കോഹ്‌ലിയുടെ ഹെല്‍മറ്റിളക്കി ബൗണ്‍സര്‍; പകച്ചത് ആസ്‌ത്രേലിയ

Posted on: December 12, 2014 5:40 am | Last updated: December 11, 2014 at 11:41 pm

virat5അഡ്‌ലെയ്ഡ്: ഒരു ബൗണ്‍സറില്‍ ജീവന്‍ പൊലിഞ്ഞ ഫിലിപ് ഹ്യൂസിന്റെ സ്മരണകള്‍ നിറഞ്ഞു നില്‍ക്കുന്ന അന്തരീക്ഷത്തത്തിലേക്ക് മറ്റൊരു ബൗണ്‍സര്‍ കൂടി. മിച്ചല്‍ ജോണ്‍സനെറിഞ്ഞ ബൗണ്‍സറില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ ഹെല്‍മറ്റ് ശക്തമായൊന്നിളകി. ഉടന്‍ തന്നെ ഹെല്‍മറ്റൂരി കോഹ്‌ലി ക്രീസില്‍ അസ്വസ്ഥനായി നിന്നപ്പോള്‍ ആസ്‌ത്രേലിയക്കാര്‍ പേടിച്ചു. ജോണ്‍സനും താരങ്ങളും ഇന്ത്യന്‍ താരത്തിനടുത്തേക്ക് ഓടിയെത്തി. കോഹ്‌ലി തനിക്ക് കുഴപ്പമൊന്നുമില്ലെന്നറിയിച്ചതിനെ തുടര്‍ന്നാണ് ജോണ്‍സന്‍ അടുത്ത പന്തെറിയാന്‍ മടങ്ങിയത്.
ഹ്യൂസിന്റെ ഓര്‍മകള്‍ തികട്ടി വന്ന നിമിഷത്തില്‍ ജോണ്‍സന്‍ പതറിപ്പോയി. ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക് ജോണ്‍സനെ ആശ്വസിപ്പിക്കുന്നത് കാണാമായിരുന്നു. ബൗണ്‍സറിന്റെ ഷോക്കില്‍ നിന്ന് മുക്തി നേടിയ കോഹ്‌ലി സെഞ്ച്വറി (115)യോടെ ഇന്ത്യന്‍ പോരാട്ടത്തിന് ശക്തിപകര്‍ന്നു. മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ അഞ്ചിന് 369 റണ്‍സ് എന്ന നിലയിലാണ് സന്ദര്‍ശകര്‍. നേരത്തെ ഓസ്‌ട്രേലിയ ഏഴിന് 517ന് എന്ന സ്‌കോറില്‍ ഒന്നാമിന്നിങ്‌സ് ഡിക്ലയര്‍ ചെയ്തിരുന്നു. 158 പന്തില്‍ നിന്നാണ് കോഹ്‌ലി തന്റെ ഏഴാം സെഞ്ച്വറി നേടിയത്. രോഹിത് ശര്‍മ (33), സാഹ (1) ക്രീസില്‍.