Connect with us

Kerala

കടല്‍ മാര്‍ഗം സ്പിരിറ്റ് കടത്തുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

Published

|

Last Updated

പത്തനംതിട്ട: തമിഴ് നാട്ടില്‍ നിന്ന് കടല്‍ മാര്‍ഗം കേരളത്തിലേക്ക് സ്പിരിറ്റ് കടത്ത് ശക്തമായതായി ഇന്റലിജന്‍സ് മുന്നറിയിപ്പ്. തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്ന് തൂത്തുക്കുടി തുറമുഖം വഴിയാണ് കേരളത്തിലേക്ക് സ്പിരിറ്റ് കടത്തുന്നത്.
അന്തര്‍ സംസ്ഥാന സംഘമാണ് ഇതിന്റെ പിന്നിലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മത്സ്യ ബന്ധന ബോട്ടുകളില്‍ എത്തിക്കുന്ന സ്പിരിറ്റ് ചെറു വള്ളങ്ങളിലാണ് കരയില്‍ എത്തിക്കുന്നത്. കോസ്റ്റ് ഗാര്‍ഡിന്റെ നിരീക്ഷണം ഇല്ലാത്ത മേഖലകള്‍ നോക്കിയാണ് ബോട്ടുകള്‍ അടുപ്പിക്കുന്നത്. റോഡ് മാര്‍ഗം സ്പിരിറ്റ് കടത്തുന്നത് പ്രയാസമായതോടെയാണ് ഇപ്പോള്‍ ജലമാര്‍ഗം ഉപയോഗിക്കാന്‍ തുടങ്ങിയിരിക്കുന്നത്. ഹാര്‍ബറുകളിലും തീരദേശങ്ങളിലും പരിശോധനകള്‍ ഇല്ലാത്തതാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
കേരളത്തിലെ നാല് പ്രധാന ചെക്‌പോസ്റ്റുകളില്‍ക്കൂടിയാണ് നേരത്തെ സ്പിരിറ്റ് ജില്ലകളില്‍ എത്തിച്ചിരുന്നത്. എന്നാല്‍ ഇവിടങ്ങളില്‍ പരിശോധന കര്‍ശനമാക്കിയതോടെയാണ് സംഘം കടല്‍ മാര്‍ഗം തേടിയിരിക്കുന്നത്. ചെക് പോസ്റ്റ് വഴി കടന്ന് പോകുന്ന കണ്ടെയ്‌നര്‍, ടാങ്കര്‍, സിമിന്റ് ലോറി എന്നിവ കേന്ദ്രീകരിച്ച് എക്‌സൈസിന്റെ പ്രത്യേക ഷാഡോ സ്‌ക്വാഡ് അന്വേഷണം നടത്തി സ്പിരിറ്റ് കടത്തുന്ന സംഘങ്ങളുടെ വാഹനങ്ങള്‍ കെണ്ടത്തിയതോടെയാണ് റോഡ് മാര്‍ഗം കടത്തുന്നത് സുരക്ഷിതമല്ലാതായി. കോട്ടയം, ആലപ്പുഴ, തൃശൂര്‍, കോഴിക്കോട്, മംഗലാപുരം എന്നിവിടങ്ങളില്‍ നിന്നാണ് ഇപ്പോള്‍ കേരളത്തിലെ മറ്റ് ജില്ലകളിലേക്ക് സ്പിരിറ്റ് എത്തിക്കുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
സംസ്ഥാനത്തിനുള്ളില്‍ പ്രധാനമായും കായല്‍, കടല്‍ മാര്‍ഗം ഉപയോഗിച്ച് സ്പിരിറ്റ് കടത്തുന്നത് കോട്ടയം, ആലപ്പുഴ, കൊല്ലം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ക്കൂടിയാണ്. ഇവിടങ്ങളില്‍ കോസ്റ്റ് ഗാര്‍ഡിന്റെ നിരീക്ഷണം ഇല്ലാത്തത് മൂലം കടത്തിന് സുരക്ഷിതമേഖലയായിട്ടാണ് കരുതുന്നത്. ഇവിടങ്ങളില്‍ നിന്ന് ഹൈവേ മാര്‍ഗം മറ്റ് ജില്ലകളിലേക്ക് വാഹനങ്ങളില്‍ എത്തിക്കുകയാണ് പതിവ്.
സംസ്ഥാനത്ത് പോലീസ് നിരീക്ഷണം ശക്തമായിട്ടുള്ള ജില്ലകളായ കൊല്ലം, എറണാകുളം , കോട്ടയം എന്നിവിടങ്ങളില്‍ വാഹനങ്ങള്‍ ഉപയോഗിക്കാതെയാണ് സ്പിരിറ്റ് കടത്ത് നടത്തുന്നത്. ഇത് ഏതു രീതിയിലാണെന്ന് അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
അതിര്‍ത്തികളില്‍ മാത്രം പരിശോധനങ്ങള്‍ ഒതുങ്ങുന്നത് സ്പിരിറ്റ് കടത്ത് സംസ്ഥാനത്ത് വ്യാപകമാകാന്‍ കാരണമായതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. ബെംഗളൂരു , ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ഉത്പന്നത്തിനാണ് കേരളത്തില്‍ ഡിമാന്‍ഡ് ഏറെയുള്ളത്. ഇവിടങ്ങളില്‍ നിന്നാണ് തമിഴ്‌നാട്ടിലെ ഹാര്‍ബറുകള്‍ വഴി കേരളത്തിലേക്ക് സ്പിരിറ്റ് എത്തുന്നത്.