ചുരണ്ടിയാല്‍ നമ്പര്‍ മായുന്നു: ഭാഗ്യക്കുറികളില്‍ വ്യാജന്‍മാര്‍ വ്യാപകം

Posted on: December 16, 2014 12:16 pm | Last updated: December 16, 2014 at 12:16 pm

karunya lotteryകാളികാവ്: ഭാഗ്യക്കുറികളില്‍ വ്യാജന്‍മാര്‍ വ്യാപകമാകുന്നതായി പരാതി. കേരള സര്‍ക്കാറിന്റെ വിവിധ ലോട്ടറികളടക്കമുള്ള ലോട്ടറികളിലാണ് വ്യാജന്‍മാര്‍ വ്യാപകമായിരിക്കുന്നത്.
നമ്പറും ബാര്‍ കോഡുകളും ചുരണ്ടിയാല്‍ മാഞ്ഞ് പോകുന്നതാണ് ലോട്ടറി ടിക്കറ്റ് വ്യാജമാണെന്ന് ആരോപിക്കാന്‍ കാരണം. ഏതാനും മാസം മുമ്പ് ഇത്തരം വ്യാജ ലോട്ടറി ടിക്കറ്റ് വില്‍പ്പനക്കെത്തിയിരുന്നു. ഇത് സംബന്ധിച്ച് വാര്‍ത്തകള്‍ വന്നതോടെ വ്യാജന്‍മാര്‍ വിപണിയിലെത്തുന്നത് കുറഞ്ഞിരുന്നു.
എന്നാല്‍ വ്യാജ ലോട്ടറികള്‍ മിക്ക ഏജന്‍സികളും വില്‍പനക്കെത്തിക്കുന്നതായിട്ടാണ് കാണപ്പെടുന്നത്. ഇന്നലെ നറുക്കെടുത്ത 30 രൂപ വിലയുള്ള സംസ്ഥാന സര്‍ക്കാറിന്റെ 65 ലക്ഷം ഒന്നാം സമ്മാനം നല്‍കുമെന്ന് പറയുന്ന വിന്‍ വിന്‍ ലോട്ടറിയുടെ ബാര്‍കോഡും നമ്പറും ചുരണ്ടി നോക്കിയപ്പോഴാണ് വ്യാജനാണെന്ന് സംശയം തോന്നിയത് . 14 ന് നറുക്കെടുത്ത 65 ലക്ഷം രൂപ ഒന്നാം സമ്മാനം നല്‍കുന്ന പൗര്‍ണമി ടിക്കറ്റിലും ബാര്‍ കോഡുകളും നമ്പറും മായുന്നുണ്ട്. കഴിഞ്ഞ 29 ന് നറുക്കെടുത്ത 50 രൂപ വിലയുളള കാരുണ്യ ലോട്ടറിയുടേയും ടിക്കറ്റ് നമ്പറും ബാര്‍ കോഡുകളും മായുന്നുണ്ട്. വിവിധ സീരീസുകളിലെ ടിക്കറ്റുകളിലാണ് വ്യാജന്‍ വ്യാപകമായിട്ടുള്ളത്. കാളികാവ് ചെങ്കോടില്‍ നിന്നാണ് കഴിഞ്ഞ തവണ വ്യാജ ലോട്ടറി കാണപ്പെട്ടത്. ഇന്നലെ ചെങ്കോടിന് പുറമെ പുല്ലങ്കോടും വ്യാജ ലോട്ടറി നിരവധി ആളുകളുടെ കൈകളിലെത്തിയിട്ടുണ്ട്. മറ്റ് പ്രദേശങ്ങളിലും വ്യാജന്‍മാര്‍ ധാരാളം ഇറങ്ങിയിട്ടുണ്ടെന്നാണ് അറിയുന്നത്. എല്ലാ ടിക്കറ്റുകളും ചുരണ്ടിയാന്‍ നമ്പര്‍ മായുന്നില്ല. നമ്പര്‍ മായാത്തതിന്റെ ബാര്‍ കോഡുകളും മായുന്നില്ല. നമ്പറും ബാര്‍ കോഡുകളും മായുന്ന ടിക്കറ്റ് പേപ്പറിന്റെ ഗുണനിലവാരവും വളരേ കുറവാണ്. സംസ്ഥാന സര്‍ക്കാറിന്റെ ഭാഗ്യക്കുറിയുടെ മറവില്‍ നിരവധി രീതികളില്‍ വ്യാജ ലോട്ടറികള്‍ വ്യാപകമാകുന്നുണ്ട്.