വനത്തില്‍ നിന്നു ചന്ദനമരം മുറിച്ച് വില്‍പന നടത്താന്‍ ശ്രമം; അഞ്ച് പേര്‍ പിടിയില്‍

Posted on: December 13, 2014 10:41 am | Last updated: December 13, 2014 at 10:41 am

കല്‍പ്പറ്റ: വനത്തില്‍ നിന്നു ചന്ദനമരം മുറിച്ച് വില്‍പന നടത്താന്‍ ശ്രമിച്ച സംഭവത്തില്‍ അഞ്ചുപേരെ വനപാലകര്‍ പിടികൂടി. രണ്ടു ചന്ദന മര മോഷണക്കേസുകളിലായാണ് അഞ്ചുപേര്‍ പിടിയിലായത്.
ആനപ്പാറ കേഴുതൊടി കുഞ്ഞുമുഹമ്മദിന്റെ മകന്‍ മുസ്തഫ(45), ആനപ്പാറ ലക്ഷ്മി നിവാസ് നഞ്ചപ്പന്റെ മകന്‍ പ്രവീണ്‍(24), പൊഴുതന കാരാട്ട് വീട്ടില്‍ അബ്ദുല്‍ റഹ്മാന്റെ മകന്‍ ജംഷീര്‍ അലി(27), പൊഴുതന കുര്‍ച്യാര്‍മല പാണ്ഡ്യന്റെ മകന്‍ പ്രഭുദേവ്(20),കുറിച്യര്‍മല വാസുവിന്റെ മകന്‍ ഉണ്ണികൃഷ്ണന്‍(32) എന്നിവരാണ് പിടിയിലായത്.
മേപ്പാടി ഫോറസ്റ്റ് റെയ്ഞ്ചിലെ വൈത്തിരി സെക്ഷന്‍ പിരിധിയില്‍പ്പെട്ട ആനപ്പാറ വനത്തില്‍ നിന്നും ഒരു മാസം മുന്‍പ് മുറിച്ച് ചന്ദനം കെ എല്‍ 12ജി 3001 ബൈക്കില്‍ മുസ്തഫയും അസീസും വില്‍ക്കാനായി കൊണ്ടു വരുമ്പോള്‍ ആനപ്പാറയില്‍ നിന്നുമാണ് ഇവരെ വനപാലകര്‍ പിടികൂടിയത്.
ഇവരെ ചോദ്യം ചെയ്തതില്‍ നിന്നു ലഭിച്ച വിവര മനുസിച്ചാണ് കുറിച്യര്‍മല വനത്തില്‍ നിന്നു ചന്ദനമരം മുറിച്ച മറ്റ് മൂന്നംഗ സംഘ ത്തെക്കുറിച്ച് വിവരം ലഭിച്ചത്. ഇവരില്‍ നിന്നും തൊണ്ടി മുതല്‍ കണ്ടെടുത്തു. 15 കിലോയോളം ചന്ദനമാണ് പിടിച്ചെടുത്തത്. സൗത്ത് വയനാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫിസര്‍ പി. ധനേഷ്‌കുമാറിന് ലഭിച്ച് രഹസ്യ വിവരത്തെ തുടര്‍ന്ന് മേപ്പാടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ സി.പി അനീഷിന്റെ നേതൃത്വത്തില്‍ റെയ്ഞ്ച് സ്റ്റാഫും കല്‍പ്പറ്റ ഫഫയിംഗ് സ്‌ക്വാഡും നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.
ചന്ദനത്തിന്റെ ഉറവിടത്തെകുറിച്ച് കൂടുതല്‍ അന്വേഷണം നടത്തും. മേപ്പാടി റെയ്ഞ്ചിലെ സെക്ഷന്‍ ഓഫീസര്‍മാരായ കെ.ഷാജീവ്, കെ.ബീരാന്‍കുട്ടി, പുരുഷോത്തമന്‍ നായര്‍, അരവിന്ദാക്ഷന്‍, എം.മോഹന്‍ദാസ്, ടി.കെ സതീന്ദ്രന്‍, എ. അനില്‍കുമാര്‍, ബീറ്റ് ഓഫീസര്‍മാരായ കെ.എ അനില്‍കുമാര്‍, എ.വി ഗോവിന്ദന്‍, എം.ആര്‍ കേളു, പി.കെ ഷിബു, കെ.കെ ചന്ദ്രന്‍, പി.വി സുന്ദരേശന്‍, കെ.കെ ബിജു, പി.കെ സഹദേവന്‍ എന്നിവരും പരിശോധനാ സംഘത്തില്‍ ഉണ്ടായിരുന്നു.