International
ഇമ്രാന്‍ ഖാന്റെ നേതൃത്വത്തില്‍ ലാഹോറില്‍ ഉപരോധ സമരം
 
		
      																					
              
              
            ഇസ്‌ലാമാബാദ്: തിരഞ്ഞെടുപ്പിലെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പാക് പ്രതിപക്ഷ നേതാവ് ഇമ്രാന്‍ ഖാന്റെ നേതൃത്വത്തില്‍ ലാഹോറില്‍ റോഡ് ഉപരോധിച്ചു. തഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടിയുടെ നൂറുകണക്കിന് പ്രവര്‍ത്തകര്‍ ഉപരോധത്തില്‍ പങ്കെടുത്തു. നഗരത്തിലെ പ്രധാന പാതകള്‍ ഉപരോധിച്ചുള്ള പ്രതിഷേധത്തില്‍ ചെറുകിട വാണിജ്യ സ്ഥാപനങ്ങളും അടച്ചിരുന്നു. 2013ല്‍ നടന്ന പൊതു തിരഞ്ഞെടുപ്പില്‍ പി എം എല്‍ എന്‍ ഭരണ കക്ഷി പാര്‍ട്ടി വഞ്ചന നടത്തിയെന്ന് ഖാന്‍ ആരോപിച്ചു. ഇതില്‍ അന്വേഷണത്തിനായി സ്വതന്ത്രമായ തിരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കണമെന്ന് ഇമ്രാന്‍ ഖാന്‍ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പില്‍ പി എം എല്‍ എന്‍ 189 സീറ്റിലും തഹ്‌രീക്കെ ഇന്‍സാഫ് പാര്‍ട്ടി ( പി ടി ഐ) 34 സീറ്റിലും പാക്കിസ്ഥാന്‍ പീപ്പള്‍സ് പാര്‍ട്ടി 46 സീറ്റിലും ജയിച്ചിരുന്നു. പ്രക്ഷോഭം വ്യാപിക്കുന്നത് നവാസ് ശരീഫിന്റെ നേതൃത്വത്തിലുള്ള ഭരണകൂടത്തിന് വലിയവെല്ലുവിളിയായിട്ടുണ്ട്. ഫൈസലാബാദില്‍ ഡിസംബര്‍ എട്ടിന് ഇരുപാര്‍ട്ടി പ്രവര്‍ത്തകരും തമ്മില്‍ ശക്തമായ ഏറ്റുമുട്ടലുണ്ടായിരുന്നു. നീതി ലഭിക്കുന്നത് വരെ ഭരണകൂടത്തിനെതിരെ പ്രക്ഷോഭം തുടരുമെന്ന് ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി. സമരത്തെ നേരിടുന്നതിനായി ലാഹോറില്‍ 15000 പോലീസിനെ വിന്യസിച്ചിട്ടുണ്ട്. ഡിസംബര്‍ 18ന് അടച്ചിടല്‍ സമരം നടത്തുമെന്ന് ഖാന്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്.

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          


