Connect with us

Kottayam

മാണിക്കെതിരെ കേസ്: കേരള കോണ്‍ഗ്രസില്‍ രാഷ്ട്രീയ ധ്രുവീകരണത്തിന് സാധ്യത

Published

|

Last Updated

കോട്ടയം: ബാര്‍ കോഴ ആരോപണ വിവാദത്തില്‍ കേരള കോണ്‍ഗ്രസ് ചെയര്‍മാനും ധനമന്ത്രിയുമായ കെ എം മാണിക്കെതിരെ കേസെടുത്ത വിജിലന്‍സ് നടപടി കേരള കോണ്‍ഗ്രസില്‍ പുതിയ രാഷ്ട്രീയ ധ്രുവീകരണങ്ങള്‍ക്ക് വഴിവെച്ചേക്കുമെന്ന് സൂചന. പാര്‍ട്ടിയില്‍ നേതൃമാറ്റം അടക്കമുള്ള വിഷയങ്ങള്‍ ഉന്നയിച്ച് കെ എം മാണിയെ കൂടുതല്‍ പ്രതിരോധത്തിലാക്കാനാണ് കേരള കോണ്‍ഗ്രസില്‍ ഒരുവിഭാഗം ആലോചിക്കുന്നത്. മന്ത്രിസ്ഥാനം രാജിവെക്കില്ലെന്ന മാണിയുടെ നിലപാട് കേരള കോണ്‍ഗ്രസിനോട് ജനങ്ങള്‍ക്കിടയില്‍ അവമതിപ്പ് സൃഷ്ടിക്കുമെന്ന് ഇക്കൂട്ടര്‍ വാദിക്കുന്നു.
മാണിക്ക് പിന്‍ഗാമിയായി ജോസ് കെ മാണിയെ പാര്‍ട്ടി ചെയര്‍മാനായി വാഴിക്കാന്‍ നടത്തിയ നീക്കങ്ങളും ബാര്‍ കോഴ വിവാദത്തോടെ അടഞ്ഞ അധ്യായമായി. ബാര്‍ കോഴ ആരോപണം മാണിക്കെതിരെ ഉയര്‍ന്നപ്പോള്‍ പാര്‍ട്ടിക്ക് രക്ഷാകവചം തീര്‍ത്ത് മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന പല നേതാക്കളും കുറച്ചു ദിവസങ്ങളായി ചര്‍ച്ചകളില്‍ നിന്ന് പിന്‍വാങ്ങിയിരിക്കുകയാണ്. ബാര്‍ ഉടമകളില്‍ നിന്ന് കോഴ വാങ്ങിയെന്ന കാര്യത്തില്‍ കെ എം മാണി, കോട്ടയത്ത് ചേര്‍ന്ന കേരള കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മറ്റി യോഗത്തില്‍ വ്യക്തമായ നിലപാട് അറിയിക്കാഞ്ഞത് ഒരുവിഭാഗം നേതാക്കളെ ചൊടിപ്പിച്ചിരിക്കുന്നത്. ഇതിന്റെ പ്രതിഷേധമെന്നോണമാണ് പല നേതാക്കളും മാണിക്ക് വേണ്ടി ഇനിയും ചാവേറാകാന്‍ ഒരുങ്ങേണ്ടെന്ന് തീരുമാനിച്ചതെന്നാണ് വിവരം. കേരള കോണ്‍ഗ്രസ് വൈസ് ചെയര്‍മാനും ഗവ. ചീഫ് വിപ്പുമായ പി സി ജോര്‍ജ് അടക്കമുള്ള നേതാക്കള്‍ തുടരുന്ന മൗനം കേരള കോണ്‍ഗ്രസില്‍ പുതിയ ചേരികള്‍ ശക്തിപ്പെടുന്നതിന്റെ സൂചനയായിട്ടാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ തട്ടകമായ കോട്ടയം ജില്ലയില്‍ കോണ്‍ഗ്രസ് നേതൃത്വവുമായി മാനസികമായി ഏറെ അകന്ന പി സി ജോര്‍ജ് സ്വന്തം നിലയിലാണ് പൂഞ്ഞാര്‍ നിയോജക മണ്ഡലത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഇത്തരം രാഷ്ട്രീയ കാലാവസ്ഥകള്‍ കേരള കോണ്‍ഗ്രസില്‍ പുതിയ കൂട്ടുകെട്ടുകള്‍ക്കും സഖ്യസാധ്യതകള്‍ക്കും വഴിവെച്ചേക്കും. ബാര്‍ കോഴ ആരോപണത്തില്‍ യു ഡി എഫ് ഒന്നടങ്കം മാണിയെ പിന്തുണക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ വിവാദങ്ങള്‍ എല്ലാം സമംഗളം പര്യവസാനിക്കുമെന്ന കണക്കുകൂട്ടലിലായിരുന്നു മാണിയും കൂട്ടരും. എന്നാല്‍ മാണിക്കെതിരെ കേസെടുത്ത് അന്വേഷണവുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാറിന് നിയമോപദേശം ലഭിച്ച സാഹചര്യത്തില്‍ കളങ്കിത വേഷത്തില്‍ യു ഡി എഫ് സര്‍ക്കാറില്‍ തുടരുന്നതിന്റെ അനൗചിത്യവും പാര്‍ട്ടിക്കുള്ളില്‍ നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.
റബര്‍ വിലയിടിവ്, ഇടുക്കിയിലെ പട്ടയപ്രശ്‌നം തുടങ്ങിയ വിഷയങ്ങളില്‍ ചില വഴിപാട് സമരമാര്‍ഗങ്ങള്‍ നടത്തി പാര്‍ട്ടി ജോലി അവസാനിപ്പിച്ചെന്ന പരാതി പാര്‍ട്ടിയിലെ ഒരുവിഭാഗം നേതാക്കള്‍ക്കുണ്ട്. ഇതിനിടെ ബാര്‍ കോഴ ആരോപണത്തോടെ കെ എം മാണിയിലുള്ള വിശ്വാസം അണികള്‍ക്കിടയില്‍ കുറഞ്ഞുവരുന്നുവെന്ന ആശങ്കയും പാര്‍ട്ടി കേന്ദ്രങ്ങള്‍ രഹസ്യമായി സമ്മതിക്കുന്നു. യു ഡി എഫ് ബാന്ധവം ഉപേക്ഷിച്ച് ഇടതുമുന്നണിയുമായി സഖ്യമുണ്ടാക്കാന്‍ കേരള കോണ്‍ഗ്രസ് നടത്തിയ അണിയറ നീക്കങ്ങള്‍ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ കോണ്‍ഗ്രസിലെ ഒരുവിഭാഗം മാണിക്കെതിരെ നടത്തിയ ഗൂഢാലോചനയാണ് ബാര്‍ കോഴ ആരോപണ വിവാദത്തിന് തിരിതെളിച്ചതെന്നാണ് കേരള കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നത്. എന്നാല്‍ ഗൂഢാലോചന സംബന്ധിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്താന്‍ കെ എം മാണി അടക്കമുള്ള നേതാക്കള്‍ തയാറാകാത്തത് പൊതുസമൂഹത്തിനിടെ പാര്‍ട്ടിയെ കൂടുതല്‍ സംശയത്തോടെ വീക്ഷിക്കാന്‍ വഴിവെച്ചെന്ന വിലയിരുത്തലും ബലപ്പെടുത്തുന്നു.
ഇതിനിടെ മാണിക്ക് മന്ത്രിസ്ഥാനം രാജിവെക്കേണ്ട സാഹചര്യമുണ്ടായാല്‍ കേരള കോണ്‍ഗ്രസ് മന്ത്രിമാരെ ഒന്നടങ്കം യു ഡി എഫ് മന്ത്രിസഭയില്‍ നിന്ന് പിന്‍വലിപ്പിച്ച് കോണ്‍ഗ്രസിനെ സമ്മര്‍ദത്തിലാക്കണമെന്ന അഭിപ്രായവും ശക്തമാണ്. എന്നാല്‍ പി ജെ ജോസഫിന്റെ നേതൃത്വത്തിലുള്ള ഒരുവിഭാഗം എം എല്‍ എമാര്‍ ഈ നീക്കത്തെ തുടക്കം മുതല്‍ എതിര്‍ത്തുവരികയാണ്. കോഴ ആരോപണത്തില്‍ മാണിയുടെ നിരപരാധിത്വം ബോധിപ്പിക്കാന്‍ മന്ത്രിസ്ഥാനം രാജിവെക്കാന്‍ താനില്ലെന്ന നിലപാടാണ് ജോസഫിന്റേതെന്ന് അറിയുന്നു. എന്നാല്‍ പി സി ജോര്‍ജ്, എന്‍ ജയരാജ്, റോഷി അഗസ്റ്റിന്‍ എന്നിവര്‍ മാണിയുടെ നിലപാടിന് പിന്തുണ അറിയിച്ചിട്ടുണ്ട്.

---- facebook comment plugin here -----

Latest