സി ഐ എയുടെ ക്രൂരമായ ചോദ്യം ചെയ്യലുകളെ ന്യായീകരിച്ച് ഡിക് ചെനി

Posted on: December 16, 2014 6:38 am | Last updated: December 16, 2014 at 10:41 am

download (2)വാഷിംഗ്ടണ്‍: 9/11ന് ശേഷം സി ഐ എ നടത്തിയ ക്രൂരമായ ചോദ്യം ചെയ്യല്‍ നടപടികള്‍ക്കെതിരെ അന്താരാഷ്ട്ര സമൂഹം മുഴുവനും പ്രതിഷേധിക്കുന്നതിനിടെ ഇതിനെ ന്യായീകരിച്ച് യു എസ് മുന്‍ വൈസ് പ്രസിഡന്റ് ഡിക് ചെനി രംഗത്തെത്തി. ഇത്തരം ചോദ്യം ചെയ്യല്‍ നടപടികള്‍ ക്രൂരമാണെന്നും അംഗീകരിക്കാന്‍ സാധിക്കാത്തതാണെന്നും അമേരിക്കന്‍ സെനറ്റ് കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു.
പ്രസിഡന്റിന്റെ അംഗീകാരമുള്ള നിലവിലെ മുഴുവന്‍ ചോദ്യം ചെയ്യലുകളും ഫലം ഉള്ളതാണെന്നും നീതിയുടെ പിന്‍ബലമുള്ളതാണെന്നും ഡിക് ചെനി ചൂണ്ടിക്കാട്ടി. പീഡനങ്ങള്‍ ഇല്ലാതെ മുന്നോട്ടുപോകണമെന്നാണ് പ്രതിരോധ വകുപ്പിന്റെ അഭിപ്രായം. 9/11ന് വേള്‍ഡ് ട്രേഡ് സെന്ററിന്റെ ഏറ്റവും മുകളിലത്തെ നിലയിലുണ്ടായിരുന്ന ഒരു അമേരിക്കന്‍ പൗരന്‍ കത്തിത്തീരുന്നതിന് മുമ്പ് തന്റെ നാല് മക്കള്‍ക്ക് അവസാനത്തെ ഫോണ്‍ വിളി നടത്തുന്നതാണ് തന്റെ അഭിപ്രായത്തില്‍ പീഡനത്തിന്റെ നിര്‍വചനം. അമേരിക്കക്കെതിരെ മറ്റൊരു ആക്രമണത്തിന് സാധ്യത നല്‍കാതെ കുറ്റമറ്റ രീതിയില്‍ ഒരു അന്വേഷണ സംഘത്തെ ഉണ്ടാക്കിയ തന്റെ നടപടിയില്‍ താന്‍ അഭിമാനിക്കുന്നു. 9/11 ന് ആക്രമണം നടത്തിയ ഉസാമ ഉള്‍പ്പെടെയുള്ളവരെ നാം പിടിച്ചു. അതുപോലെ മറ്റു ആക്രമണങ്ങളും ഇല്ലാതാക്കി. സി ഐ എയുടെ ചോദ്യം ചെയ്യല്‍ സംബന്ധിച്ച സെനറ്റ് റിപ്പോര്‍ട്ട് അസംബന്ധമാണെന്നും ഡിക് ചെനി സമര്‍ഥിക്കുന്നു.