Connect with us

Health

വാഹനത്തിലെ പുക ഹൃദയസ്തംഭന സാധ്യത ഉയര്‍ത്തുന്നുവെന്ന് പഠനം

Published

|

Last Updated

കണ്ണൂര്‍: വാഹനത്തില്‍ നിന്നുള്ള പുക അമിതമായി ശ്വസിക്കുന്നത് ഹൃദയസ്തംഭനത്തിന്റെ സാധ്യത ഉയര്‍ത്തുന്നുവെന്ന് പഠനം. വാഹനങ്ങളില്‍ നിന്ന് പുറത്തുവരുന്ന സൂഷ്മ കണികകള്‍, നൈട്രജന്‍ ഡൈ ഓക്‌സൈഡ് തുടങ്ങിയവയാണ് അപകടത്തിനിടയാക്കുന്നത്. ഹൃദയസ്തംഭന സാധ്യത 1.3% കൂടുന്നതു മുതല്‍ പുക ശ്വസിച്ചതിന് ആറ് മണിക്കൂറിനകം ഹൃദയസ്തംഭനം നടക്കുന്നത് വരെയാകാം അപകടസാധ്യതയെന്നാണ് ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്. പുക പടലങ്ങളിലടങ്ങിയ വിഷ വസ്തുക്കള്‍ വേണ്ടത്ര ഉള്ളില്‍ ചെന്നാല്‍ സാധാരണ നടക്കേണ്ട ഹൃദയ സ്തംഭനം മണിക്കൂറുകള്‍ നേരത്തെ സംഭവിക്കുമെന്നും പഠനം പറയുന്നു. ഷോട്ട് ടേം ഡിസ് പ്ലേസ്‌മെന്റ് എന്നു വിളിക്കപ്പെടുന്ന ഈ അവസ്ഥയെക്കുറിച്ച് പഠനം നടത്തിയത് ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജയ്ന്‍ ആന്‍ഡ് ട്രോപ്പിക്കല്‍ മെഡിസിനിലെ ഗവേഷകരാണ്. ഇംഗ്ലണ്ടിലും വേല്‍സിലും ഉള്ള 15 സ്ഥലങ്ങളില്‍ നിന്നുള്ള 79,288 ഹൃദയസ്തംഭനങ്ങള്‍ പരിശോധിച്ചാണ് ഇത്തരമൊരു നിഗമനത്തിലെത്തിച്ചേര്‍ന്നത്. അമേരിക്കയിലെ നാഷനല്‍ എയര്‍ ക്വാളിറ്റി ആര്‍ക്കൈവില്‍ നിന്നാണ് നിന്നാണ് അവര്‍ ശുദ്ധ വായുവിന്റെ ഡാറ്റകളെടുത്തത്. കാര്‍ബണ്‍ മോണോക്‌സൈഡ്, സള്‍ഫര്‍ ഡൈ ഓക്‌സൈഡ്, ഓസോണ്‍, സൂഷ്മ കണികാ മാലിന്യമായ പി എം 10 (PM10), നൈട്രജന്‍ ഡൈ ഓക്‌സൈഡ് തുടങ്ങിയവയുടെ നില പരിശോധിച്ചു.

ബ്രിട്ടനില്‍ പ്രതിവര്‍ഷം മലിനീകരണം കാരണം 29,000 നേരത്തെയുള്ള മരണം സംഭവിക്കുന്നുണ്ടെന്നും കണ്ടത്തിയിരുന്നു. ലണ്ടനില്‍ അങ്ങനെ 4,200 പേരാണ് മരിക്കുന്നതെന്നും നേരത്തെ നിരിക്ഷിക്കപ്പെട്ടിരുന്നു. അതേസമയം, കേരളമുള്‍പ്പടെയുള്ള ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ അന്തരീക്ഷമാലിന്യം അപകടകരമായ അളവില്‍ വര്‍ധിച്ചതായി സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്റ് (സി എസ് ഇ) മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
വന്‍തോതില്‍ സ്വകാര്യവാഹനങ്ങള്‍ പെരുകുന്നതാണ് മലിനീകരണത്തിന് കാരണമെന്നും സി എസ് ഇ വിലയിരുത്തി. ഇപ്പോള്‍ ഒന്നരക്കോടിയാണ് വിവിധ നഗരങ്ങളിലെ ദൈനംദിന യാത്രാട്രിപ്പുകള്‍. പത്ത് വര്‍ഷത്തിനുള്ളില്‍ ഇത് രണ്ടരക്കോടിയിലേറെയായി വര്‍ധിക്കും. പൊതുഗതാഗതം പ്രോത്സാഹിപ്പിച്ചില്ലെങ്കില്‍ ജീവിതാവസ്ഥ ദുഷ്‌കരമാവുമെന്നും സി എസ് ഇ ഓര്‍മപ്പെടുത്തി. ഡല്‍ഹി നഗരത്തിലെ മാത്രം 43.5 ശതമാനം സ്‌കൂള്‍ വിദ്യാര്‍ഥികളുടെയും ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലല്ലെന്നും അന്തരീക്ഷ മാലിന്യമാണ് ഇതിനു കാരണമെന്നും സി എസ് ഇ പഠനം ചൂണ്ടിക്കാട്ടുന്നുണ്ട്.