മര്‍കസ് അന്താരാഷ്ട്ര എക്‌സ്‌പോക്ക് പ്രൗഢോജ്ജ്വല തുടക്കം

Posted on: December 16, 2014 11:13 pm | Last updated: December 16, 2014 at 11:13 pm

MARKAZകോഴിക്കോട്: രാജ്യത്തോടൊപ്പം, ജനങ്ങളോടൊപ്പം എന്ന ശീര്‍ഷകത്തില്‍ ഈ മാസം 18- 21 തീയതികളില്‍ നടക്കുന്ന മര്‍കസ് 37-ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര എക്‌സ്‌പോക്ക് പ്രൗഢോജ്ജ്വല തുടക്കം. മര്‍കസ് ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ക്യാമ്പസില്‍ നടന്ന ചടങ്ങില്‍ കേരള വെറ്റിനറി ആന്‍ഡ് അനിമല്‍ സയന്‍സ് സര്‍വകലാശാല വൈസ്ചാന്‍സിലര്‍ ഡോ. ബി അശോക് ഐ എ എസ് മര്‍കസ് എക്‌സ്‌പോ ഉദ്ഘാടനം ചെയ്തു. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു.
ജീവിതം കളിയും വിനോദവും മാത്രമായി മാറുന്ന സാഹചര്യത്തില്‍ അറിവും ചിന്തയും പ്രദാനം ചെയ്യുന്ന പ്രദര്‍ശന പരിപാടികളാണ് മര്‍കസ് എക്‌സ്‌പോയില്‍ ഒരുക്കിയിട്ടുള്ളതെന്ന് കാന്തപുരം പറഞ്ഞു.
രാജ്യത്തെ ഏറ്റവും വലിയ സുഗന്ധദ്രവ്യ പ്രദര്‍ശനം മര്‍കസ് എക്‌സ്‌പോയില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഗിന്നസ് ബുക്കില്‍ ഇടം നേടിയ ലോകത്തിലെ ഏറ്റവും ചെറിയ പശു മാണിക്യം, ബിസി- എട്ടാം നൂറ്റാണ്ട് മുതലുള്ള ചരിത്രാവശിഷ്ടങ്ങള്‍ തുടങ്ങിയ നിരവധി അത്ഭുതങ്ങളാണ് 60,000 സ്‌ക്വയര്‍ ഫീറ്റില്‍ തയ്യാറാക്കിയിട്ടുള്ളത്. കാര്‍ഷികം 14, ടെക്‌നോഫെസ്റ്റ്, ജനറല്‍ എക്‌സിബിഷന്‍ എന്നീ വിഭാഗങ്ങളിലായാണ് എക്‌സ്‌പോ തയ്യാറാക്കിയിരിക്കുന്നത്. ആധുനിക കാര്‍ഷിക രീതികള്‍, യന്ത്രങ്ങള്‍, വളര്‍ത്തു പക്ഷികള്‍, മൃഗങ്ങള്‍ എന്നിവയുടെ പരിപാലന രീതികളും കേരളീയ കാര്‍ഷിക പൈതൃകത്തെ ദൃശ്യവത്കരിക്കുന്ന പവലിയനുകളും സെമിനാറുകളും എക്‌സ്‌പോയുടെ പ്രത്യേകതയാണ്.
കൂടാതെ മര്‍കസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്‌നോളജിയുടെ മേല്‍നോട്ടത്തില്‍ വിവിധ മേഖലകളെ പരിചയപ്പെടുത്തുന്ന മുന്‍നിര കമ്പനികളുടെ സ്റ്റാളുകളും എക്‌സ്‌പോയില്‍ ഒരുക്കിയിട്ടുണ്ട്. ഹോം അപ്ലയന്‍സസ്, ഫര്‍ണിച്ചര്‍, ഇലക്ട്രോണിക്‌സ്, എന്‍ജിനീയറിംഗ് തുടങ്ങി നിരവധി മേഖലകളെ പ്രതിനിധീകരിക്കുന്ന കൊമേഴ്‌സ്യല്‍ സ്റ്റാളുകളും ഉണ്ട്. വാഹനപ്രേമികളെ ആകര്‍ഷിക്കുന്ന പ്രമുഖ വാഹന നിര്‍മാതാക്കളുടെ സ്റ്റാളുകളും എക്‌സ്‌പോയുടെ ഭാഗമായിരിക്കും. അപൂര്‍വമായ വിന്റേജ് കാറുകള്‍, മേല്‍ത്തരം ലക്ഷ്വറി കാറുകള്‍ കൂടാതെ ആധുനിക വാസ്തുശില്‍പ്പ രീതികള്‍, വാര്‍ത്താവിനിമയ രംഗത്തെ നൂതന ഉപകരണങ്ങള്‍ തുടങ്ങിയവയുടെ പ്രദര്‍ശനങ്ങളും ഉള്‍കൊള്ളിച്ചിട്ടുണ്ട്. മര്‍കസ് പബ്ലിക്ക് സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ പ്രദര്‍ശനങ്ങളും എക്‌സ്‌പോയിലുണ്ട്. പൊതുജനങ്ങള്‍ക്കുള്ള എക്‌സ്‌പോ പ്രദര്‍ശനവേദി കോഴിക്കോട് പോലീസ് കമ്മീഷനര്‍ എ വി ജോര്‍ജ്ജ് ഐ പി എസ് ഉദ്ഘാടനം ചെയ്തു. എക്‌സ്‌പോ ടിക്കറ്റ് വിതരണോദ്ഘാടനം ഇന്‍കം ടാക്‌സ് കമ്മീഷനര്‍ ദേവദാസ് ഐ ആര്‍ എസ് നിര്‍വഹിച്ചു. മര്‍കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി അതിഥികള്‍കുള്ള മര്‍കസ് ഉപഹാരങ്ങള്‍സമര്‍പ്പിച്ചു. മര്‍കസ് ഡയറക്ടര്‍ ഡോ. എം എ എച്ച് അസ്ഹരി സ്വാഗതം പറഞ്ഞു. ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, മര്‍കസ് സമ്മേളന സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ബി പി സിദ്ദീഖ് ഹാജി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാലകൃഷ്ണന്‍ നായര്‍, അശോകന്‍, ഡോ. സേതുമാധവന്‍, എ ഡി എം രാധാകൃഷ്ണന്‍, എ സി പി ജോഡി ചെറിയാന്‍, ട്രാഫിക് എ സി പി അബ്ദുര്‍റസാഖ്, സലീം മടവൂര്‍, അപ്പോളോ മൂസഹാജി, ചാലിയം കരീം ഹാജി എന്നിവര്‍ പ്രസംഗിച്ചു. എക്‌സ്‌പോ കോര്‍ഡിനേറ്റര്‍ മുഹമ്മദ് ബുസ്താനി നന്ദി പറഞ്ഞു.