Connect with us

Kozhikode

മര്‍കസ് സ്‌കൂളില്‍ നാളെ ബെല്‍ മുഴങ്ങുമ്പോള്‍ മുപ്പത് കൊല്ലം ഒത്തുചേരും

Published

|

Last Updated

കുന്ദമംഗലം: മൂന്ന് പതിറ്റാണ്ടിനുള്ളില്‍ കാരന്തൂര്‍ മര്‍കസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പത്താംതരം പഠിച്ചിറങ്ങിയ വിദ്യാര്‍ഥികള്‍ ഒരിക്ക ല്‍കൂടി സ്‌കൂളില്‍ ഒത്തുചേരുന്നു. ബാക് ടു മര്‍കസ് ഹൈസ്‌കൂള്‍ എന്ന് പേരിട്ടിരിക്കുന്ന പരിപാടിയില്‍ 1985 മുതല്‍ 2014 വരെ പഠിച്ച 18,000ത്തോളം പേരാണ് പഴയ വിദ്യാര്‍ഥികളായി ഈ മാസം 14ന് വീണ്ടും സ്‌കൂളിന്റെ പടികടന്നെത്തുക.
പഴയ വിദ്യാലയ ദിനങ്ങള്‍ പോലെയാണ് പൂര്‍വവിദ്യാര്‍ഥി സംഘടന പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10.30ന് ബെല്ലടിക്കും. തുടര്‍ന്ന് 30 വര്‍ഷത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് ലഭിച്ച 30 വിദ്യാര്‍ഥികള്‍ പതാക ഉയര്‍ത്തി അസംബ്ലി ആരംഭിക്കും. അസംബ്ലിക്ക് ശേഷം പൂര്‍വവിദ്യാര്‍ഥികള്‍ പഴയ വിദ്യാര്‍ഥികളായി 30 ക്ലാസ് മുറികളിലേക്ക്. പഴയ അധ്യാപകര്‍ ക്ലാസ് നയിക്കും. ഉച്ചക്ക് ശേഷം ഗ്ലോബല്‍ അലുമ്‌നി മീറ്റില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എം എല്‍ എമാരായ ശ്രീരാമകൃഷ്ണന്‍, കെ ടി ജലീല്‍, വി എസ് സുനില്‍കുമാര്‍, വി ടി ബല്‍റാം എന്നിവര്‍ പങ്കെടുക്കും.
കേരളത്തിന്റെ സ്‌കൂള്‍ ചരിത്രത്തില്‍ ആദ്യമായി നടക്കുന്ന സമ്പൂര്‍ണ ക്ലാസ് പുനഃക്രമീകരണ പരിപാടിക്ക് രാജ്യത്തിനകത്തും പുറത്തുമുള്ള പൂര്‍വവിദ്യാര്‍ഥികള്‍ക്കിടയില്‍ വിപുലമായ പ്രചാരണ പ്രവര്‍ത്തനങ്ങളാണ് നടത്തിയതെന്ന് മര്‍കസ് ഡയറക്ടറും മര്‍കസ് ഹൈസ്‌കൂള്‍ അലൂമ്‌നി അസോസിയേഷന്‍ മുഖ്യ രക്ഷാധികാരിയുമായ ഡോ. എ പി അബ്ദുല്‍ഹഖീം അസ്ഹരി പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ പ്രധാനാധ്യാപകന്‍ വി പി അബ്ദുല്‍ ഖാദര്‍, അലൂമ്‌നി പ്രസിഡന്റ് അബ്ദുര്‍റഹ്മാന്‍ എടക്കുനി, സ്വാഗതസംഘം വര്‍ക്കിംഗ് ചെയര്‍മാന്‍ സയ്യിദ് സാലിഹ് ജിഫ്‌രി, ഓര്‍ഗനൈസിംഗ് സെക്രട്ടറി പ്രൊഫ. ജലീല്‍ സഖാഫി തുടങ്ങിയവര്‍ പങ്കെടുത്തു.