വിപണന മേളയില്‍ കുടുംബശ്രീയുടെ പേരില്‍ അമ്യൂസ്‌മെന്റ് പാര്‍ക്ക്

Posted on: December 12, 2014 10:24 am | Last updated: December 12, 2014 at 10:24 am

താമരശ്ശേരി: കുടുംബശ്രീയുടെ പേരില്‍ സ്വകാര്യ വ്യക്തിയുടെ അമ്യൂസ്‌മെന്റ് പാര്‍ക്ക്. താമരശ്ശേരി ചുങ്കത്താണ് താമരശ്ശേരി ഗ്രാമപഞ്ചായത്ത് വിപണനമേള എന്ന പേരില്‍ നവംബര്‍ 30 മുതല്‍ താത്കാലിക അമ്യൂസ്‌മെന്റ് പാര്‍ക്ക് ആരംഭിച്ചത്. സ്വകാര്യ കച്ചവടത്തിന് വിനോദ നികുതിയില്‍ ഇളവ് നേടാന്‍ അധികൃതരുടെ ഒത്താശയോടെയാണ് കുടുംബശ്രീയുടെ പേര് ദുരുപയോഗം ചെയ്യുന്നത്.
മലബാര്‍ എന്റര്‍ ടെയ്‌മെന്റ് എന്ന കമ്പനിക്കാണ് അമ്യൂസ് മെന്റ് പാര്‍ക്കിന് ഗ്രാമപഞ്ചായത്ത് അനുമതി നല്‍കിയതെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാല്‍ ദേശീയപാതയോരത്ത് താമരശ്ശേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ വിപണന മേള, അമ്യൂസ്‌മെന്റ് പാര്‍ക്ക് എന്ന പേരിലാണ് കവാടം സ്ഥാപിച്ചത്. പാര്‍ക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചതാകട്ടെ ജനപ്രതിനിധികളും. പരിപാടിയുമായി കുടുംബശ്രീക്ക് ബന്ധമില്ലെന്നും കുടുംബശ്രീക്ക് ഏതാനും സ്റ്റാളുകള്‍ വാഗ്ദാനം ചെയ്യുകയായിരുന്നുവെന്നും സി ഡി എസ് ചെയര്‍ പേഴ്‌സണ്‍ രത്‌നവല്ലി പറഞ്ഞു. ടിക്കറ്റ് കൗണ്ടറുകളിലേക്ക് 10 കുടുംബശ്രീ അംഗങ്ങളെ ആവശ്യപ്പെട്ടതുപ്രകാരം ആളെ നല്‍കിയിരുന്നു. നാല് സ്റ്റാളുകളില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ വ്യാപാരം നടത്തിയെങ്കിലും അടുത്തദിവസം തന്നെ നിര്‍ത്തിയതായും സി ഡി എസ് ചെയര്‍ പേഴ്‌സണ്‍ പറഞ്ഞു.
മാസങ്ങള്‍ക്കുമുമ്പും താമരശ്ശേരിയില്‍ കുടുംബശ്രീ വിപണന മേള എന്ന പേരില്‍ പരിപാടി നടത്തിയിരുന്നു. അന്നും കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് പരിപാടിയുമായി ബന്ധം ഉണ്ടായിരുന്നില്ല. ചുങ്കത്തെ അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ നിന്നും 15 ദിവസത്തേക്ക് അന്‍പതിനായിരം രൂപ നികുതി ഈടാക്കാനാണ് ഭരണ സമിതിയുടെ തീരുമാനമെന്നും മുപ്പത്തി അയ്യായിരത്തോളം ഇതിനകം ഈടാക്കിയതായും പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു. പഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും പേര് ദുരുപയോഗം ചെയ്തത് സംബന്ധിച്ച് നടപടി സ്വീകരിക്കാത്തതിന് വ്യക്തമായ മറുപടി നല്‍കാന്‍ അധികൃതര്‍ക്ക് കഴിയുന്നില്ല.