കഫക്കെട്ടും പനിയും പകരാന്‍ ഇടയാക്കുന്നത് ശുചിത്വക്കുറവെന്ന്

Posted on: December 12, 2014 5:35 pm | Last updated: December 12, 2014 at 5:35 pm

coughദുബൈ: താമസ സ്ഥലങ്ങളിലെ ശുചിത്വക്കുറവാണ് പകര്‍ച്ചവ്യാധികളായ പനിക്കും കഫക്കെട്ടിനും ഇടയാക്കുന്നതെന്ന് സര്‍വേ. ജലദോഷം, തൊണ്ട വേദന, ചുമ എന്നിവക്കും മതിയായ ശുചിത്വമില്ലാത്ത ജീവിത രീതി തുടരുന്നത് ഇടയാക്കുന്നുണ്ടെന്ന് മിഷന്‍ ഹെല്‍തിന്റെ ആഭിമുഖ്യത്തില്‍ പ്രമുഖ ശുചീകരണ ഉല്‍പന്നമായ ഡെറ്റോള്‍ നടത്തിയ സര്‍വേ വ്യക്തമാക്കുന്നു. ഇത്തരം അസുഖങ്ങള്‍ക്ക് ഇടയാക്കുന്ന രോഗാണുക്കള്‍ വൃത്തിരഹിതമായ ഗൃഹങ്ങളിലും മറ്റും സ്ഥിരമായി നിലനില്‍ക്കും. രാജ്യത്തെ വീടുകള്‍ കേന്ദ്രീകരിച്ചാണ് ഡെറ്റോള്‍ സര്‍വേ നടത്തിയത്. യു എ ഇയിലെ 85 ശതമാനം താമസക്കാരെയും ഇത്തരം പകര്‍ച്ചവ്യാധികള്‍ ബാധിക്കുന്നുണ്ട്. സര്‍വേയില്‍ പങ്കെടുത്തവരില്‍ ബഹുഭൂരിപക്ഷവും വിശ്വസിക്കുന്നത് ടോയ്‌ലറ്റിലെ ഫഌഷ് ഹാന്റില്‍ അമര്‍ത്തിയാല്‍ ബഹുഭൂരിപക്ഷം രോഗാണുക്കളും പമ്പകടക്കുമെന്നാണ്. വീടിന്റെ മറ്റിടങ്ങളായ കിച്ചണ്‍ സിങ്കുകള്‍ ഉല്‍പെടെയുള്ളിടങ്ങളിലും രോഗാണുക്കള്‍ ഉണ്ടെന്നതിനെക്കുറിച്ച് താമസക്കാരെ കൂടുതലായി ബോധവത്കരിക്കേണ്ടിയിരിക്കുന്നു. ടോയ്‌ലറ്റുകളില്‍ ഉള്ളതിലുമധികം രോഗാണുക്കള്‍ വീടിന്റെ മറ്റിടങ്ങളില്‍ ഉണ്ടെന്നത് ഇവരെ ബോധ്യപ്പെടുത്തണം.
ശുചിത്വ രംഗത്ത് പ്രവര്‍ത്തിക്കുന്ന അറബ് ഹൈജിന്‍ കൗണ്‍സിലും സര്‍വേയുമായി സഹകരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ യോഗത്തില്‍ യു എ ഇക്ക് പുറമെ സഊദി അറേബ്യയില്‍ നിന്നുള്ള ശുചിത്വരംഗത്തെ വിദഗ്ധരും പങ്കെടുത്തു. വീടുകളിലെയും വിദ്യാലയങ്ങളിലെയുമെല്ലാം ശുചിത്വ നിലവാരം ഉയര്‍ത്താന്‍ ശക്തമായ ബോധവത്കരണം ആവശ്യമാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. വീടുകള്‍ക്കൊപ്പം തൊഴിലിടങ്ങളും രോഗാണുക്കളുടെ കേന്ദ്രങ്ങളാണെന്ന് ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒക്യൂപേഷനല്‍ ഹെല്‍ത് ആന്‍ഡ് സെഫ്റ്റി ഹെഡ് ഡോ. ഒല മിറ അഭിപ്രായപ്പെട്ടു. വിവിധ ജീവിത സാഹചര്യങ്ങളില്‍ നിന്നു വരുന്നവര്‍ ഒന്നിച്ച് താമസിക്കുന്നതാണ് രോഗാണുക്കളുടെ സാന്നിധ്യം ഇത്തരം കേന്ദ്രങ്ങളില്‍ വര്‍ധിക്കാന്‍ ഇടയാക്കുന്നതെന്നും അവര്‍ പറഞ്ഞു.