കുപ്രസിദ്ധ ഗുണ്ടാ തലവന്‍ മയക്കുമരുന്നുമായി പിടിയില്‍

Posted on: December 17, 2014 5:59 am | Last updated: December 16, 2014 at 11:00 pm

ഹരിപ്പാട്: കുപ്രസിദ്ധ ഗുണ്ടാ തലവന്‍ മയക്കുമരുന്നുമായി പിടിയിലായി. സ്‌കൂള്‍, കോളജ് പരിസരങ്ങള്‍ കേന്ദ്രീകരിച്ച് കഞ്ചാവും മയക്കുമരുന്നും വില്‍പ്പന നടത്തുന്ന മാവേലിക്കര പുന്നമൂട് എബനേസര്‍ പുത്തന്‍വീട്ടില്‍ ലിജു ഉമ്മന്‍ തോമസ് (36) നെയാണ് ഹരിപ്പാട് സി ഐ. ടി മനോജ്, തൃക്കുന്നപ്പുഴ എസ് ഐ. കെ ടി സന്ദീപ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.
തിങ്കളാഴ്ച വൈകിട്ട് 7.30ഓടെ തീരദേശ മേഖലയായ ആറാട്ടുപുഴ വലിയഴീക്കല്‍ വെച്ചാണ് ഇയാളെ പിടികൂടിയത്. ഇയാളില്‍ നിന്നും 100 ഗ്രാം കഞ്ചാവും 18 ആമ്പ്യൂളുകളും പോലീസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് പറയുന്നത്: തിങ്കളാഴ്ച വൈകിട്ട് മൂന്നരയോടെ തൃക്കുന്നപ്പുഴ എസ് ഐ. സന്ദീപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മഹാദേവികാട് പുളിക്കീഴ് പാലത്തിനു സമീപം വാഹനം പരിശോധിക്കുന്നതിനിടെ ബൈക്കിലെത്തിയ മൂന്നംഗ സംഘം വെട്ടിച്ചു കടക്കാന്‍ ശ്രമിച്ചു. ഇവരെ പോലീസ് ചോദ്യം ചെയ്യവെയാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്.
ബൈക്കിലെത്തിയ വിദ്യാര്‍ഥി സംഘത്തില്‍ നിന്നും 100 ഗ്രാം കഞ്ചാവ് പോലീസ് പിടികൂടി. കൂടുതല്‍ ചോദ്യംചെയ്യവെ മാവേലിക്കര സ്വദേശിയില്‍ നിന്നാണ് കഞ്ചാവ് ലഭിക്കുന്നതെന്ന് വ്യക്തമായി. തുടര്‍ന്ന് സി ഐ. ടി മനോജ്, എസ് ഐ സന്ദീപ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് വേഷം മാറി മാവേലിക്കര കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയുമായിരുന്നു. കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വലിയഴീക്കലില്‍ എത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പോലീസിനെ ആക്രമിച്ച് രക്ഷപെടാന്‍ ശ്രമിക്കവെ ബലംപ്രയോഗിച്ച് പിടികൂടുകയായിരുന്നു. കൂടുതല്‍ ചോദ്യം ചെയ്യലില്‍ 32 ഓളം ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് ലിജുവെന്നും വ്യക്തമായി.
2002ല്‍ ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്ന കേസിലും കായംകുളത്ത് ശര്‍ക്കരവ്യാപാരിയെ കൊന്ന കേസിലും ഇയാള്‍ പ്രതിയാണ്. കായംകുളത്ത് തട്ടുകടയില്‍ ബോംബ് വെച്ച് ആക്രമണം നടത്തിയ കേസിലെ ഒന്നാം പ്രതിയുമാണ്. ഇതിനു പുറമെ എട്ട് വധശ്രമകേസുകള്‍ ഉള്‍പ്പടെയാണ് 32 ഓളം കേസുകള്‍. 2009 ല്‍ കോട്ടയത്ത് രാജസ്ഥാന്‍ സ്വദേശികളായ രണ്ട് സ്വര്‍ണ വ്യാപാരികളില്‍ നിന്നും കവര്‍ച്ച നടത്തിയ കേസിലും പ്രതിയാണ്. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ ഇയാളെ ഗുണ്ടാ ആക്ടില്‍ പെടുത്തി കാപ്പ നിയമപ്രകാരം ജയിലിലടച്ചിട്ടുമുണ്ടെന്നും സി ഐ പറഞ്ഞു. ലിജുവിന്റെ സഹോദരന്‍ ജൂലി ഉമ്മന്‍ തോമസും കഞ്ചാവ് കേസില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. മാസങ്ങള്‍ക്കു മുമ്പ് ആലപ്പുഴയില്‍ വെച്ച് പ്രതി വാര്‍ത്താസമ്മേളനം നടത്തി ഗുണ്ടാ പ്രവര്‍ത്തികള്‍ നിര്‍ത്തി സമാധാന ജീവിതം നയിക്കുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു.