കുടുംബങ്ങള്‍ അവയവ ദാനത്തിന് സന്നദ്ധരാവണം: ഫാ. ഡേവിസ് ചിറമ്മല്‍

Posted on: December 16, 2014 8:36 pm | Last updated: December 16, 2014 at 8:36 pm

fatherദുബൈ: നിരവധി ആളുകള്‍ വൃക്കയുള്‍പെടെയുള്ള അവയവങ്ങള്‍ക്കായി കാത്തിരുന്ന് ദുരിതപൂര്‍ണമായ ജീവിതം നയിക്കുന്ന വര്‍ത്തമാനകാലത്ത് കുടുംബങ്ങള്‍ അവയവ ദാനത്തിന് സന്നദ്ധരാവണമെന്ന് കിഡ്‌നി ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഫാ. ഡേവിസ് ചിറമ്മല്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വ്യക്തികള്‍ മാത്രം മരണ ശേഷം അവയവം ദാനംചെയ്യാന്‍ സമ്മതപത്രം ഒപ്പിട്ടത് കൊണ്ട് വേണ്ടത്ര പ്രയോജനം ലഭിച്ചെന്ന് വരില്ല. കാരണം. മരണ ശേഷം മൃതദേഹത്തില്‍ നിന്നു അവയവം മാറ്റാന്‍ ഉറ്റവര്‍ സമ്മതിക്കാത്തതാണ് പ്രശ്‌നമാവുന്നത്. മരണ ശേഷം വൃക്ക ഉള്‍പെടെയുള്ള അവയവങ്ങള്‍ ദാനം ചെയ്യാന്‍ സാധിച്ചാല്‍ നമ്മുടെ സാന്നിധ്യം കുറേക്കാലം കൂടി ഈ ഭൂമിയില്‍ അനുഭവപ്പെടുമെന്നും മരണ ശേഷം സ്വന്തം ശരീരം വൈദ്യശാസ്ത്ര പഠനങ്ങള്‍ക്കായി നല്‍കാന്‍ തീരുമാനിച്ച ചിറമ്മല്‍ വ്യക്തമാക്കി.
മാ നിഷാദ എന്ന പേരില്‍ അഹിംസക്കായി സെപ്തംബര്‍ 25 മുതല്‍ നവംബര്‍ ഒന്നു വരെ നടത്തിയ കേരള യാത്രയുടെ അനുഭവങ്ങളും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പങ്കുവെച്ചു. സ്വയം കൊല്ലരുത്, സഹോദരനെ കൊല്ലരുത്, മാതാപിതാക്കളെ കൊല്ലരുത്, കുഞ്ഞുങ്ങളെ കൊല്ലരുത്, ജീവിതപങ്കാളിയെ കൊല്ലരുത്, നദികളെ കൊല്ലരുത് മാനവികതയെ കൊല്ലരുത് തുടങ്ങിയ 15 മാ നിഷാദ സൂക്തങ്ങളാണ് യാത്രയില്‍ മുന്നോട്ടുവെച്ചത്. ലോകത്തില്‍ ഏറ്റവും ആത്മഹത്യാ സാന്ദ്രത കൂടിയ നാടാണ് കേരളം. 2003 മുതല്‍ 2013 വരെയുള്ള കാലയളവില്‍ 75,455 പേര്‍ കേരളത്തില്‍ ആത്മഹത്യ ചെയ്‌തെന്നാണ് ഔദ്യോഗിക കണക്ക്. യാഥാര്‍ഥ്യം ഇതിലും കൂടുതലായിരിക്കും.
ഇതേ കാലത്ത് റോഡപകടങ്ങളില്‍ സംസ്ഥാനത്ത് പൊലിഞ്ഞത് 40,905 ജീവനാണ്. കാണാതായവര്‍ 5,925ഉം കൊലക്കത്തിക്ക് ഇരയായത് 4,759 ആണെന്നത് നാം ഓരോരുത്തരുടെയും ശ്രദ്ധപതിയേണ്ട വിഷയമാണെന്നും ഫാ. ചിറമ്മല്‍ ഓര്‍മിപ്പിച്ചു. അല്‍ ജസീറ ഗ്രൂപ്പ് ഓഫ് കമ്പനീസ് എം ഡി സണ്ണി തോമസ് പങ്കെടുത്തു.