കേന്ദ്ര ഫണ്ടില്‍ നിന്നും ലക്ഷങ്ങള്‍ തട്ടാന്‍ വ്യാജ കോഴ്‌സ്; രണ്ട് പേര്‍ക്കെതിരെ കേസ്

Posted on: December 13, 2014 2:29 am | Last updated: December 12, 2014 at 11:30 pm

കാഞ്ഞങ്ങാട്: കേന്ദ്രഫണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുക്കുകയന്ന ലക്ഷ്യത്തോടെ കാഞ്ഞങ്ങാട് നീലേശ്വരം കേന്ദ്രീകരിച്ച് കോളജ് വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള വ്യാജ കോഴ്‌സുകള്‍ നടത്തിയ പുല്ലൂര്‍ സ്വദേശി ഉള്‍പ്പെടെ രണ്ട് പേര്‍ക്കെതിരെ കോടതി നിര്‍ദ്ദേശപ്രകാരം ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.
കാഞ്ഞങ്ങാട് സ്‌കോളര്‍ കോളജ് ഉടമയായ ടി വി വിജയന്റെ പരാതിയില്‍ കണ്ണൂര്‍ കക്കാട് സ്വദേശിയായ രാജന്‍ മാത്യു (56), പുല്ലൂരിലെ ജിതേഷ് (40) എന്നിവര്‍ക്കെതിരെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന് ) കോടതി നിര്‍ദേശപ്രകാരം കേസെടുത്തത്. 2013ല്‍ രാജന്‍ മാത്യുവും ജിതേഷും വിജയന്‍ മാസ്റ്ററെ സമീപിച്ച് കേന്ദ്ര വിദ്യാഭ്യാസ പദ്ധതി പ്രകാരം കോളജ് വിദ്യാര്‍ഥികള്‍ക്കായി രണ്ട് മാസക്കാലത്തെ കോഴ്‌സുകള്‍ നടത്തുന്നുണ്ടെന്നും കാഞ്ഞങ്ങാട്ടും നീലേശ്വരത്തും കോഴ്‌സുകള്‍ നടത്താന്‍ ഉദേശിക്കുന്നുവെന്നും അറിയിച്ചു. കിഡ്‌സ് എന്ന സ്ഥാപനം മുഖാന്തിരമാണ് പദ്ധതി നടപ്പാക്കുന്നതെന്നും കാഞ്ഞങ്ങാട്ടെ കോഴ്‌സ് നീലേശ്വരം സ്‌കോളര്‍ കോളജില്‍ നടത്താന്‍ സൗകര്യം ചെയ്ത് തരണമെന്നും കോഴ്‌സില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സ്റ്റൈപ്പന്റും സര്‍ട്ടിഫിക്കറ്റുകളും നല്‍കുമെന്നും ഇവര്‍ വ്യക്തമാക്കിയതിനെ തുടര്‍ന്ന് ഈ കോളജില്‍ രണ്ട് മാസക്കാലം കോഴ്‌സ് നടത്തുകയും ചെയ്തു. 180ഓളം വിദ്യാര്‍ഥികളാണ് കോഴ്‌സില്‍ പങ്കെടുത്തത്. എന്നാല്‍ കോഴ്‌സ് അവസാനിച്ചതിന് ശേഷം കുറച്ച് വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് സ്റ്റൈപ്പന്റും സര്‍ട്ടിഫിക്കറ്റുകളും ലഭിച്ചത്. മാസങ്ങള്‍ കഴിഞ്ഞിട്ടും ഇതു സംബന്ധിച്ച് യാാെരു നടപടികളും ഉണ്ടാകാതിരുന്നതിനെ തുടര്‍ന്ന് വിജയന്‍ മാസ്റ്റര്‍ രാജന്‍ മാത്യുവുമായും ജിതേഷുമായും ബന്ധപ്പെട്ടുവെങ്കിലും ചില തിരക്കുകള്‍ ഉള്ളതിനാല്‍ മറ്റൊരു ദിവസം പ്രത്യേക ചടങ്ങ് സംഘടിപ്പിച്ച് സ്റ്റൈപ്പന്റും സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്നും 1500 രൂപ സ്റ്റൈപ്പന്റ് ലഭ്യമാക്കുമെന്നും വാഗ്ദാനം ചെയതു. ഇതിനിടയില്‍ കാഞ്ഞങ്ങാട്ടെ കോഴ്‌സില്‍ പങ്കെടുത്തിരുന്ന വിദ്യാര്‍ഥികളെ രാജന്‍ മാത്യുവും ജിതേഷും വിജയന്‍ മാസ്റ്റര്‍ അറിയാതെ രഹസ്യമായി ബന്ധപ്പെടുകയും തലശ്ശേരിയില്‍ ഒരു കോഴ്‌സ് കൂടി നടത്തുന്നുണ്ടെന്നും അതില്‍ പങ്കെടുത്ത ശേഷം എല്ലാവര്‍ക്കും സ്റ്റൈപ്പന്റും സര്‍ട്ടിഫിക്കറ്റുകളും നല്‍കുമെന്നും അറിയിച്ചു. ഇക്കാര്യം വിദ്യാര്‍ഥികള്‍ പുറത്തുവിട്ടതോടെയാണ് കോഴ്‌സുകള്‍ തട്ടിപ്പാണെന്ന് തെളിഞ്ഞത്. തുടര്‍ന്ന് വിജയന്‍ മാസ്റ്റര്‍ രാജന്‍ മാത്യുവിനും ജിതേഷിനുമെതിരെ ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹരജി നല്‍കുകയായിരുന്നു. ഹരജി സ്വീകരിച്ച കോടതി കഴിഞ്ഞ ദിവസമാണ് കേസെടുക്കാന്‍ പോലീസില്‍ നിര്‍ദേശം നല്‍കിയത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പോലീസ് കേസില്‍ അന്വേഷണം നടത്തുന്നത്. തട്ടിപ്പുപുറത്തായതോടെ രാജന്‍ മാത്യുവും ജിതേഷും മുങ്ങിയിരിക്കുകയാണ്.