ഇത്തിഹാദ് റോഡ് ഇന്നു മുതല്‍ ഭാഗികമായി അടക്കും; ഗതാഗതക്കുരുക്കിന് സാധ്യത

Posted on: December 15, 2014 5:05 pm | Last updated: December 15, 2014 at 5:05 pm

ithihad roadദുബൈ: നഗരത്തിലെ പ്രധാന പാതകളില്‍ ഒന്നായ അല്‍ ഇത്തിഹാദ് റോഡ് ഇന്നു മുതല്‍ 10 ദിവസത്തേക്ക് ഭാഗികമായി അടച്ചിടുമെന്ന് ആര്‍ ടി എ വ്യക്തമാക്കി. ദുബൈയെയും ഷാര്‍ജയെയും ബന്ധിപ്പിക്കുന്ന പാതയായതിനാല്‍ യാത്രക്കാരെ സാരമായി ബാധിക്കാന്‍ ഇടയുണ്ട്. ദുബൈ ദിശയില്‍ അന്‍സാര്‍ മാളിന് മുന്നിലുള്ള രണ്ട് വരി പാതയാവും രാത്രി 11 മുതല്‍ രാവിലെ അഞ്ചു വരെ അടച്ചിടുക. വെള്ളിയും ശനിയും ഒഴികേയുള്ള ദിനങ്ങളില്‍ 10 ദിവസവും ഈ റോഡില്‍ രണ്ടു വരികൡ ഗതാഗതം അനുവദിക്കില്ല.
അറ്റകുറ്റപണിയുടെ ഭാഗമായാണ് റോഡ് ഭാഗികമായി അടച്ചിടുന്നതെന്നും 25 വരെ ജോലികള്‍ തുടരുമെന്നും ആര്‍ ടി എ വിശദീകരിച്ചു. റോഡ് അടച്ചിടുന്ന സാഹചര്യത്തില്‍ ഇതുവഴി യാത്ര ചെയ്യേണ്ടവര്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ആര്‍ ടി എ അഭ്യര്‍ഥിച്ചു.