Connect with us

Kerala

മാണിയെ കുടുക്കിയ ലളിതകുമാരി, രമേശിന്റെ 'കൊഗ്‌നിസിബിള്‍ ഒഫന്‍സും'

Published

|

Last Updated

തിരുവനന്തപുരം: കെ എം മാണിയെ കുടുക്കിയത് മദ്യ മുതലാളി ബിജുരമേശാണെന്ന് ധരിച്ചവര്‍ക്കെല്ലാം തെറ്റി. യു പിയിലെ അറിയപ്പെടാദേശത്തുള്ള ഒരു ലളിതകുമാരികേസും പൊല്ലാപ്പുമുണ്ടാക്കിയതില്‍ വേദനിക്കുകയാണ് രമേശ് ചെന്നിത്തല. യു പി സര്‍ക്കാറും ലളിതകുമാരിയും തമ്മിലൊരു കേസുണ്ടായിരുന്നു. 2013 നവംബറില്‍ സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ച് ഇതിലൊരു വിധിയും പറഞ്ഞു. അതില്ലായിരുന്നെങ്കില്‍ മാണിക്കെതിരെ കേസെടുക്കേണ്ടി വരുമായിരുന്നില്ല. ഇങ്ങനെയൊരു വിധിയെക്കുറിച്ച് നാട്ടുകാരിലെ അജ്ഞതയാണ് ഇന്ന് നേരിടുന്ന ഏറ്റവും വലിയ ഭരണഘടനാപ്രതിസന്ധിയെന്നും ചെന്നിത്തല തുടക്കത്തിലേ നിരീക്ഷിച്ചു.

കെ എം മാണി കോഴ വാങ്ങിയോ ഇല്ലയോ എന്നൊന്നും ഇതുവരെ വിജിലന്‍സ് നോക്കിയിട്ടില്ല. എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള കാരണവും ഇതൊന്നുമല്ല. “കൊഗ്‌നിസിബിള്‍ ഒഫന്‍സ്” ഉണ്ടോയെന്നാണ് വിജിലന്‍സ് പരിശോധിച്ചതും പരിശോധിക്കുന്നതും. അത് തന്നെ കോടതി പറഞ്ഞതിനാലും. മാണിയുടെ രാജിക്കായി മുറവിളി കൂട്ടിയ പ്രതിപക്ഷം രമേശ് ചെന്നിത്തലയുടെ വിശദീകരണം കേട്ട് തരിച്ചുനിന്നു. ചിലര്‍ കുറ്റാന്വേഷണ ഗവേഷണത്തില്‍ അദ്ദേഹത്തിന് അടിയന്തരമായി ഡോക്ടറേറ്റ് നല്‍കാന്‍ ശിപാര്‍ശ ചെയ്തു. അല്ലെങ്കില്‍ ഏതെങ്കിലും വിദേശ സര്‍വകലാശാല ഓണററി ഡോക്ടറേറ്റ് നല്‍കാനും ഇടയുണ്ട്.
ഉത്തര്‍പ്രദേശിലെ അറിയപ്പെടാത്ത ഏതോ ഗ്രാമവാസിയാണെങ്കിലും സഭാരേഖയില്‍ ഇന്നലെ ഏറ്റവുമധികം രേഖപ്പെടുത്തപ്പെട്ട പേര് ലളിതകുമാരിയുടെതാണ്. ബാറും കോഴയുമല്ല, ലളിതകുമാരിയും കൊഗ്‌നിസിബിള്‍ ഒഫന്‍സും ചേര്‍ത്ത് വെച്ച എന്തോ ഒരു സാധനമാണ് മാണിക്കെതിരെ പ്രയോഗിച്ചതെന്ന് രമേശിന്റെ മറുപടി കേട്ടവര്‍ക്കെല്ലാം ബോധ്യമായി. സുരേഷ്‌കുറുപ്പ് രചനയും കോടിയേരി ബാലകൃഷ്ണന്‍ സംവിധാനവും നിര്‍വഹിച്ച അടിയന്തരപ്രമേയം പരിഗണിച്ചപ്പോഴാണ് രമേശ് ചെന്നിത്തല കുറ്റാന്വേഷണ ചരിത്രത്തിലേക്ക് പുതിയ ഇതളുകള്‍ സമ്മാനിച്ചത്. കോഴയും മദ്യവും ചേര്‍ന്ന ലഹരിയിലേക്കാണ് ഇന്നലെ സഭാതലം ഉണര്‍ന്നത് തന്നെ. മാണിയുടെ രാജി ആവശ്യപ്പെടുന്ന പ്ലക്കാര്‍ഡും ബാനറും ആവശ്യം പോലെ കരുതിയിരുന്ന പ്രതിപക്ഷം ചോദ്യോത്തരവേളയില്‍ തന്നെ പ്രയോഗം തുടങ്ങി. നേതൃസ്ഥാനത്തേക്ക് വി ശിവന്‍കുട്ടിയെത്തിയതോടെ ചോദ്യോത്തര വേള നിര്‍ത്തിവെക്കാന്‍ ഡെപ്യൂട്ടി സ്പീക്കര്‍ക്ക് കൂടുതല്‍ ആലോചിക്കേണ്ടി വന്നില്ല.
ശൂന്യവേളയായതോടെ അടിയന്തിരപ്രമേയ നോട്ടീസിന്റെ ഊഴമായി. എന്ത്‌കൊണ്ട് മാണി രാജിവെക്കണമെന്ന ആവശ്യം കാര്യകാരണ സഹിതം ബോധ്യപ്പെടുത്തി. ധനമന്ത്രിക്കെതിരെ കൈക്കൂലി ചോദിച്ചു, കൊടുത്തു, വാങ്ങി എന്ന കേസിന്മേല്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുന്ന അസാധാരണ സ്ഥിതിവിശേഷമാണ് സുരേഷ്‌കുറുപ്പ് അവതരിപ്പിച്ചത്. ഇനി കുറ്റത്തെക്കുറിച്ച് അന്വേഷിക്കുമ്പോള്‍ മന്ത്രിക്ക് തുടരാമോ എന്നതാണ് ചോദ്യം. അറസ്റ്റും തൊണ്ടിമുതല്‍ പിടിച്ചെടുക്കലും നടക്കാനുണ്ട്.
രാഹുല്‍ നായരെയും ടി ഒ സൂരജിനെയും സസ്‌പെന്‍ഡ് ചെയ്ത അതേമാനദണ്ഡം മാണിക്കും ബാധകമല്ലേയെന്ന എളിയചോദ്യവും സുരേഷ്‌കുറുപ്പ് എടുത്തെറിഞ്ഞു. രാജയും കനിമൊഴിയും ജയലളിതയും ജയിലില്‍ കിടന്നതും എ കെ ആന്റണി മുതല്‍ പി ടി ചാക്കോവരെയുള്ളവര്‍ കാണിച്ച മാതൃകയും മാണിയെ ഓര്‍മിപ്പിച്ചു.
വിജിലന്‍സ് ഡയറക്ടര്‍ക്ക് സ്വതന്ത്രമായി തീരുമാനിക്കാമെന്ന് കോടതി പറഞ്ഞിരിക്കെ അന്വേഷണ വിവരങ്ങള്‍ രമേശിന് കിട്ടിയത് ഉത്തരവ് ലംഘിച്ചതിന്റെ ഉദാഹരണമായി കോടിയേരി ചൂണ്ടിക്കാട്ടി. കോടിയേരി പുകമറയുണ്ടാക്കാന്‍ ശ്രമിക്കേണ്ടെന്നും പ്രതിപക്ഷം ആടിനെ പട്ടിയാക്കരുതെന്നുമായിരുന്നു രമേശിന്റെ പ്രതികരണം. വാദപ്രതിവാദങ്ങളെല്ലാം കഴിഞ്ഞതോടെ വിഷയത്തില്‍ അടിയന്തരപ്രാധാന്യമില്ലെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ക്ക് ബോധ്യപ്പെട്ടു. ഉദ്യോഗസ്ഥരെ കൈവിലങ്ങ് വെക്കുന്നവര്‍ മാണിയെ രക്ഷിക്കാന്‍ ശ്രമിച്ചാല്‍ നടക്കില്ലെന്നായിരുന്നു വി എസ് അച്യുതാനന്ദന്റെ നിലപാട്. പതിവായി ഇറങ്ങിപ്പോക്ക് പ്രഖ്യാപിക്കാറുള്ള വി എസ് ഇന്നലെ കുത്തിയിരിപ്പാണ് പ്രഖ്യാപിച്ചത്. ആ കുത്തിയിരിപ്പാകട്ടെ നടപടികള്‍ പൂര്‍ത്തീകരിക്കാതെ സഭ പിരിയുന്നതില്‍ അവസാനിച്ചു.

---- facebook comment plugin here -----

Latest