ഇസിലിനെ രാജ്യത്ത് നിരോധിച്ചു

Posted on: December 17, 2014 12:12 am | Last updated: December 17, 2014 at 10:15 am

ന്യൂഡല്‍ഹി: ഇസിലിന്റെ ട്വിറ്റര്‍ അക്കൗണ്ട് പ്രവര്‍ത്തിപ്പിച്ചതിന് ബെംഗളൂരുവില്‍ യുവാവ് അറസ്റ്റിലായതോടെ രാജ്യത്ത് ഇസിലിന് നിരോധമേര്‍പ്പെടുത്തി. പശ്ചിമേഷ്യയില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് നിയന്ത്രിക്കുന്നതിനാണ് നിരോധമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് പാര്‍ലിമെന്റില്‍ അറിയിച്ചു.
ഇറാഖിലും സിറിയയിലും മറ്റ് ചില രാഷ്ട്രങ്ങളിലും പ്രവര്‍ത്തിക്കുന്ന ഇസിലിനെ സൂക്ഷ്മമായി നിരീക്ഷിച്ചതായി മന്ത്രി അറിയിച്ചു. ആദ്യഘട്ടമെന്ന നിലക്കാണ് നിരോധം. ഇസിലില്‍ പ്രവര്‍ത്തിക്കുകയോ സ്വാധീനിക്കപ്പെടുകയോ ചെയ്ത ഇന്ത്യക്കാര്‍ വളരെ കുറച്ചാണ്. കുറച്ച് പേരേയുള്ളുവെങ്കിലും അതിഗൗരവമായാണ് കാണുന്നത്. മന്ത്രി അറിയിച്ചു.
നിരോധമേര്‍പ്പെടുത്തിയതോടെ ഗ്രൂപ്പുമായി പ്രവര്‍ത്തിക്കുന്നവരെന്ന് സംശയമുള്ളവരെ പിടികൂടാനും വിചാരണ ചെയ്യാനും പോലീസിന് എളുപ്പമാണ്. നേരത്തെ, മഹാരാഷ്ട്രയില്‍ നിന്ന് നാല് യുവാക്കള്‍ ഇസിലില്‍ പ്രവര്‍ത്തിക്കാന്‍ ഇറാഖിലേക്ക് പോയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇവരില്‍ ഒരാള്‍ തിരിച്ചെത്തുകയും എന്‍ ഐ എ അറസ്റ്റും ചെയ്തു. ഇന്ത്യയെ ഇസില്‍ എങ്ങനെയാണ് കാണുന്നതിലുള്ള ശങ്കയും ഈ വര്‍ഷം ഇറാഖില്‍ നിന്ന് ഇസില്‍ പിടികൂടിയ ഇന്ത്യക്കാരുടെ കാര്യത്തില്‍ ആശങ്കയും ഉള്ളത് കൊണ്ടാണ് ഗ്രൂപ്പിനെതിരെ സര്‍ക്കാര്‍ കര്‍ശന നടപടിക്ക് മടിച്ചതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഗ്രൂപ്പ് നിരോധിച്ചെങ്കിലും ഗ്രൂപ്പിനോട് അനുഭാവമുള്ളവരെ കണ്ടുപിടിച്ച് തിരികെകൊണ്ടുവരല്‍ പ്രയാസമാണ്. ഇസിലിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന ‘@ശാമിവിറ്റ്‌നസ്’ എന്ന ട്വിറ്റര്‍ അക്കൗണ്ടിന് പിന്നില്‍ പ്രവര്‍ത്തിച്ച മെഹ്ദി മസ്‌റൂര്‍ ബിശ്വാസ് എന്ന 24കാരനെയാണ് ബെംഗളൂരു പോലീസ് കഴിഞ്ഞ ശനിയാഴ്ച അറസ്റ്റ് ചെയ്തത്. ഈ അക്കൗണ്ടിനെ 17800 പേരാണ് പിന്തുടര്‍ന്നത്. ഇവരില്‍ അധികവും പാശ്ചാത്യരും അമുസ്‌ലിംകളുമാണ്. നിരവധി വര്‍ഷങ്ങളായി ബിശ്വാസ് പോസ്റ്റ് ചെയ്ത 129000 ട്വീറ്റുകള്‍ പോലീസ് പരിശോധിക്കുകയാണ്. അതേസമയം, സിഡ്‌നിയില്‍ ഇസില്‍ അംഗമെന്ന് സംശയിക്കുന്ന സായുധ സംഘം നിരവധി പേരെ ബന്ദികളാക്കിയ പശ്ചാത്തലത്തില്‍ ബെംഗളൂരുവില്‍ സുരക്ഷ ശക്തമാക്കി. സിഡ്‌നിയില്‍ ബന്ദികളാക്കിയവരെ എല്ലാവരെയും കഴിഞ്ഞ ദിവസം തന്നെ മോചിപ്പിച്ചിരുന്നു. സായുധ സംഘത്തെ കൊലപ്പെടുത്തുകയും ചെയ്തു.