ശിഷ്യ തിളങ്ങി, കണ്ണനെ നാടറിഞ്ഞു

Posted on: December 12, 2014 5:42 am | Last updated: December 11, 2014 at 11:43 pm

COACH KANNANതിരുവനന്തപുരം: സബ് ജൂനിയര്‍ ഗേള്‍സില്‍ വ്യക്തിഗത ചാമ്പ്യനായ നാട്ടിക ഫിഷറീസ് എച്ച് എസ് എസിലെ പി ഡി അഞ്ജലിയുള്‍പ്പെടെയുള്ള പുതുപ്രതിഭകളെ കണ്ടെത്തിയ നാട്ടിക സ്‌പോര്‍ട്‌സ് അക്കാദമിയുടെ മുഖ്യസംഘാടകനും പരിശീലകനും ഓട്ടോ ഡ്രൈവറായ കണ്ണനാണ്.
ട്രിപ്പിള്‍ സ്വര്‍ണം നേടിയ പി ഡി അഞ്ജലി കണ്ണന്റെ ശിഷ്യയാണ്. നാട്ടിക ടൗണില്‍ 17 വര്‍ഷമായി ഓട്ടോ ഓടിക്കുന്ന കണ്ണന്‍ 400, 800 മീറ്ററുകളില്‍ കഴിവു തെളിയിച്ച അത്‌ലറ്റ് കൂടിയാണ്. ജില്ലാതലത്തില്‍ സമ്മാനം നേടിയ കണ്ണന് വീട്ടിലെ പ്രാരാബ്ധം മൂലം പത്താംക്ലാസ്സോടെ പഠനം നിര്‍ത്തേണ്ടി വന്നിരുന്നു. തനിക്ക് താണ്ടാനാവാതെ പോയ ദൂരങ്ങളൊക്കെയും കുട്ടികളിലൂടെ സ്വപ്‌നം കാണുകയാണിപ്പോള്‍ കണ്ണന്‍.
ആറു വര്‍ഷമായി സംസ്ഥാന കായികമേളയില്‍ കുട്ടികളുമായി കണ്ണന്‍ എത്തുന്നുണ്ട്. മുമ്പ് നേട്ടങ്ങളുണ്ടായിട്ടുണ്ടെങ്കിലും ഇത്തവണ അഞ്ജലിയുടെ നേട്ടം കണ്ണനെ ശ്രദ്ധേയനാക്കി.