെരുമുക്ക് നേതൃത്വം നല്‍കി.

Latest