ഒട്ടകപ്പുറത്തേറി കിളിമഞ്ചാരോ പര്‍വതം കീഴടക്കി

Posted on: December 14, 2014 6:09 pm | Last updated: December 14, 2014 at 6:09 pm

camelഅബുദാബി: അഞ്ചംഗ സംഘം സാഹസികമായി ഒട്ടകപ്പുറത്തേറി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടിയായ ടാന്‍സാനിയയിലെ കിളിമഞ്ചാരോ കീഴടക്കി. കിളിമഞ്ചാരോക്ക് മുകളില്‍ യു എ ഇ പതാക സ്ഥാപിക്കുകയെന്ന ലക്ഷ്യവുമായാണ് സാഹസികത ഇഷ്ടപ്പെടുന്ന സംഘം പര്‍വതത്തിന്റെ ഉച്ചിയില്‍ ഒട്ടകങ്ങളുമായി എത്തിയത്. കൊടും തണുപ്പും ഹിമപാതവും വകവെക്കാതെയായിരുന്നു സംഘം ആഫ്രിക്കന്‍ വന്‍കരയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി കീഴടക്കുകയെന്ന ലക്ഷ്യം പൂര്‍ത്തീകരിച്ചത്.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് കീഴടക്കിയതിലൂടെ രാജ്യത്ത് പ്രശസ്തനായ സഈദ് ഖമീസ് അല്‍ മആമറി, ഒട്ടകപ്പുറത്തേറി 40,000 കിലോമീറ്റര്‍ സഞ്ചരിച്ച ഏക സ്വദേശിയെന്ന ബഹുമതിക്ക് അര്‍ഹനായ അവാദ് മെജ്‌റന്‍, ആരിഫ് അല്‍ സുവൈദി, ഹിഷാം അല്‍ സറൂണി എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്.
അവാദ് മെജ്‌റാനായിരുന്നു സംഘത്തെ നയിച്ചത്. 15 ദിവസമാണ് യജ്ഞം പൂര്‍ത്തീകരിക്കാന്‍ വേണ്ടിവന്നത്. ഇതില്‍ നാലു ദിവസം ഒട്ടകങ്ങളെ മലകയറാന്‍ പരിശീലിപ്പിച്ചെടുക്കാനായിരുന്നുവെന്നും ടീം ക്യാപ്റ്റന്‍ വ്യക്തമാക്കി. 19,000 അടി ഉയരത്തിലുളള പര്‍വതത്തിന്റെ ഉച്ചിയില്‍ എത്താന്‍ എട്ടു ദിവസമാണ് ആവശ്യമായി വന്നത്. ബാക്കി മൂന്നു ദിവസമായിരുന്നു തിരിച്ചു വരാന്‍ വേണ്ടിവന്നത്. അതിദുര്‍ഘടമായ യാത്രയായിരുന്നു തങ്ങളുടേത്. പല പ്രതിസന്ധികളെയും യാത്രയില്‍ നേരിട്ടു.
പരുപരുത്ത ഭൂപ്രദേശമായിരുന്നു യാത്രയിലെ ഏറ്റവും വലിയ വെല്ലുവിളി. ഒട്ടകങ്ങളെ പര്‍വതത്തിന് മുകളിലേക്ക് നയിക്കുകയെന്നത് അത്ര എളുപ്പം ചെയ്യാവുന്ന കാര്യമല്ല. കഠിനമായ യാത്ര, സംഘാംഗങ്ങളെ ക്ഷീണിപ്പിക്കുകയും നിര്‍ജലീകരണത്തിന് ഇടയാക്കുകയും ചെയ്തു. ആത്മവിശ്വാസവും ലക്ഷ്യം നേടണമെന്ന അതിയായ ആഗ്രഹവുമാണ് കിളിമഞ്ചാരോ കീഴടക്കാന്‍ സംഘത്തെ പ്രാപ്തമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.