ഡോക്ടര്‍മാര്‍ രോഗിയോടാണ് കടമ നിര്‍വഹിക്കേണ്ടത്: കെ ജയകുമാര്‍

Posted on: December 15, 2014 10:47 am | Last updated: December 15, 2014 at 10:47 am

കോഴിക്കോട്: മരുന്ന് കച്ചവടത്തിന് ഡോക്ടര്‍മാര്‍ കൂട്ടുനില്‍ക്കുന്നത് ശരിയല്ലെന്നും മരുന്ന് കമ്പനികളോടല്ല, മറിച്ച് രോഗിയോടാണ് ഡോക്ടര്‍മാര്‍ കടമ കാണിക്കേണ്ടതെന്നും മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ ജയകുമാര്‍. ഗവ ഹോമിയോ മെഡിക്കല്‍ കോളജിന്റെ സ്ഥാപക പ്രിന്‍സിപ്പലും ഹോമിയോപ്പതി ഭിഷഗ്വരനുമായ ഡോ. കെ എസ് പ്രകാശത്തിന്റെ 22ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ പരിപാടിയില്‍ ‘ചികിത്സയിലെ നൈതികത’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. രോഗത്തെയല്ല രോഗിയെയാണ് ചികിത്സിക്കേണ്ടത്. ഏതു രോഗമായാലും എല്ലാ പരിശോധനകളും നടത്താന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത് ഈ മേഖലയില്‍ അധാര്‍മികത കടന്നുകൂടിയതിനുദാഹരണമാണ്. നീതിയുക്തമായ ഡോക്ടര്‍മാര്‍ സമൂഹത്തില്‍ ഉണ്ടാകട്ടെയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രോഗവുമായി ബന്ധപ്പെട്ട അവസാനവാക്ക് താന്‍ പഠിച്ചതാണെന്ന ഒരു ഡോക്ടറുടെ വിശ്വാസം ആധുനിക ശാസ്ത്രത്തിന്റെ അഹന്തയാണെന്നും ലോകത്തെ മാറിവരുന്ന പുത്തന്‍ അറിവിന് അത്രയും വേഗതയാണെന്ന കാര്യം ഓരോ ഡോക്ടറും എപ്പോഴും ഓര്‍ത്തിരിക്കണം. രോഗത്തെ മാത്രമല്ല രോഗിയുടെ ജീവിത ശൈലിയെപ്പോലും മാറ്റാനുള്ള ശ്രമമാണ് ഒരു ഡോക്ടറില്‍ നിന്ന് ഉണ്ടാകേണ്ടത്. എന്നാല്‍ മാത്രമേ ഒരു വ്യക്തി പൂര്‍ണമായും രോഗവിമുക്തി നേടിയെന്ന് പറയാന്‍ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു. കെ എസ് പ്രകാശം സ്മാരക ഗോള്‍ഡ് മെഡല്‍ ഡോ. നീനു രാജു തോട്ടന് നല്‍കി. തുടര്‍ന്ന് വര്‍ധിച്ചു വരുന്ന അലര്‍ജിക് ശ്വാസകോശരോഗങ്ങളെപ്പറ്റി ഡോ. സുധീര്‍കുമാര്‍, ഡോ. പി എന്‍ ദീപ്തിറാണി, ഡോ. എം അബ്ദുല്‍ ലത്തീഫ്, ഡോ. അനീജ, ഡോ. ജയന്തി നേമത്ത് തുടങ്ങി ചികിത്സാ പ്രമുഖരെ പങ്കെടുപ്പിച്ച് ചര്‍ച്ചയും നടന്നു. പ്രൊഫ. ശോഭീന്ദ്രന്‍, മുഹമ്മദ് അഷ്‌റഫ്, പ്രൊഫ. എം ഇ പ്രേമാനന്ദ് പങ്കെടുത്തു.