ആലങ്കോട് സമ്പൂര്‍ണ ഇ-സാക്ഷരതയിലേക്ക്

Posted on: December 13, 2014 10:27 am | Last updated: December 13, 2014 at 10:27 am

ചങ്ങരംകുളം: ആലങ്കോട് ഗ്രാമപഞ്ചായത്തില്‍ സമ്പൂര്‍ണ ഇ-സാക്ഷരത യജ്ഞത്തിന് തുടക്കം കുറിച്ചതായി ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ ആളുകളെയും സമ്പൂര്‍ണ ഇ-സാക്ഷരത അഭ്യസിപ്പിക്കുന്നത്.
മൂന്നു ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിക്ക് മുന്നോടിയായി പഞ്ചായത്തിലുടനീളം സര്‍വെ നടത്തുകയും ഇ-സാക്ഷരത നല്‍കേണ്ടവരുടെ വിവരങ്ങള്‍ ശേഖരിക്കും. 22 വയസ്സിന് മുകളിലുള്ള വര്‍ക്കാണ് സാക്ഷരത നല്‍കുന്നത്. 19 വാര്‍ഡുകളിലും ഇന്‍സ്ട്രക്ടര്‍മാര്‍ വീടുകളില്‍ നേരിട്ടെത്തിയാണ് പരിശീലനം നല്‍കുന്നത്. ആദ്യഘട്ടം പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ബി എസ് എന്‍ എല്‍ കണക്ഷനോട്കൂടിയ മൊബൈല്‍ഫോണ്‍ സൗജന്യമായി നല്‍കും.
പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഇ-മെയില്‍ അക്കൗണ്ടും വരുന്നതോടെ പഞ്ചായത്തിലെ അറിയിപ്പുകളും പ്രവര്‍ത്തനങ്ങളും ആനുകൂല്യങ്ങളും പഞ്ചായത്തിന്റെ വെബ്‌സൈറ്റില്‍നിന്നും നേരിട്ട് പൊതുജനങ്ങളെ അറിയിക്കാനുള്ള നൂതന സംവിധാനവും പഞ്ചായത്തില്‍ നിലവില്‍വരും. ആറ് ലക്ഷം രൂപയാണ് പദ്ധിക്കായി വകയിരുത്തിയിരിക്കുന്നത്.
പഞ്ചായത്തിലെ ജനപ്രതിനിധികളുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും കുടുംബശ്രീ, ആശ, സക്ഷരത പ്രവര്‍ത്തകര്‍ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. വാര്‍ത്ത സമ്മേളനത്തില്‍ ആലങ്കോട് പഞ്ചായത്ത് പ്രസിഡന്റ് റഫീഖ് കിഴിക്കര, വൈസ് പ്രസിഡന്റ് സുജിത സുനില്‍, പഞ്ചായത്ത് അംഗങ്ങളായ എം എം ബല്‍ക്കീസ്, പ്രീത വേണുഗോപാല്‍ എന്നിവര്‍ പങ്കെടുത്തു.