Connect with us

National

കര്‍ണാടക നിയമസഭയില്‍ മൊബൈല്‍ ഫോണ്‍ നിരോധിച്ചു

Published

|

Last Updated

ബെംഗളൂരു: കര്‍ണാടക നിയമസഭയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം നിരോധിച്ചു. കഴിഞ്ഞ ദിവസം നിയമസഭയില്‍ ബി ജെ പി അംഗം പ്രിയങ്കാ ഗാന്ധിയുടെ ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ സൂം ചെയ്ത് കണ്ടത് വിവാദമായിരുന്നു. ഇതിനെതുടര്‍ന്നാണ് സഭയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം നിരോധിക്കാന്‍ സ്പീക്കര്‍ തീരുമാനമെടുത്തത്. സ്പീക്കര്‍ കങ്കണ്ടു തിംമ്പ ബി ജെ പി നിയമസഭാംഗം പ്രഭു ചവാനെ സസ്‌പെന്‍ഡ് ചെയ്തു. ടി വി ചാനല്‍ ഒളിക്യാമറാ ഓപറേഷനിലൂടെ പിടിച്ചെടുത്ത ദൃശ്യം സംപ്രേക്ഷണം ചെയ്തതോടെയാണ് ബി ജെ പി അംഗത്തിന്റെ നടപടി പുറം ലോകം അറിഞ്ഞത്. മറ്റൊരു എം എല്‍ എ വീഡിയോ ഗെയിമില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു. സഭയില്‍ കരിമ്പ് കൃഷിക്കാരുടെ പ്രശ്‌നങ്ങള്‍ ഗൗരവപൂര്‍വം ചര്‍ച്ച ചെയ്തു കൊണ്ടിരിക്കെയായിരുന്നു ബി ജെ പി അംഗങ്ങളുടെ വിനോദം. അതിനിടെ കോണ്‍ഗ്രസ് അംഗങ്ങളായ ഭവന മന്ത്രി എം എച്ച് അംബരീഷ്, എസ് എസ് മല്ലികാര്‍ജുന എന്നിവര്‍ സഭയില്‍ ഫോണ്‍ ഉപയോഗിച്ചുവെന്ന ആരോപണവുമായി ബി ജെ പി പ്രത്യാക്രമണം നടത്തി. നിയമസഭയില്‍ ഫോണ്‍ ഉപയോഗിച്ച കോണ്‍ഗ്രസ് സഭാംഗങ്ങളെ സസ്പന്‍ഡ് ചെയ്യണമെന്ന് ബി ജെ പി ആവശ്യപ്പെട്ടു.
അതിനിടെ, സഭയില്‍ അംഗങ്ങളുടെ പെരുമാറ്റവും ധാര്‍മികതയും പരിശോധിക്കുന്നതിനും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനുമായി പുതിയ കമ്മിറ്റി രൂപവത്കരിച്ചതായി സ്പീക്കര്‍ അറിയിച്ചു.
പത്ത് ദിവസമാണ് നിയമസഭയുടെ ശീതകാല സമ്മേളനം.

Latest