Connect with us

Ongoing News

അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത എഫ് സി ഗോവ മല്‍സരം സമനിലയില്‍

Published

|

Last Updated

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത- എഫ് സി ഗോവ ആദ്യ പാദ സെമി ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ ഇരമ്പിയാര്‍ത്ത പതിനായിരങ്ങള്‍ക്ക് മുമ്പില്‍ ജയം ലക്ഷ്യമിട്ടിറങ്ങിയ കൊല്‍ക്കത്തയെ ഗോവ സമനിലയില്‍ തളക്കുകയായിരുന്നു. മത്സരത്തിലുടനീളം മികച്ചു നിന്നെങ്കിലും സീക്കോയുടെ കുട്ടികള്‍ക്ക് ഗോള്‍ നേടാനായില്ല. പരുക്കേറ്റ പ്രധാന സ്‌ട്രെക്കര്‍ ഫിക്രുവിന്റെ അഭാവം കൊല്‍ക്കത്തയുടെ മത്സരവീര്യത്തെ കാര്യമായി ബാധിച്ചു. ഒരു സ്‌ട്രൈക്കറെ മാത്രം വെച്ച് പ്രതിരോധത്തിന് ഊന്നല്‍ നല്‍കിയായിരുന്നു കൊല്‍ക്കത്തയുടെ കളി. മത്സരം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞതോടെ ബുധനാഴ്ച ഗോവയില്‍ നടക്കുന്ന രണ്ടാം പാദ സെമി മത്സരം ഇരു ടീമുകള്‍ക്കും നിര്‍ണായകമായി.

മത്സരത്തില്‍ 55 ശതമാനവും ഗോവക്കായിരുന്നു പന്തടക്കം കൂടുതല്‍. ഗോവക്ക് നിരവധി അവസരങ്ങളാണ് മത്സരത്തിലുടനീളം ലഭിച്ചത്. എന്നാല്‍ സുവര്‍ണാവസരങ്ങള്‍ പലതും ഗോളാക്കിമാറ്റാന്‍ ഗോവക്ക് കഴിഞ്ഞില്ല. പാസുകള്‍ പാഴാക്കുന്നതില്‍ മത്സരിക്കുകയായിരുന്നു ഇരു ടീമുകളും. ആദ്യപകുതിയില്‍ ഇരു ടീമുകളും നിരവധി മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോളൊന്നും പിറന്നില്ല.
ആദ്യ പതിനഞ്ച് മിനുട്ടില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം പൊരുതി. 18ാം മിനുട്ടില്‍ മണ്ഡാര്‍ രണ്ട് ഡിവന്‍ഡര്‍മാരെ മറികടന്ന് നല്‍കിയ മനോഹരമായ ക്രോസിന് റോമിയോ കാല്‍ വെച്ചെങ്കിലും ഗോള്‍വലക്ക് പുറത്തേക്ക് പോയി. 28ാം മിനുട്ടില്‍ സെപ്ലിക്കക്ക് മഞ്ഞക്കാര്‍ഡ് കിട്ടി. പിന്നീട് ആദ്യ പകുതിയുടെ അവസാന പതിനഞ്ച് മിനുട്ടില്‍ ഗോവയുടെ ആധിപത്യമായിരുന്നു. 76 ശതമാനമായിരുന്നു ഈ സമയത്ത് ബോളില്‍ ഗോവയുടെ കൈയടക്കം. 44ാം മിനുട്ടില്‍ ലൂയിസ് ഗോവന്‍ പ്രതിരോധത്തെ മറികടന്ന് ഗാര്‍സിയ തൊടുത്ത ഷോട്ട് വലക്ക് പുറത്തേക്കാണ് പോയത്. നാല് മാറ്റങ്ങളോടെയാണ് കൊല്‍ക്കത്ത കളിക്കാനിറങ്ങിയത്. പരുക്കേറ്റ അര്‍ണാബ് മൊണ്ടല്‍, ബിശ്വജിത്ത് സാഹ, ബല്‍ജിത്ത് സാഹ്‌നി, ഫിക്രു എന്നിവര്‍ക്ക് പകരമായി ലൂയിസ് ഗാര്‍സിയ, സഞ്ജു പ്രധാന്‍, ലെസ്റ്റര്‍ ഫെര്‍ണാണ്ടസ്, ആരേക്ഷ് മാഷെ എന്നിവരാണിറങ്ങിയത്. എന്നാല്‍ ഒമ്പത് മാറ്റങ്ങളോടെയാണ് ഗോവ കളത്തിലിറങ്ങിയത്.