സഹപാഠിക്ക് കാരുണ്യ ചിറക് വിരിച്ച് വിദ്യാര്‍ഥികള്‍

Posted on: December 12, 2014 9:46 am | Last updated: December 12, 2014 at 9:46 am

കാളികാവ്: അസുഖം മൂലം ദുരിതം പേറുന്ന വിദ്യാര്‍ഥിയുടെ കുടുംബത്തിന് കാരുണ്യച്ചിറക് വിരിച്ച് സഹപാഠികള്‍. അടക്കാകുണ്ട് ക്രസന്റ് ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികളാണ് തങ്ങളുടെ കൂട്ടുകാരനും എട്ടാം ക്ലാസ് വിദ്യാര്‍ഥിയുമായ അമല്‍ ജോസിന്റെ കുടുംബത്തെ സഹായിക്കാന്‍ രംഗത്തെത്തിയത്. പിതാവ് ജോസഫ് ചാക്കോയുടെ വൃക്കരോഗമാണ് അമലിന്റെ കുടുംബത്തെ തളര്‍ത്തിയത്.
ഇരു വൃക്കകളും തകരാറിലായ ജോസഫിന് ഭാര്യ വൃക്ക നല്‍കി ജീവന്‍ നിലനിര്‍ത്തി. എന്നാല്‍, ശസ്ത്രക്രിയ ഇരുവരും കിടപ്പിലാവുകയും കുടുംബം കടക്കെണിയിലാവുകയും ചെയ്തിരുന്നു. 17 ലക്ഷത്തോളം രൂപയാണ് ചെലവ് വന്നത്. ദുരിതങ്ങള്‍ മറി കടന്ന് വിദ്യാലയത്തിലെത്തുന്ന അമല്‍ ജോസിനെ സഹായിക്കാന്‍ കൂട്ടുകാര്‍ രംഗത്തിറങ്ങുകയായിരുന്നു. 82,865 രൂപയാണ് വിദ്യാര്‍ഥികള്‍ ഇങ്ങനെ കണ്ടെത്തിയത്.
വിദ്യാലയത്തില്‍ നടന്ന ജൂനിയര്‍ റെഡ്‌ക്രോസ് ഉദ്ഘാടന ചടങ്ങില്‍ തുക കൈമാറി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആലിപ്പെറ്റ ജമീലയാണ് തുക കൈമാറിയത്. പ്രധാനധ്യാപകന്‍ ജോഷിപോള്‍, മാനേജര്‍ എ പി ബാപ്പുഹാജി. പ്രിന്‍സിപ്പല്‍ കെ അനസ്, ജെ ആര്‍ സി കൗണ്‍സിലര്‍ എം മുഹമ്മദ് ബശീര്‍, വി റഹ്മത്തുല്ല, എ എം ശംസുദ്ദീന്‍, സി ആബിദ്, സി സൈനുദ്ദീന്‍ സി ഫസലുദ്ദീന്‍, എ നാജിയ സംസാരിച്ചു.