ബംഗ്ലാദേശ് പെണ്‍കുട്ടിയെ സ്റ്റാഫ് നഴ്‌സും വനിതാ പോലീസും അനുഗമിക്കും

Posted on: December 13, 2014 10:21 am | Last updated: December 13, 2014 at 10:23 am

കോഴിക്കോട്: പെണ്‍വാണിഭ സംഘത്തിന്റെ പിടിയില്‍പ്പെട്ട് ലൈംഗികപീഡനത്തിന് ഇരയായി ഉപേക്ഷിക്കപ്പെട്ട ബംഗ്ലാദേശ് പെണ്‍കുട്ടിയെ രണ്ട് ദിവസത്തിനകം നാട്ടിലെത്തിക്കും.
പീഡിനത്തിന് ഇരയായതിനെ തുടര്‍ന്ന് എട്ട് മാസം ഗര്‍ഭിണിയായ പെണ്‍കുട്ടിയെ ഉടന്‍ നാട്ടിലെത്തിക്കണമെന്ന സംസ്ഥാന ബാലാവകശാ സംരക്ഷണ ബോര്‍ഡ് ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് കലക്ടര്‍ സി എ ലത അറിയിച്ചു. സ്റ്റാഫ് നഴ്‌സും വനിതാ പോലീസും പെണ്‍കുട്ടിക്കൊപ്പം അകമ്പടി പോകും.
ബംഗ്ലാദേശ് അതിര്‍ത്തിയില്‍ എത്തിക്കുന്നതിനുള്ള പെണ്‍കുട്ടിയുടെ മുഴുവന്‍ ചെലവും ആഭ്യന്തര വകുപ്പ് വഹിക്കും. ഒബ്‌സര്‍വേഷന്‍ ഹോമില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ ആരോഗ്യനില പരിശോധിക്കുന്നതിന്റെ ഭാഗമായി ഇന്നലെ കലക്ടറുടെ മുമ്പില്‍ ഹാജരാക്കി. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് കലക്ടര്‍ വിലയിരുത്തി. ലൈംഗിക പീഡനത്തിന് ഇരയാകുകയും ഒടുവില്‍ മതിയായ രേഖകളില്ലാതെ രാജ്യത്തെത്തി എന്ന കുറ്റം ചുമത്തി ആറ് മാസത്തോളം ജില്ലാ ജയിലിലടക്കുകയും ചെയ്ത ശേഷമാണ് 17കാരിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നാട്ടിലേക്ക് അയക്കുന്നത്.
ബംഗ്ലാദേശിലെ സൂത്രാപൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി കഴിഞ്ഞ മെയിലാണ് നാട്ടില്‍ നിന്ന് കാണാതാകുന്നത്. കൊല്‍ക്കത്തിയിലെത്തിച്ചേര്‍ന്ന പെണ്‍കുട്ടി പെണ്‍വാണിഭ സംഘത്തിന്റെ വലയില്‍പ്പെട്ട് ആദ്യം ബെംഗളുരുവിലും പിന്നെ കോഴിക്കോട്ടെ കുന്ദമംഗലത്തുമെത്തുകയായിരുന്നു. ബെംഗളുരുവിലേക്കുള്ള യാത്രാമധ്യേ താമരശ്ശേരി ബസ്സ്റ്റാന്റിന് സമീപത്തെ ഹോട്ടലില്‍ കയറിയ പെണ്‍കുട്ടിയെ അവിടെ നിന്ന് പിടികൂടി പോലീസ് കോടതിയില്‍ ഹാജരാക്കുകയായിരുന്നു.
വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയെങ്കിലും പതിനാറ് വയസ്സ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ കുറിച്ച് മതിയായ അന്വേഷണം നടത്താതെ പ്രായപൂര്‍ത്തിയായവളെന്നും പാസ്‌പോര്‍ട്ട് നിയമം ലംഘിച്ചുവെന്നും കാണിച്ച് കേസ് രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞ മെയ് 12 മുതല്‍ ജില്ലാ ജയിലിലടക്കുകയായിരുന്നു. പിന്നീട് കോഴിക്കോടുള്ള ഒരു വനിതാ സംഘടനയുടെ ഇടപെടലിനെ തുടര്‍ന്നാണ് പെണ്‍കുട്ടിക്ക് നീതി ലഭിച്ചത്.