Connect with us

Gulf

ശൈത്യം കനത്തു; പുലര്‍ച്ചെ പുകമഞ്ഞും

Published

|

Last Updated

ഷാര്‍ജ: രാജ്യത്ത് ശൈത്യം കനത്തു തുടങ്ങി. ഡിസംബര്‍ പിറന്നതോടെയാണ് തണുപ്പിനു തുടക്കമായത്. കഴിഞ്ഞ ദിവസങ്ങളില്‍ നല്ല തണുപ്പാണ് അനുഭവപ്പെട്ടത്. വരും ദിനങ്ങളില്‍ ശക്തി കൂടുമെന്നാണ് സൂചന. പുലര്‍ച്ചെ കനത്ത പുകമഞ്ഞ് അനുഭവപ്പെടുന്നു.
രാത്രിയും പുലര്‍ച്ചെയുമാണ് ഏറെ തണുപ്പ്. കനത്ത തണുപ്പില്‍ ജനം വിറക്കുകയാണ്. തണുപ്പേല്‍ക്കാത്ത വസ്ത്രം ധരിച്ചാണ് പലരും ജോലിക്കെത്തുന്നത്. പുലരാന്‍ നേരത്തെ തണുപ്പാണ് അസഹനീയം. ഈ സമയത്ത് ജോലിക്ക് പോകുന്നവരെ തണുപ്പ് ശരിക്കും ബാധിക്കുന്നു. തണുപ്പേല്‍ക്കാത്ത വസ്ത്രം ധരിക്കാതെ പുറത്തിറങ്ങാന്‍ പറ്റാത്തസ്ഥിതിയിലാണ്. അസഹനീയമാണെങ്കിലും നിര്‍മാണത്തൊഴിലാളികള്‍ക്കും മറ്റും തണുപ്പ് ഗുണകരമായിട്ടുണ്ട്.
കടുത്ത ചൂടിനേക്കാള്‍ ഭേദം തണുപ്പാണെന്ന് തൊഴിലാളികള്‍ സമ്മതിക്കുന്നു.
ഭക്ഷണശാല ജീവനക്കാര്‍ക്കും ഡെലിവെറി ബോയ്മാര്‍ക്കും തണുപ്പ് ആശ്വാസമായി. കടുത്ത ചൂടില്‍ ഭക്ഷണശാല ജീവനക്കാരുടെ പ്രത്യേകിച്ച് അടുക്കള ജീവനക്കാരുടെ സ്ഥിതി ദയനീയമായിരുന്നു. അകത്തെയും പുറത്തെയും ചൂട് അവരെ തീര്‍ത്തും കഷ്ടത്തിലാക്കിയിരുന്നു. ഡെലിവെറി ബോയ്കളും കനത്ത ചൂടിലാണ് ജോലി ചെയ്തിരുന്നത്. അതു കൊണ്ടുതന്നെ തണുപ്പ് അവര്‍ക്കും അനുഗ്രഹമായി.
ശൈത്യത്തില്‍ നിന്ന് മോചനം നേടാന്‍ സ്വദേശികളടക്കമുള്ളവര്‍ മരുഭൂമിയില്‍ കൂടാരങ്ങളൊരുക്കി തീ കൂട്ടി തണുപ്പകറ്റാനുള്ള തയ്യാറെടുപ്പുകളും ആരംഭിച്ചിട്ടുണ്ട്. വിറകുകള്‍ സുലഭമായി പലയിടത്തും എത്തിക്കഴിഞ്ഞു. കടകളിലാണ് വിറക് വില്‍പന. വിറക് വില്‍പനക്കു മാത്രമായി കടകള്‍ തുറന്നവരുമുണ്ട്. രാജ്യത്തിന്റെ കിഴക്കന്‍ ഭാഗങ്ങളിലൂടെ സഞ്ചരിക്കുന്നവര്‍ക്ക് പാതയോരങ്ങളിലെ മരുഭൂവില്‍ തണുപ്പില്‍ നിന്നു രക്ഷനേടാനൊരുക്കിയ കൂടാരങ്ങള്‍ കാണാം.
കുടുംബ സമേതമാണ് ആളുകള്‍ കൂടാരങ്ങളിലെത്തുന്നത്. ഭക്ഷണവും അവിടെ നിന്നു തയ്യാറാക്കുന്നു. കൗതുകം പകരുന്ന കാഴ്ചയാണിത്. ഒറ്റനോട്ടത്തില്‍ നമ്മുടെ നാട്ടിലെ നാടോടികളുടെ കൂടാരങ്ങളാണെന്ന് തോന്നിപ്പിക്കും. മലയാളികളും കൂടാരങ്ങളൊരുക്കാറുണ്ട്.
തണുപ്പ് കനക്കുന്നതോടെ എയര്‍കണ്ടീഷണറുകള്‍ക്കു വിശ്രമമാകും. ചൂട് വേളകളില്‍ വിശ്രമമില്ലാതെ പ്രവര്‍ത്തിച്ച എ സികള്‍ക്ക് തണുപ്പുകാലം വിശ്രമകാലം കൂടിയാണ്. എ സികളുടെ ഉപയോഗം കുറയുന്നത് വൈദ്യുതി നിരക്കിലും കുറവ് വരുത്തും. ഇതു ജനങ്ങള്‍ക്കു ആശ്വാസം പകരും. ഭീമമായ വൈദ്യുതി നിരക്കാണ് പലര്‍ക്കും മാസംപ്രതി ലഭിക്കുന്നത്. ബില്ല് കണ്ട് ഞെട്ടിയവര്‍ ഏറെയാണ്.
അതേ സമയം തണുപ്പ്, കുടിവെള്ള വിതരണക്കമ്പനി ഉടമകളെയും ശീതളപാനീയ കമ്പനി ഉടമകളെയും പ്രതികൂലമായി ബാധിക്കും.
ചൂടുകാലത്ത് വന്‍തോതിലാണ് കുടിവെള്ളം വിറ്റഴിച്ചതെങ്കില്‍ തണുപ്പ് വന്നതോടെ വില്‍പന നന്നേകുറഞ്ഞു. അതുകൊണ്ടുതന്നെ കുടിവെള്ള ബോട്ടലുകള്‍ക്കും മറ്റും വന്‍ ഓഫറുകള്‍ നിലവില്‍ വന്നിട്ടുണ്ട്.