Connect with us

Kerala

ഒരു വര്‍ഷം കഴിഞ്ഞിട്ടും ശമ്പളവുമില്ല ഇന്‍സന്റീവുമില്ല; ആശാവര്‍ക്കര്‍മാര്‍ പ്രതിസന്ധിയില്‍

Published

|

Last Updated

കോഴിക്കോട്: നാളുകളായി നാട് നന്നാക്കാനിറങ്ങിയ ആശാവര്‍ക്കര്‍മാര്‍ക്ക് ശമ്പളം പോയിട്ട് അര്‍ഹതപ്പെട്ട തുകപോലും ലഭ്യമായിട്ട് ഒരു വര്‍ഷം കഴിഞ്ഞു. ഇതേ തുടര്‍ന്ന് സെക്രട്ടറിയേറ്റ് പടിക്കല്‍ ഈ മാസം എട്ടിന് സി ഐ ടി യുവിന്റെ നേതൃത്വത്തില്‍ കോഴിക്കോട് ജില്ലയിലെ 2500 ആശാവര്‍ക്കര്‍മാരടക്കം സംസ്ഥാനത്തെ മുഴുവന്‍ ആശാവര്‍ക്കര്‍മാരെയും പങ്കെടുപ്പിച്ചുള്ള അനിശ്ചിത രാപ്പകല്‍ സമരം നടക്കുന്നത്. ഓണറേറിയം 1000 രൂപയായെങ്കിലും ഉയര്‍ത്തുക, വെട്ടിക്കുറച്ച ഇന്‍സെന്റീവുകള്‍ പുനസ്ഥാപിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
2014ലെ ബജറ്റില്‍ 1000 രൂപ മാസത്തില്‍ ഓണറേറിയമായി നല്‍കാമെന്ന പ്രഖ്യാപനമുണ്ടായെങ്കിലും ഇന്നു വരെ ഒരു പൈസ പോലും ആയിനത്തില്‍ ഇവര്‍ക്ക് ലഭിച്ചിട്ടില്ല. മാത്രമല്ല 2013ലെ പ്രഖ്യാപിത ഓണറേറിയം ഇനിയും മൂന്ന് മാസത്തേത് വിതരണം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞിട്ടുമില്ല. കൂടാതെ ആഗസ്റ്റ് മുതലുള്ള ഇന്‍സെന്റീവുകളും തടഞ്ഞുവെച്ചിരിക്കുകയുമാണ്.
സോഫ്റ്റ്‌വെയര്‍ തകരാറാണ് കാരണമെന്നാണ് അധികൃതര്‍ പറയുന്നത്. ജനുവരിയില്‍ കേന്ദ്രആരോഗ്യ വകുപ്പ് ഇറക്കിയ ഓര്‍ഡര്‍ ഇന്‍സെന്റീവ് ഇനത്തിലുള്ളത് ഇതുവരെ സംസ്ഥാനത്ത് നടപ്പാക്കിയിട്ടില്ല. ഓണറേറിയം തുക മറ്റാവശ്യങ്ങള്‍ക്കായാണ് ഉപയോഗിക്കുന്നതെന്നും ആശാവര്‍ക്കര്‍മാര്‍ പറയുന്നു.
കേരളത്തില്‍ 14 ജില്ലകളിലായി 28,944 ആശമാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഗ്രാമീണമേഖലയില്‍ ആരോഗ്യ രംഗത്ത് സ്ത്രീകളും കുട്ടികളും അനുഭവിക്കുന്ന പിന്നോക്കാവസ്ഥയെ തരണം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് 2007ല്‍ കേന്ദ്രസര്‍ക്കാര്‍ ദേശീയ ഗ്രാമീണ ആരോഗ്യ പദ്ധതി നടപ്പാക്കുന്നത്. എന്‍ ആര്‍ എച്ച് എമ്മിന്റെ ഒഴിച്ചുകൂടാനാകാത്ത ഘടകമാണ് ഓരോ ഗ്രാമത്തിലും പരിശീലനം ലഭിച്ച സ്ത്രീകളായ ആരോഗ്യപ്രവര്‍ത്തകര്‍. ആ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് അക്രഡിറ്റഡ് സോഷ്യല്‍ ഹെല്‍ത്ത് ആക്ടിവിസ്റ്റ് ആശമാര്‍ എന്ന പേരില്‍ വിവിധ ഭാഗങ്ങളില്‍ നിയോഗിച്ചത്. 1000 ജനസംഖ്യക്ക് ഒരു ആശ എന്ന രീതിയിലാണ് അനുപാതം നിശ്ചയിച്ചിട്ടുള്ളത്. കുടുംബാസൂത്രണം സംബന്ധിക്കുന്ന അവബോധം നല്‍കുക, ആവശ്യമായ ഘട്ടത്തില്‍ പ്രഥമശുശ്രൂഷ നല്‍കുക, ഗ്രാമീണ മേഖലയില്‍ ശുചിത്വവുമായി ബന്ധപ്പെട്ട് ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിക്കുക, പകര്‍ച്ചവ്യാധികള്‍ തടയുന്നതിനും പരിഹരിക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സമൂഹത്തെ പ്രാപ്തരാക്കുക, ഗര്‍ഭിണികളായ സ്ത്രീകളുടെ ആരോഗ്യപരിപാലനത്തിനായി ആശുപത്രികളുടെ സഹായം നേടിയെടുക്കുക, കുട്ടികള്‍ക്ക് എടുക്കേണ്ട കുത്തിവെപ്പുകളെടുപ്പിക്കുക, പ്രസവം ആശുപത്രിയിലാക്കുന്നതിന്റെയും നവജാഥശിശുക്കളെ ആരോഗ്യമുള്ളവരായി വളര്‍ത്തിയെടുക്കുന്നതില്‍ മുലയൂട്ടുന്നതിനുള്ള പ്രാധാന്യവും വിശദീകരിക്കുക തുടങ്ങിയ ചുമതലകളാണ് ആശമാര്‍ക്കുള്ളത്. ഇതിനായി വീടുകള്‍ സന്ദര്‍ശിക്കുകയും ഗ്രാമതലത്തില്‍ യോഗം വിളിക്കുകയും ചെയ്യും.
ആശമാര്‍ക്ക് ആകെയുള്ള വരുമാനം സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്യുന്ന ഓണറേറിയവും ജോലിക്കനുസൃതമായി ലഭിക്കുന്ന ഇന്‍സെന്റീവുമാണ്. എന്നാല്‍ ഇതു പോലും ലഭിക്കാത്ത അവസ്ഥയാണ് നിലവില്‍ ഉള്ളത്. സമരത്തിന്റെ ദിവസം തന്നെ ആരോഗ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയെങ്കിലും ഓണറേറിയത്തിന്റെയും ഇന്‍സെന്റീവിന്റെയും കാര്യത്തില്‍ തീരുമാനമെടുക്കാമെന്ന് അറിയിച്ചതല്ലാതെ മിനിമം വേതനത്തിന്റെ കാര്യത്തില്‍ തീരുമാനമാകാത്തതിനെ തുടര്‍ന്ന് ഏഴ് ദിവസമായി തുടരുന്ന സമരം ശക്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് ആശാവര്‍ക്കാര്‍മാര്‍.